ഇന്ത്യയിൽ ആദ്യമായി 5G എഫ്ഡബ്ലുഎ സേവനം ആരംഭിച്ചിരിക്കുകയാണ് എയർടെൽ. എക്‌സ്ട്രീം എയർഫൈബർ എന്നാണ് ആദ്യത്തെ 5G എഫ്ഡബ്ലുഎ സർവീസിന്റെ പേര്. വീടുകളിൽ ഉൾപ്പെടെ 5G സേവനങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്ന പോർട്ടബിൾ എക്‌സ്‌ട്രീം എയർഫൈബർ 5G റൂട്ടറും എയർടെൽ പുറത്തിറക്കി.
എക്സ്ട്രീം എയർഫൈബർ വീടുകളിൽ 5G സേവനങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്ന പോർട്ടബിൾ 5ജി റൂട്ടർ ആണ്. എന്നാൽ ഇത്തരമൊരു ഡിവൈസ് പുറത്തിറക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് റിലയൻസ് ജിയോയാണ്. ജിയോയുടെ എയർഫൈബർ ഡിവൈസ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഈ മാസം നടക്കുന്ന റിലയൻസ് വാർഷിക ജനറൽ മീറ്റിങ്ങിൽ ജിയോയുടെ എയർഫൈബർ പുറത്തിറങ്ങും എന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷേ, അതിനും മുമ്പേ തങ്ങളുടെ എയർഫൈബർ സേവനം ആരംഭിച്ച് എയർടെൽ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്.
Wi-Fi 6 സാങ്കേതികവിദ്യയെ പിന്തുണയ്‌ക്കുന്ന ഒരു പ്ലഗ്-ആൻഡ്- പ്ലേ ഡിവൈസ് ആണ് എയർടെൽ എക്‌സ്ട്രീം എയർഫൈബർ. മികച്ച ഇൻഡോർ കവറേജ് നൽകുമെന്നും ഒരേ സമയം 64 ഡിവൈസുകളിലായി കണക്ട് ചെയ്യാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു. 5G ഫിക്സഡ് വയർലെസ് ആക്സസ് സേവനം സ്വന്തമാക്കിയിരിക്കുന്ന ആദ്യ ഇന്ത്യൻ ടെലികോം കമ്പനിയാണ് എയർടെൽ.
ഡൽഹിയും മുംബൈയുമാണ് തുടക്കത്തിൽ എയർടെൽ എക്‌സ്ട്രീം എയർഫൈബർ സേവനങ്ങൾ ലഭ്യമാകുന്ന ഇന്ത്യൻ നഗരങ്ങൾ. ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് തങ്ങളുടെ എക്സ്ട്രീം എയർഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കും എന്നാണ് എയർടെൽ പറയുന്നത്. എക്‌സ്ട്രീം എയർഫൈബറിനായുള്ള പ്ലാനുകളും എയർടെൽ പുറത്തിറക്കിയിട്ടുണ്ട്.
100 എംബിപിഎസിന്റെ ഒരു ഹൈ-സ്പീഡ് പ്ലാൻ മാത്രമേ എയർടെൽ അവതരിപ്പിക്കുന്നുള്ളൂ. ഈ 100 Mbps എയർടെൽ എക്‌സ്ട്രീം എയർഫൈബർ പ്ലാൻ പ്രതിമാസം 799 രൂപ നിരക്കിലാണ് എത്തുന്നത്. തുടക്കത്തിൽ ആറു മാസ കാലയളവിലേക്കുള്ള പ്ലാൻ മാത്രമേ ലഭ്യമാകൂ. തുടക്കത്തിൽ ഉപയോക്താക്കൾക്ക് 7.5% ഡിസ്കൗണ്ട് ലഭിക്കും. ഈ പ്ലാനിന് ഏതാണ്ട് 4,435 രൂപ ചെലവാകും. ഉപയോക്താവ് 2500 രൂപ സെക്യൂരിറ്റി അടയ്ക്കണം. പ്രതിമാസ നിരക്കിൽ ഈ പ്ലാൻ തിരഞ്ഞെടുക്കാനുള്ള സൗകര്യം പിന്നീട് മാത്രമേ ലഭ്യമാകൂ. എയർടെലിന്റെ ബ്രോഡ്ബാൻഡ് സേവനമായ എയർടെൽ എക്‌സ്‌ട്രീം ഫൈബറിന്റെയും എയർടെൽ എക്സ്ട്രീം എയർ ഫൈബറിന്റെയും 100 എംബിപിഎസ് പ്ലാനുകളുടെ നിരക്ക് പ്രതിമാസം 799 രൂപതന്നെയാണ്.
എക്‌സ്‌ട്രീം എയർഫൈബർ ഉപയോക്താക്കൾക്ക് ഒരു എഫ്ഡബ്ലുഎ ഡിവൈസ് ലഭിക്കും. ഇത് യാത്രയ്ക്കിടയിലും കൊണ്ടുപോകാനും ഒരുപാട് ഉപകരണങ്ങൾ കണക്ട്ചെയ്യാനും സാധിക്കും. എയർടെൽ എക്‌സ്ട്രീം എയർഫൈബർ സേവനത്തിനായി എഫ്ഡബ്ലുഎ ഡിവൈസ് വാങ്ങുക എന്നതാണ് ആദ്യപടി. തുടർന്ന് ഫോണിൽ എക്സ്ട്രീം എയർഫൈബർ ആപ്പ് ഡൗൺലോഡ് ചെയ്യണം. തുടർന്ന് ആപ്പ് ഉപയോഗിച്ച് ഡിവൈസിലെ ക്യുആർ കോഡ് സ്കാൻ ചെയ്യണം.