കേരളത്തിലെ നിരത്തുകളിൽ AI ഇറങ്ങി; പിഴവുകൾക്ക് വൻ പിഴ! വിശദമായി അറിയൂ…

കേരളത്തിലെ നിരത്തുകളിൽ AI ഇറങ്ങി; പിഴവുകൾക്ക് വൻ പിഴ! വിശദമായി അറിയൂ…
HIGHLIGHTS

സമ്പൂർണ ഓട്ടോമേറ്റഡ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഇനി കേരളത്തിലെ നിരത്തുകളിൽ

726 AI ക്യാമറകളാണ് റോഡുകളിൽ സ്ഥാപിച്ചിരിക്കുന്നത്

4G സംവിധാനത്തിലൂടെയാണ് ക്യാമറയുടെ പ്രവർത്തനം

കേരളത്തിൽ അനുദിനം വർധിക്കുന്ന റോഡപകടങ്ങൾക്കും, നിയമലംഘനങ്ങൾക്കും ഇനി ടെക്നോളജിയിലൂടെയാണ് പരിഹാരം കണ്ടെത്തുന്നത്. അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കും, ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്കും, അമിത വേഗതയ്ക്കും തുടങ്ങി എല്ലാവിധ നിയമലംഘനങ്ങളും ഇന്ന് മുതൽ AI ക്യാമറകൾ നിരീക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്യും. 

ഇനി എല്ലാം AI Camera നോക്കിക്കോളും…

സംസ്ഥാനത്ത് ഇന്ന് (വ്യാഴാഴ്ച) മുതലാണ് സമ്പൂർണ ഓട്ടോമേറ്റഡ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാന(Fully Automated Traffic Enforcement System)ത്തിന് തുടക്കമിട്ടത്. കേരളത്തിലെ സംസ്ഥാന-ദേശീയ പാതകളിലായി ഇത്തരത്തിൽ 726 AI ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വെറുതെ നിരീക്ഷിക്കുന്ന CCTV ക്യാമറകളല്ല, ഈ AI Cameraകൾ എന്നത് ആദ്യം തന്നെ പറയട്ടെ. പകരം, ഇവ ദൃശ്യങ്ങൾ പകർത്തുകയും, തെളിവ് ശേഖരിക്കുകയും, കൂടാതെ നിരീക്ഷണം നടത്തുകയും ചെയ്യുന്നു.

എന്നാൽ ഇങ്ങനെ എഐ ക്യാമറകളുടെ മേൽനോട്ടത്തിലാണെന്നത് ഒരുവിധത്തിലും യാത്രക്കാർക്ക് മനസിലാകില്ല. അതിനാൽ തന്നെ ഇനി അശ്രദ്ധമായുള്ള ഡ്രൈവിങ് പരമാവധി കുറയ്ക്കാമെന്നതാണ് മോട്ടോർ വകുപ്പും കണക്കുകൂട്ടുന്നത്. കൂടാതെ, AI technology ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ പിടിവീണാൽ വൻ തുകയായിരിക്കും യാത്രികരിൽ നിന്ന് ഈടാക്കുക. അവ എത്രയെന്ന് നോക്കാം…

പിഴവുകളും പിഴയും

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്: 2,000 രൂപ

ട്രിപ്പിൾ റൈഡിങ് (ബൈക്ക്): 2,000 രൂപ

അമിതവേഗത: 1,500 രൂപ

സീറ്റ് ബെൽറ്റും ഹെൽമെറ്റും ഇല്ലാതെ വാഹനമോടിക്കുന്നത്: 500 രൂപ

റിയർ വ്യൂ മിറർ ഇല്ലാത്ത വാഹനങ്ങൾ ഓടിക്കുന്നത്: 200 രൂപ

ഇതിനെല്ലാം പുറമെ, ആംബുലൻസുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് ഓട്ടോമൊബൈലുകൾ തുടങ്ങി അത്യാഹിത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ ഡ്രൈവ് ചെയ്യുന്നവരെയും യാത്ര ചെയ്യുന്നവരെയും AI ക്യാമറകൾ നിരീക്ഷിക്കും. (Source: ന്യൂസെബിൾ ഏഷ്യാനെറ്റ് ന്യൂസ്)

സീറ്റ് ബെൽറ്റ്, ഹെൽമറ്റ് ധരിക്കാത്തവർക്കും പ്രത്യേക ക്യാമറകൾ

സംസ്ഥാനത്ത് സ്ഥാപിക്കുന്ന 726 ക്യാമറകളിൽ 675 എണ്ണം അപകടത്തിന് ശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെയും, ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ഇരുചക്രവാഹനങ്ങളെയും സീറ്റ് ബെൽറ്റ് ധരിക്കാത്ത ഡ്രൈവർമാരെയും പിടികൂടാൻ സഹായിക്കുന്നതാണ്. 25 ക്യാമറകൾ അനധികൃത പാർക്കിങ് നിരീക്ഷിക്കാനും, 4 ഫിക്സഡ് ക്യാമറകൾ അമിതവേഗത ഡ്രൈവിങ് കണ്ടുപിടിക്കുന്നതിനും, മറ്റ് 18 ക്യാമറകൾ ചുവന്ന ലൈറ്റ് അവഗണിച്ച് ഡ്രൈവിങ് ചെയ്യുന്നവരെ പൂട്ടിടുന്നതിനും സഹായിക്കുന്നു.

ഇവയെ എല്ലാം ഏകോപിപ്പിക്കുന്നതിന് 14 ജില്ലകളിലും കൺട്രോൾ റൂമുകൾ തുറക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. കെൽട്രോണിന്റെ തിരുവനന്തപുരത്തെ മൺവിള യൂണിറ്റിൽ സ്ഥാപിച്ചിട്ടുള്ള ഡാറ്റാ ബാങ്കിലാണ് ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ സൂക്ഷിക്കുന്നത്.

AI ക്യാമറയിലൂടെ എങ്ങനെ പിടിവീഴും?

സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറയുടെ പ്രവർത്തനം. യാത്ര ചെയ്യുമ്പോൾ ക്യാമറാ നിരീക്ഷണത്തിലാണെന്നത് നിങ്ങൾക്ക് മനസിലാവുകയില്ല. എന്നാൽ ഇതിലെ ദൃശ്യങ്ങൾ ലിസ്റ്റ് ചെയ്ത് ജില്ലാതല കൺട്രോൾ റൂമുകളിലേക്ക് കൈമാറുന്നു. ഇത് ഒരു ഡാറ്റാബേസിലേക്ക് പകർത്തുകയും തുടർന്ന് ഒരു ഇ-ചെല്ലാൻ ( e-challan) സൃഷ്ടിക്കുകയും ചെയ്യും. ട്രാഫിക് നിയമം ലംഘിച്ചവർക്ക്, സംഭവത്തിന് 6 മണിക്കൂറിനുള്ളിൽ ഫോണിൽ മെസേജ് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ചെല്ലാനുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ, അതത് ജില്ലാ ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടാമെന്നും മോട്ടോർ വകുപ്പ് അറിയിച്ചു.

ഭയം വേണ്ട, ജാഗ്രത മതി!

റോഡുകളിൽ AI ക്യാമറകൾ സ്ഥാപിച്ചതിൽ യാത്രക്കാർ ആശങ്കപ്പെടേണ്ടെന്നും, കൂടുതൽ സുരക്ഷയ്ക്കായി ജാഗ്രത മതിയെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo