രാജ്യത്തെ മുഴുവൻ ആരോഗ്യ സംരക്ഷണത്തെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ABHA. പൊതുജനങ്ങൾക്ക് ഡിജിറ്റൽ ഹെൽത്ത് ഐഡി കാർഡ് നൽകുക എന്നതാണ് ഈ ദൗത്യത്തിന് പിന്നിലെ ലക്ഷ്യം. ഈ ഹെൽത്ത് കാർഡ് എല്ലാ ഇന്ത്യക്കാർക്കും ലഭ്യമാക്കുകയും ഒപ്പം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രത്യേക ആനുകൂല്യങ്ങൾ ഇതുവഴി ജനങ്ങളിലേക്കെത്തിക്കും എന്നും പ്രധാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡി(Ayushman Bharat Health Card)ന്റെ ആനുകൂല്യങ്ങളും കാർഡിനായി അപേക്ഷിക്കേണ്ട വിധവും മനസിലാക്കാം.
നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ (NHA) പ്രധാന പദ്ധതിയായ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) ആരോഗ്യ സേതുവുമായി (Aarogya Setu) സമന്വയിപ്പിച്ചു. ഇതോടെ 21.4 കോടിയിലധികം ആരോഗ്യ സേതു ഉപയോക്താക്കൾക്ക് മൊബൈൽ ആപ്പിൽ നിന്ന് 14 അക്ക യുണീക്ക് ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് നമ്പറുകൾ അഥവാ ABHA സൃഷ്ടിക്കാൻ കഴിയും. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ഇതുവരെ 16.4 കോടി ABHA നമ്പറുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത് വർദ്ധിപ്പിക്കാൻ ആരോഗ്യ സേതുവുമായുള്ള ബന്ധിപ്പിക്കൽ സഹായിക്കും. രാജ്യത്ത് ഡിജിറ്റൽ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നതിന് ആവശ്യമായ പദ്ധതികൾ വികസിപ്പിക്കുകയാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ വഴി ലക്ഷ്യമിടുന്നത്.
ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് നമ്പർ നിങ്ങളുടെ ആരോഗ്യ ഐഡിയാണ്. അതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട രേഖകൾ ഡിജിറ്റലായി ആക്‌സസ് ചെയ്യാനും പങ്കിടാനും കഴിയും. ഇത് ഡോക്ടർമാരുമായുള്ള നിങ്ങളുടെ ആശയവിനിമയം എളുപ്പത്തിലാക്കുകയും നിങ്ങളുടെ ലാബ് റിപ്പോർട്ടുകൾ, കുറിപ്പടികൾ, മറ്റ് മെഡിക്കൽ റിപ്പോർട്ടുകൾ ഡിജിറ്റലാക്കുകയും ഇവ ആശുപത്രികളിൽ നിന്നും പാത്തോളജി ലാബുകളിൽ നിന്നും എളുപ്പത്തിൽ സ്വീകരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
ഒറ്റ ക്ലിക്കിൽ നിങ്ങളുടെ മെഡിക്കൽ പ്രൊഫൈൽ (മുൻകാല ചികിത്സകൾ, മരുന്നുകൾ, രോഗനിർണയം, അലർജികൾ) അടങ്ങിയ വിവരങ്ങൾ പങ്കിടാൻ ഡിജിറ്റൽ സാങ്കേതികവിദ്യ നിങ്ങളെ സഹായിക്കുന്നുവെന്ന് കരുതുക. അതാണ് ABHA നിങ്ങൾക്കായി ചെയ്യുന്നത്. നിങ്ങളുടെ എല്ലാ മെഡിക്കൽ വിവരങ്ങളും ഒരിടത്ത് സൂക്ഷിക്കുന്നു. അത് നിങ്ങളുടെ അടുത്തുള്ള ക്ലിനിക്കിൽ നിന്നോ ആശുപത്രിയിൽ നിന്നോ എവിടെ നിന്ന് ആണെങ്കിലും നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ കാര്യങ്ങളും അതിൽ അടങ്ങിയിട്ടുണ്ടാകും. രോഗിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനാൽ ABHA ഡോക്ടർമാർക്കും സഹായകമാകും. രോഗികൾക്ക് (ഗ്രാമീണ പ്രദേശങ്ങളിലുള്ളവർക്ക്) ഇന്ത്യയിലുടനീളമുള്ള ഡോക്ടർമാരുമായി ബന്ധപ്പെടാൻ കഴിയും. അതിനാൽ സമയവും പണവും ലാഭിക്കുകയും ചെയ്യാം. ഇത് വേഗമേറിയതും ഫലപ്രദവുമായ ചികിത്സകൾ നേടാൻ ആളുകളെ സഹായിക്കുന്നു. ഈ കാർഡ് ലഭിക്കാൻ മൊബൈൽ നമ്പറും ആധാർ കാർഡും ആവശ്യമാണ്.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ഇന്ത്യയെ ഒരു യൂണിവേഴ്‌സൽ ഹെൽത്ത് കവറേജ് അഥവാ "സാർവത്രിക ആരോഗ്യ പരിരക്ഷയിലേയ്ക്ക്" നയിക്കും. ഗവൺമെന്റിന്റെ ലക്ഷ്യം അനുസരിച്ച്, ഡിജിറ്റൽ ഇടനാഴിയിലൂടെ ഹെൽത്ത് കെയർ ഇക്കോസിസ്റ്റത്തിന്റെ നിലവിലുള്ള വിടവ് ABHA നികത്തും. മറ്റ് ചില ടെക് കമ്പനികൾ ഹെൽത്ത് കെയർ രംഗത്ത് വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ, EkaCareൽ ഡോക്ടർമാരുമായി ബന്ധപ്പെടാൻ രോഗികളെ പ്രാപ്തരാക്കുന്ന ഒരു ഇക്കോസിസ്റ്റം സൃഷ്ടിച്ചിട്ടുണ്ട്.
ABHA അല്ലെങ്കിൽ ഹെൽത്ത് ഐഡികൾ സൃഷ്ടിക്കുന്നതിനും ആരോഗ്യ രേഖകൾ കൈകാര്യം ചെയ്യുന്നതിനുമുള്ള ഡിജിറ്റൽ ഇന്റർഫേസ് വികസിപ്പിക്കുന്നതിൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ആദ്യത്തെ കമ്പനികളിലൊന്നായ EkaCare തടസ്സരഹിതമായ കൺസൾട്ടേഷൻ അനുഭവവും മെഡിക്കൽ റെക്കോർഡുകൾ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു. കൂടുതൽ ആളുകൾ ABHA സൃഷ്ടിക്കുന്നതിനാൽ, രോഗികൾക്ക് ഞങ്ങളുടെ ആപ്പ് വഴി ഡോക്ടർമാരുമായി ബന്ധപ്പെടാനും അവരുടെ മെഡിക്കൽ റെക്കോർഡുകൾ ഒരു ക്ലിക്കിലൂടെ പങ്കിടാനും കഴിയും. EkaCare വഴി ഇതുവരെ ഒരു ദശലക്ഷത്തിലധികം ABHA സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ പൗരന്മാർ ഈ സർക്കാർ സംരംഭത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.