അത്യാകർഷകമായ റീചാർജ് പ്ലാൻ ഓഫറുകളിലൂടെയും, അതിവേഗ ഇന്റർനെറ്റ് സേവനങ്ങളിലൂടെയും രാജ്യത്തെ മികച്ച ടെലികോം ഓപ്പറേറ്ററായി വളർന്നിരിക്കുകയാണ് ഭാരതി എയർടെൽ. എന്നാൽ തങ്ങളിപ്പോൾ വെറുമൊരു ടെലികോം കമ്പനിയായി കരുതുന്നില്ലെന്നും, എയർടെൽ സ്വയം ഒരു സ്ഥാപനമായി വളർന്നുകഴിഞ്ഞുവെന്നും ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ അഭിപ്രായപ്പെടുന്നു.
വരിക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിൽ മറ്റ് ടെലികോം കമ്പനികൾക്കോ, ആമസോൺ പോലുള്ള ഡിജിറ്റൽ കമ്പനികൾക്കോ കഴിയാത്തത് Airtel ഇപ്പോൾ നൽകിവരുന്നു. അതിനാൽ തന്നെ ഇന്ത്യയിലെ ഭീമൻ ടെലികോം കമ്പനികളിലൊന്നായി എയർടെൽ വളർന്നുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇതിന് കാരണമായതാകട്ടെ മെച്ചപ്പെട്ട ഉപഭോക്തൃ കേന്ദ്രീകൃത കമ്പനിയാവാനുള്ള എയർടെലിന്റെ താൽപ്പര്യമായിരുന്നു.
2016ൽ സുനാമി കാലത്തും എയർടെൽ മികച്ച സേവനം നൽകി. എയർടെൽ പേയ്മെന്റ്സ് ബാങ്കിന്റെ സേവനങ്ങൾ ഇതിൽ എടുത്തുപറയേണ്ടതാണ്. 2003ൽ ഭാരതി എയർടെല്ലിന് മറ്റ് ടെലികോം കമ്പനികളിൽ നിന്ന് ശക്തമായ മത്സരം നേരിടേണ്ടി വന്നപ്പോഴും, 2020ൽ AGRനെകുറിച്ചുള്ള സുപ്രീം കോടതി വിധി പ്രഖ്യാപിച്ചപ്പോഴുമെല്ലാം Airtel അതിജീവനം നടത്തി.
2003ലും എയർടെൽ അതിന്റെ തുടക്കസമയത്ത് ഒരുപാട് പ്രയാസപ്പെട്ടു. ഈ സമയത്ത് IBM, Nokia കൂടാതെ എറിക്‌സൺ എന്നിവരുമായി പങ്കാളിത്തമുണ്ടാക്കി കമ്പനി മുന്നേറി. Airtel ടെലികോം മേഖലയ്ക്കുപരിയായി വേറെയും ഒട്ടനവധി സേവനങ്ങൾ നൽകുന്നുണ്ട്. എയർടെൽ പേയ്മെന്റ്സ് ബാങ്കിന് ഇപ്പോൾ 56 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളത്. 2024 സാമ്പത്തിക വർഷത്തിൽ ഇത് ഇനിയും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുനിൽ മിത്തൽ വ്യക്തമാക്കി.