സ്വകാര്യ ടെലികോം കമ്പനികളുമായി കിടപിടിക്കാനാകില്ലെങ്കിലും, അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള BSNL. രാജ്യത്തെ പൊതുമേഖല ടെലികോം സേവന ദാതാക്കളായ BSNLനെ ലാഭത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരും പുതിയ നടപടികൾ ആവിഷ്കരിക്കുകയാണ്. ഇതിന്റെ ഭാഗമായി BSNLന് 4G, 5G സ്പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ ഇന്ത്യയിലുടനീളം 4G, 5G സേവനങ്ങൾ നൽകുന്നതിന് 4ജി, 5ജി സ്പെക്ട്രം കമ്പനിയെ പ്രാപ്തമാക്കുന്നു. BSNLനായി നൽകുന്ന മൂന്നാമത്തെ പുനരുജ്ജീവന പാക്കേജാണിത്. 89,047 കോടി രൂപയാണ് പുനരുജ്ജീവന പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിലൂടെ 1,50,000 കോടി രൂപയിൽ നിന്ന് 2,10,000 കോടി രൂപയായി മൂലധനം ഉയർത്തിയിരിക്കുന്നു. ബിഎസ്എൻഎല്ലിന് പുനരുജ്ജീവന പാക്കേജ് നൽകുന്നത് ഇതാദ്യമായല്ല. 2019ൽ കമ്പനിയ്ക്ക് കേന്ദ്രം 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് അനുവദിച്ചിരുന്നു. ഇതായിരുന്നു ആദ്യത്തെ പാക്കേജ്. പിന്നീട് 2022ൽ 1.64 ലക്ഷം കോടി രൂപയുടെ രണ്ടാമത്തെ പുനരുജ്ജീവന പാക്കേജും നൽകി. ഇങ്ങനെ BSNLന്റെ 32,944 കോടി രൂപയെന്ന കടം 22,289 കോടിയായി കുറഞ്ഞു.
ഗ്രാമങ്ങളിലേക്ക് വരെ അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ പ്രാപ്തമാക്കുന്നതാണ് ഈ 4G, 5G സ്പെക്ട്രം എന്നാണ് കമ്പനി വിലയിരുത്തുന്നത്. ഫിക്‌സഡ് വയർലെസ് ആക്‌സസ് (എഫ്‌ഡബ്ല്യുഎ) വഴിയുള്ള അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി, ക്യാപ്‌റ്റീവ് നോൺ പബ്ലിക് നെറ്റ്‌വർക്കിനായുള്ള (സിഎൻപിഎൻ) സേവനങ്ങൾ എന്നിവയെല്ലാം ഈ പാക്കേജിലൂടെ ഉറപ്പാക്കാനാകും.
700MHz ബാൻഡ് സ്പെക്‌ട്രത്തിൽ 46,339 കോടി രൂപ വിലമതിക്കുന്ന പ്രീമിയം വയർലെസ് ഫ്രീക്വൻസികൾ, 26,184 കോടി രൂപയ്ക്ക് 3300MHz ബാൻഡിലെ 70MHz ഫ്രീക്വൻസികൾ എന്നിവയും ലഭ്യമാക്കും. ഇതിന് പുറമെ, രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം സൈറ്റുകളിൽ 4G കവറേജ് സജ്ജീകരിക്കാനും BSNLന് കരാറുണ്ട്. ടാറ്റ കൻസൾട്ടൻസി സെന്ററിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്
15,000 കോടി രൂപയുടെ അഡ്വാൻസ്ഡ് പർച്ചേസ് ഓർഡറാണ് നൽകിയത്. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് വരെ BSNLന്റെ 4G എത്തിക്കാൻ ഇത് സഹായകരമാകും. അതേ സമയം ഈ വർഷത്തിൽ തന്നെ BSNLൽ നിന്നും 4G സേവനം പ്രതീക്ഷിക്കാം. അതും വരും മാസങ്ങളിൽ തന്നെ കമ്പനി തങ്ങളുടെ 4G വരിക്കാരിലേക്ക് എത്തിക്കും.
ഇതിന് പുറമെ അടുത്ത വർഷം തന്നെ ബിഎസ്എൻഎൽ തങ്ങളുടെ 5G അവതരിപ്പിക്കുമെന്നും പറയുന്നുണ്ട്. ഇങ്ങനെ പൊതുമേഖല കമ്പനി വിലകുറഞ്ഞ റീചാർജ് പ്ലാനുകളിലേക്ക് ചുരുങ്ങാതെ, ഗുൺനിലവാരമുള്ള സേവനങ്ങൾ കൂടി നൽകുകയാണെങ്കിൽ തീർച്ചയായും എയർടെൽ, ജിയോ ടെലികോം ഓപ്പറേറ്റർമാരുടെ ആധിപത്യം ഒഴിവാക്കാനാകും.