ഇന്ന് സൈബർ തട്ടിപ്പുകൾ ഏത് വഴിയിലാണ് പതിയിരിക്കുന്നതെന്ന് മുൻകൂട്ടി പ്രവചിക്കാനാവില്ല. ഇപ്പോൾ വരുന്ന വാർത്തകളും അത്തരത്തിൽ ആശങ്കപ്പെടുത്തുന്നവയാണ്. CoWIN പോർട്ടിലിലൂടെ ആളുകളുടെ വിവരങ്ങൾ ചോർന്നതായും, ഇത് ടെലിഗ്രാം പ്ലാറ്റ്‌ഫോമിൽ ലഭ്യമാണെന്നതുമാണ് പുതിയതായി ലഭിക്കുന്ന വിവരം.
അതായത്, CoWIN പോർട്ടലിലൂടെ വാക്സിൻ എടുത്തവരുടെ ഫോൺ നമ്പറുകൾ, ആധാർ നമ്പറുകൾ, ജനനത്തീയതി, മറ്റ് പ്രധാന വിവരങ്ങൾ എന്നിവയെല്ലാം ചോർന്നതായാണ് റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാരിന്റെ ഈ പോർട്ടലിലൂടെ വാക്സിൻ എടുത്തവരുടെ വിവരങ്ങൾ ടെലിഗ്രാം ബോട്ട് ചോർത്തിയെന്നാണ് പറയുന്നത്. ഇങ്ങനെ ചോർന്ന വ്യക്തിഗത വിവരങ്ങൾ ടെലിഗ്രാം പ്ലാറ്റ്‌ഫോമിൽ ലഭ്യമാണെന്നും പറയുന്നു. അങ്ങനെയെങ്കിൽ കഴിഞ്ഞ 3 വർഷത്തിനിടെ കോവിഡ് വാക്സിൻ എടുത്ത എല്ലാ ഇന്ത്യക്കാരുടെയും സ്വകാര്യ വിവരങ്ങൾ ടെലിഗ്രാമിലൂടെ പരസ്യമാകാനുള്ള സാധ്യതയുണ്ടെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും, കോവിൻ പോർട്ടൽ വഴി വിവരങ്ങൾ നഷ്ടമായോ എന്നതിൽ ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല.
ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ വിവരങ്ങളാണോ പോർട്ടലിലൂടെ ചോർത്തപ്പെട്ടത് എന്നാണാ ആശങ്ക. ഇതിന് പുറമ ചില വ്യക്തിഗത വിവരങ്ങളും ഫോൺ നമ്പർ, ജനനത്തീയതി പോലുള്ളവയും നഷ്ടമായതായാണ് സൂചന.
രാഷ്ട്രീയക്കാരും പത്രപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ട്വിറ്ററിലും മറ്റും ഇത് സംബന്ധിച്ച് സംശയങ്ങൾ പങ്കുവച്ചിട്ടുണ്ട്. ടെലിഗ്രാം ബോട്ടിനെ നിരോധിച്ചെങ്കിലും, ഇതിന് മുന്നേ ആളുകളുടെ വിവരങ്ങൾ ഈ കൈവശം Telegram കൈവശമാക്കിയെന്നും പറയുന്നുണ്ട്. ഇത് സാധൂകരിക്കുന്ന ചില വിവരങ്ങൾ സ്ക്രീൻഷോട്ടുകൾ ആളുകൾ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു.
മലയാള മനോരമയാണ് CoWIN ഡാറ്റ ചോർച്ചയെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. കൊവിഡ് വാക്‌സിൻ എടുത്തവരുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ, പേര്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ ചോർന്നുവെന്നാണ് മനോരമയുടെ റിപ്പോർട്ടിൽ വിവരിക്കുന്നത്. എന്നാൽ ഡാറ്റ ചോർച്ചയെ കുറിച്ച് മാധ്യമങ്ങളുടെ റിപ്പോർട്ട് പുറത്തുവരുമ്പോഴും സർക്കാർ ഇതുവരെ വാർത്ത നിഷേധിച്ചിട്ടില്ല. ഇങ്ങനെ CoWIN പോർട്ടലിൽ നിന്നും ഡാറ്റ ചോർന്നിട്ടുണ്ടോ എന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.