പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ Amazon Prime ടൈംസ് ഇന്റർനെറ്റിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം എംഎക്‌സ് പ്ലെയർ ഏറ്റെടുക്കുന്നു. ഇതിൽ അന്തിമ തീരുമാനം വന്നിട്ടില്ലെങ്കിലും, വിപുലമായ ചർച്ചകൾ ആമസോൺ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ചില വൃത്തങ്ങൾ അറിയിച്ചു.
2018ലാണ് 140 മില്യൺ ഡോളറിന് അല്ലെങ്കിൽ 1,000 കോടി രൂപയ്ക്ക് ടൈംസ് ഇൻറർനെറ്റ് MX Playerനെ സ്വന്തമാക്കിയത്. ഇത് ശരിക്കും വലിയൊരു നീക്കമായിരുന്നു. അതേ സമയം, കമ്പനിയുടെ മുൻ ഒടിടി സംരംഭമായ ബോക്സ് ടിവി ഡോട്ട് കോം – നാല് വർഷം പ്രവർത്തിച്ച ശേഷം 2016ൽ അടച്ചുപൂട്ടുകയുണ്ടായി. എന്നാൽ, ഇന്ന് രാജ്യത്തെ ഒരു പ്രമുഖ OTT platform ആയ MX Playerനെ വിൽക്കാൻ കമ്പനി തീരുമാനിച്ചതും, അതിനെ സ്വന്തമാക്കാൻ ആമസോൺ തയ്യാറായതും ടെക് മേഖലയിലെ പ്രധാന വാർത്തയാണ്.
എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെയും ടൈംസ് ഇന്റനെറ്റ് യാതൊരു പ്രതികരണവും നൽകിയിട്ടില്ല. പകരം ആമസോണിന്റെ ഭാഗത്ത് നിന്നുള്ള മറുപടിക്കായും കാത്തിരിക്കുകയാണ് ടെക് ലോകം.
ആമസോണിന് ഇന്ത്യയിൽ 28 ദശലക്ഷം ഉപയോക്താക്കളാണ് നിലവിലുള്ളത്. MX Playerനാകട്ടെ ഏകദേശം 78 ദശലക്ഷം ഉപയോക്താക്കളും. അതിനാൽ തന്നെ ഈ ഡീൽ വിജയകരമാവുകയാണെങ്കിൽ ആമസോൺ ഇന്ത്യയിൽ കൂറ്റനൊരു ശൃംഖലയായി വളരുമെന്നതിൽ യാതൊരു സംശയവുമില്ല. അതായത്, ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിൽ ഏകദേശം നാലിരട്ടിയോളം വർധനവാണ് കമ്പനിക്ക് ഉണ്ടാകുക.