2018 നിസ്സാരമൊരു വർഷമായിരുന്നില്ല മലയാളിക്ക്. മഴ പേമാരിയായി പെയ്തിറങ്ങിയപ്പോൾ പ്രളയദുരിതത്തിലായ കേരളവും, ഒത്തൊരുമയും, അതിജീവനവുമായിരുന്നു 2018. 5 വർഷത്തിന് ശേഷം 2018ലെ വെള്ളപ്പൊക്കം ബിഗ് സ്ക്രീനിലെത്തിച്ചിരിക്കുകയാണ് ജൂഡ് ആന്റണിയും കൂട്ടരും.
കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, നരേൻ, സുധീഷ് തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരനിരയെ അണിനിരത്തി ഒരുക്കിയ മലയാള ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 2018- എവരിവൺ ഈസ് എ ഹീറോ എന്ന ടാഗ് ലൈനിലാണ് സിനിമ പുറത്തിറങ്ങിയത്. ഇതാണ് ശരിക്കുള്ള കേരള സ്റ്റോറി എന്ന് അഭിനന്ദിച്ച്, മലയാളസിനിമയെ തിരികെ വിജയത്തിലേക്ക് എത്തിച്ച ചിത്രമാണ് 2018 എന്നും പ്രേക്ഷകർ വാഴ്ത്തുന്നു. രോമാഞ്ചത്തിന് ശേഷം ഈ വർഷം തിയേറ്റർ ഹിറ്റൊരുക്കുന്ന മറ്റൊരു മലയാള ചലച്ചിത്രമായി 2018 മാറുമെന്നാണ് പ്രതീക്ഷ.
മലയാളിയുടെ ഒരുമയെയും സഹിഷ്ണുതയെയും ധീരതയെയും ലോകം വാഴ്ത്തിയ ഓർമകളിലേക്കും, ദുരന്തമുഖത്തിലേക്കും സിനിമയിലൂടെ കൂട്ടിക്കൊണ്ടുപോയ 2018ന്റെ OTT വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
SonyLivലാണ് മലയാളചിത്രം പ്രദർശനത്തിന് എത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് സോണിലിവ് സ്വന്തമാക്കിയതായും, ജൂൺ 9 മുതൽ ചിത്രം OTTയിൽ പ്രദർശനം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 199 രൂപയ്ക്ക് റീചാർജ് ചെയ്താൽ സോണിലിവ് Subscription ഒരു മാസത്തേക്ക് ലഭിക്കും.
സാറാ എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ഒരുക്കിയ 2018ന്റെ രചന സംവിധായകനും അഖിൽ പി. ധർമജനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. പ്രഖ്യാപനത്തിന് 3 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റിലീസിന് എത്തിയത്.