എയർടെൽ (Airtel) എൻട്രി ലെവൽ താരിഫ് പ്ലാൻ നിരക്ക് വർധനവ് നാല് സർക്കിളുകളിൽ കൂടി നടപ്പിലാക്കിയിരിക്കുകയാണ്. ഗുജറാത്ത്, കൊൽക്കത്ത, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ നാല് സർക്കിളുകൾ കൂടി കവർ ചെയ്തതോടെ രാജ്യത്തെ 22 ടെലികോം സർക്കിളുകളിലും കമ്പനിക്ക് ഒരേ എൻട്രി ലെവൽ പ്ലാനായിട്ടുണ്ട്. 99 രൂപയിൽ നിന്നും 155 രൂപയായിട്ടാണ് പ്ലാൻ ഉയർത്തിയത്. എയർടെൽ (Airtel) യൂസേഴ്സിന് സിംകാർഡ് വാലിഡിറ്റി നിലനിർത്താൻ കുറഞ്ഞത് 155 രൂപ മുടക്കേണ്ടി വരുമെന്ന് സാരം.
2022 നവംബർ മുതലാണ് വിവിധ സർക്കിളുകൾ കേന്ദ്രീകരിച്ച് ഭാരതി എയർടെൽ (Airtel) താരിഫ് വർധന നടപ്പിലാക്കിത്തുടങ്ങിയത്. ഹരിയാന ഒഡീഷ സർക്കിളുകളിൽ ആണ് ആദ്യം ഈ രീതിയിലുള്ള താരിഫ് വർധന കൊണ്ട് വന്നത്. പിന്നാലെ 15 സർക്കിളുകളിലും എൻട്രി ലെവൽ പ്ലാനിന്റെ നിരക്ക് ഉയർത്തി. ഫെബ്രുവരി മാസം മഹാരാഷ്ട്രയിലും കേരളത്തിലും 155 രൂപയായി മിനിമം പ്ലാൻ റേറ്റ് ഉയർത്തിയിരുന്നു. ഇതോടെ മിനിമം പ്ലാൻ നിരക്ക് ഉയർന്ന ആകെ സർക്കിളുകളുടെ എണ്ണം 19 ആയി.
നേരത്തെയുണ്ടായിരുന്ന 99 രൂപ പ്ലാനിന് 28 ദിവസമാണ് വാലിഡിറ്റി ലഭിച്ചിരുന്നത്. എന്നാൽ 155 രൂപയുടെ പ്ലാനിന് 24 ദിവസം മാത്രമാണ് വാലിഡിറ്റി. അതായത് ബേസിക് എൻട്രി ലെവൽ പ്ലാനിന്റെ വില കൂട്ടിയതിനൊപ്പം വാലിഡിറ്റി വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുന്നു. യൂസേഴ്സിന് അൺലിമിറ്റഡ് വോയ്‌സ് ആനുകൂല്യങ്ങൾക്കൊപ്പം 1 ജിബി ഡാറ്റയും 300 എസ്എംഎസും 24 ദിവസത്തേക്ക് ലഭിക്കും.
വിങ്ക് മ്യൂസിക്, ഫ്രീ ഹലോട്യൂൺസ് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും പ്ലാനിനൊപ്പം വരുന്നു.
300 എസ്എംഎസുകൾ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെയുള്ള ഓരോ ലോക്കൽ എസ്എംഎസിനും 1 രൂപ വച്ചും എസ്ടിഡി എസ്എംഎസിന് 1.50 രൂപ വച്ചും എയർടെൽ ഈടാക്കും. 1 ജിബി ഡാറ്റ പരിധിക്ക് ശേഷം ഉപയോഗിക്കുന്ന ഓരോ എംബി ഡാറ്റയ്ക്കും 50 പൈസ വീതവും എയർടെൽ ഈടാക്കും.
എയർടെലും (Airtel) ജിയോയുമാണ് നിലവിൽ ഇന്ത്യയിൽ 5ജി സർവീസ് നൽകുന്നത്. നമ്മുടെ രാജ്യത്തെ 265-ൽ അധികം നഗരങ്ങളിൽ എയർടെൽ 5ജി പ്ലസ് സർവീസ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ജമ്മു മുതൽ ഇങ്ങ് കന്യാകുമാരി വരെയുള്ള എല്ലാ പ്രധാന നഗരങ്ങളിലും 5ജി പ്ലസ് സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എയർടെലി (Airtel)ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും നിങ്ങളുടെ വീടിന്റെയടുത്ത് 5ജി പ്ലസ് സർവീസ് കിട്ടുമോയെന്ന് അറിയാൻ കഴിയും.