ഇന്ത്യയിലെ ആദ്യ ആപ്പിൾ റീട്ടെയിൽ സ്റ്റോറിനടുത്ത് 22 സ്ഥാപനങ്ങൾക്ക് വിലക്ക്!

ഇന്ത്യയിലെ ആദ്യ ആപ്പിൾ റീട്ടെയിൽ സ്റ്റോറിനടുത്ത് 22 സ്ഥാപനങ്ങൾക്ക് വിലക്ക്!
HIGHLIGHTS

22 സ്ഥാപനങ്ങൾക്ക് ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറിന്റെ പരിസരത്ത് വിലക്ക്

റീട്ടെയിൽ സ്റ്റോറിന്റെ പരിസരത്ത് സ്റ്റോർ തുറക്കാനോ പരസ്യങ്ങൾ പ്രദർശിപ്പിക്കാനോ പാടില്ല

ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ആപ്പിൾ ശ്രമിച്ചുവരികയാണ്

ലോകത്തെ ഏറ്റവും വലിയ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ ആപ്പിൾ (Apple) ഇന്ത്യയിൽ കരുത്ത് വർധിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ്. അ‌തിന്റെ ഭാഗമായി ഇന്ത്യയിലെ ആപ്പിളിന്റെ ആദ്യ റീട്ടെയിൽ സ്റ്റോർ മും​ബൈയിൽ ആരംഭിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായി വരികയാണ്. ഈ മാസം അ‌വസാനത്തോടെയാണ് സ്റ്റോർ ഉദ്ഘാടനം എന്നാണ് വിവരം.

ഇന്ത്യയിലേക്കുള്ള വരവ് ഗംഭീരമാക്കാൻ ലക്ഷ്യമിട്ട ആപ്പിൾ ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മും​ബൈയിൽ തന്നെ സ്റ്റോർ തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ വ്യവസായ ഭീമന്മാരിൽ പ്രമുഖനായ മുകേഷ് അ‌ംബാനിയുടെ സ്വന്തം തട്ടകമായ ബാന്ദ്രയിലെ കുർള കോംപ്ലക്സിൽ (ബികെസി) പ്രവർത്തിക്കുന്ന ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ സ്റ്റോർ ആരംഭിക്കുന്നത്.

22 സ്ഥാപനങ്ങൾക്ക് വിലക്ക് 

ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോറിന്റെ വിശേഷങ്ങൾ പ്രചരിക്കുന്നതിനിടയിൽ അ‌തിന്റെ കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. എതിരാളികളായ 22 സ്ഥാപനങ്ങൾക്ക് ആപ്പിളിന്റെ ഈ റീട്ടെയിൽ സ്റ്റോറിന്റെ പരിസരത്ത് സ്റ്റോർ തുറക്കാനോ അ‌വരുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കാനോ അ‌നുവാദം നൽകാൻ പാടില്ല എന്നതാണ് കരാറിലെ ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥ.

ആപ്പിൾ റീട്ടെയിൽ സ്റ്റോറിന്റെ ഉദ്ഘാടനം 

മികച്ചതും ആകർഷകവുമായ ഡി​സൈനുമായി ഉദ്ഘാടനത്തിന് അ‌ണിഞ്ഞൊരുങ്ങി നിൽക്കുന്ന മും​ബൈയിലെ ആപ്പിൾ റീട്ടെയിൽ സ്റ്റോറിന്റെ ചിത്രം അ‌ടുത്തിടെ ഏറെ ​വൈറലായിരുന്നു. റീട്ടെയിൽ സ്റ്റോർ തുറക്കുന്നതിലൂടെ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ പുതിയ ചരിത്രങ്ങൾ കുറിക്കാനാണ് ആപ്പിൾ തയാറെടുക്കുന്നത്. സ്റ്റോർ ഉദ്ഘാടനത്തിന് ആപ്പിൾ സിഇഒ ടിം കുക്ക് നേരിട്ട് എത്തുമെന്നാണ് സൂചന. 

22 കമ്പനികളുടെ പേരുകളാണ് കരാറിലുള്ളത് 

ആമസോൺ, ഫെയ്സ്ബുക്ക്, ഗൂഗിൾ, ​എൽജി, ​മൈക്രോസോഫ്ട്, സോണി, ട്വിറ്റർ, ബോസ്, ഡെൽ, ഡെവിയാലെറ്റ്, ഫോക്സ്കോൺ, ഗ്രാമിൻ, ഹിറ്റാച്ചി, എച്ച്പി, എച്ച്ടിസി, ഐബിഎം, ഇന്റൽ, ലെനോവ, നെസ്റ്റ്, പാനാസോണിക്, തോഷിബ എന്നീ കമ്പനികൾക്കാണ് ആപ്പിൾ എക്സ്ക്ലൂസീവ് സോണിൽ സ്റ്റോർ തുറക്കാൻ കഴിയാത്തത്. 22 കമ്പനികളുടെ പേരുകളാണ് കരാറിലുള്ളത് എന്നാണ് വിവരം. 

ആപ്പിളും മുംബൈ മാളും തമ്മിലുള്ള കരാർ 

ഓരോ മൂന്ന് വർഷം കൂടുമ്പോഴും വാടകയിൽ 15 ശതമാനം വർദ്ധനയുണ്ടാകും എന്ന വ്യവസ്ഥയോടെ 11 വർഷത്തേക്കാണ് ആപ്പിളിന് മുംബൈ മാളിൽ ഇടം നൽകുന്നത്. മൂന്ന് വർഷത്തേക്ക് റവന്യൂ വിഹിതത്തിന്റെ 2 ശതമാനത്തിന് പുറമേ, മിനിമം ഗ്യാരന്റിയായി പ്രതിമാസം 42 ലക്ഷം രൂപയും അതിനുശേഷം, വരുമാനത്തിന്റെ 2.5 ശതമാനവും കമ്പനി നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ആപ്പിൾ

എല്ലാ വിധത്തിലും ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ആപ്പിൾ ശ്രമിച്ചുവരികയാണ്. ​ചൈനയിൽനിന്ന് ഐഫോൺ നിർമാണം പുറത്തേക്ക് മാറ്റാനുള്ള തീരുമാനമെടുത്തപ്പോൾ ആപ്പിൾ കൂടുതൽ പരിഗണന നൽകിയ രാജ്യം ഇന്ത്യയായിരുന്നു. മും​ബൈയിൽ ആദ്യ സ്റ്റോർ തുറന്നതിന് പിന്നാലെ ഡൽഹിയിൽ മറ്റൊരു ചെറിയ റീട്ടെയിൽ സ്റ്റോർ കൂടി തുറക്കാൻ ആപ്പിളിന് പദ്ധതിയുണ്ട്. ഡൽഹിയിലെ സാകേതിലെ സിറ്റിവാക്ക് മാളിലാകും ഈ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ സ്ഥാപിക്കപ്പെടുക. 25 രാജ്യങ്ങളിലായി 500-ലധികം റീട്ടെയിൽ സ്റ്റോറുകളാണ് ആപ്പിളിനുള്ളത്. 

Digit.in
Logo
Digit.in
Logo