പുറത്ത് കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ വമ്പിച്ച വിലക്കുറവിൽ ഉപകരണങ്ങൾ വാങ്ങാമെന്നതാണ് Amazonന്റെ നേട്ടം. എന്നാൽ ഇനിമുതൽ ആമസോൺ നടപ്പാക്കുന്ന പുതിയ നിയമം ഉപയോക്താക്കൾക്ക് അത്ര സന്തോഷകരമല്ല.
അതായത്, ഈ മാസം അവസാനം മുതൽ ആമസോണിലെ ചില സേവനങ്ങൾക്ക് ചെലവ് കൂടുതലാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത്, കമ്പനി തങ്ങളുടെ സൈറ്റിലെ വിൽപ്പനക്കാരിൽ നിന്നും ഈടാക്കുന്ന കമ്മീഷനും ഫീ ചാർജുകളും പരിഷ്കരിച്ചതായി ആമസോൺ വക്താവ് ഇക്കണോമിക് ടൈംസിനോട് വ്യക്തമാക്കി. ഇതിന്റെ ഫലമായി മെയ് 31 മുതൽ Amazonൽ ഉൽപ്പന്നങ്ങളുടെ വില ഉയരും. എന്നാൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വിലയാണ് വർധിക്കുക എന്നതാണ് ലഭിക്കുന്ന വിവരം. കൂടാതെ, മറ്റ് ചില ആവശ്യവസ്തുക്കൾക്കും നിരക്ക് ഉയർന്നേക്കാം.
ആമസോൺ ചില ഉൽപ്പന്നങ്ങളുടെയും കാറ്റഗറിയുടെയുമാണ് നിരക്കുകൾ ഉയർത്തിയിരിക്കുന്നത്. ഈ മാറ്റം ഉപഭോക്താക്കളെ ബാധിക്കുമെന്നും കമ്പനിയുടെ പ്രതിനിധികൾ പറയുന്നു. കൂടാതെ, ആമസോണിലെ ഉൽപ്പന്നങ്ങൾക്ക് വിൽപ്പനക്കാരിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കുന്നതിനാൽ അത് ഉപഭോക്താക്കളും അധിക ചിലവ് വഹിക്കേണ്ടതിലേക്ക് വരും.
ആമസോൺ ചാർജുകളിൽ പരിഷ്‌കരണം കൊണ്ടുവരുന്നത് നിരവധി ഘടകങ്ങൾ മുൻനിർത്തിയാണ്. വിപണിയിലെ ചാഞ്ചാട്ടവും മാറ്റങ്ങളും വിവിധ മാക്രോ ഇക്കണോമിക് ഘടകങ്ങളും എല്ലാം അടിസ്ഥാനമാക്കിയാണ് വിൽപ്പനയ്ക്കുള്ള നിരക്കിൽ പരിഷ്കരണം കൊണ്ടുവരുന്നത്. ആമസോൺ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉൽപ്പന്നങ്ങൾ വിൽക്കുന്നവരിൽ നിന്ന് ഫീസ് ഈടാക്കിയാണ് വരുമാനം കണ്ടെത്തുന്നതും. അതിനാൽ നിരക്കിൽ മാറ്റം കൊണ്ടുവരുന്നത് ഒരുപക്ഷേ ആമസോണിന്റെ സാമ്പത്തിക പ്രതിബന്ധതയിൽ നിന്ന് രക്ഷിക്കും.
ഇതിനെല്ലാം പുറമെ, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി വിവിധ ടെക് കമ്പനികൾ നടപ്പിലാക്കുന്ന പിരിച്ചുവിടൽ Amazonലും നടക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലാണ് ആമസോൺ Layoff നടത്തിയത്.
എന്തായാലും, ആമസോൺ നിരക്ക് വർധിപ്പിക്കുന്നതിലൂടെ ഇ- കൊമേഴ്സിലെ വിൽപ്പനക്കാർ ഇൻവെന്ററി സ്റ്റോറേജ്, ഷിപ്പിംഗ്, റിട്ടേണുകൾ എന്നിവയ്ക്കായി പണം നൽകേണ്ടിവരുമെന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വില വർധനവുണ്ടാകും. കൂടാതെ സൗന്ദര്യ വർധന ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, കണ്ണടകൾ, ഫാർമസ്യൂട്ടിക്കൽസ്, വളർത്തുമൃഗങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം വിഭാഗങ്ങളിൽ ഈ പുതിയ മാറ്റം പ്രതിഫലിക്കുമെന്നാണ് ലഭിക്കുന്ന വിവരം.