നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ അതിനെതിരെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) കർശന നടപടി സ്വീകരിക്കുന്നു. അതായത്, ഒരു വ്യക്തി പരിധിയിൽ കൂടുതൽ സിമ്മുകൾ രജിസ്റ്റർ ചെയ്യുന്നെങ്കിലോ ഉപയോഗിക്കുന്നുണ്ടെങ്കിലോ ആ സിം കാർഡുകൾ നിരോധിക്കും. ഇപ്പോഴിതാ, ടെലികമ്മ്യൂണിക്കേഷൻ വwhichകുപ്പ് 17,000 സിം കാർഡുകൾ പ്രവർത്തനരഹിതമാക്കിയെന്നാണ് പുതിയ വാർത്ത.
ബിഹാറിലും ജാർഖണ്ഡിലും അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ സിം കാർഡുകൾക്ക് എതിരെയാണ് നടപടി. AI അടിസ്ഥാനമാക്കിയുള്ള ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത്തരം സിമ്മുകളെ ട്രാക്ക് ചെയ്തത്.
ഒരു വരിക്കാരൻ തന്നെ 9ലധികം കണക്ഷനുകൾ ഉപയോഗിക്കുന്നുവെന്നും, ഇത് അനുവദനീയമായ പരിധിക്ക് അപ്പുറമാണെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകളും മറ്റും നിയന്ത്രിക്കുന്നതിനായി എഐ സാങ്കേതിക വിദ്യയെ ടെലികമ്മ്യൂണിക്കേഷൻ മേഖലയും ഉപയോഗിച്ചുവരുന്നു. ടെലികോം മേഖലയിലെ നിയന്ത്രണങ്ങൾ വരിക്കാരും ഓപ്പറേറ്റർമാരും കൃത്യമായി ഉപയോഗിക്കുന്നോ എന്നും ഇത്തരത്തിൽ AIയുടെ സഹായത്തിലൂടെ സാധിക്കും.
ഇങ്ങനെ നടത്തിയ വിശകനലത്തിൽ ബിഹാറിലും ജാർഖണ്ഡിലുമായി മൊത്തം 21,800 മൊബൈൽ കണക്ഷനുകൾ പരിധി ലംഘിച്ചിട്ടുണ്ട്. ഇവയിൽ അനധികൃതമായി കണ്ടെത്തിയ 17,000 സിം കാർഡുകൾക്ക് എതിരെയാണ് ഇപ്പോൾ നടപടി എടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മൊബൈൽ കണക്ഷനുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ജമ്മു കശ്മീർ, ആസാം, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒരു വരിക്കാരന് 6 കണക്ഷനുകൾ മാത്രമാണ് ഉപയോഗിക്കാനാകുന്നത്.
സൈബർ തട്ടിപ്പുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനും, മൊബൈൽ വരിക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായാണ് ഇത്തരത്തിൽ കണക്ഷനുകളുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്.
നിങ്ങളുടെ പേരിൽ നിങ്ങളറിയാതെ സിമ്മുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താനും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ചില ഉപാധികൾ അവതരിപ്പിച്ചിട്ടുണ്ട്. 'സഞ്ചാർ സാഥി' എന്ന് പേരുള്ള ഡിജിറ്റൽ പോർട്ടൽ ഇതിനായി പ്രയോജനപ്പെടുത്താം. നിങ്ങളുടെ പേരിലുള്ള സിം കാർഡുകളുടെ എണ്ണം അറിയാൻ മാത്രമല്ല, നഷ്‌ടമായ ഫോണുകളുടെ സിം കാർഡുകൾ കണ്ടെത്തുന്നതിനും അവയ ദുരുപയോഗം ചെയ്യാതെ ബ്ലോക്ക് ചെയ്യുന്നതിനുമെല്ലാം സഞ്ചാർ സാഥി സഹായകരമാണ്.
നിങ്ങളുടെ അറിവിൽ ആരെങ്കിലും അനാവശ്യമായോ അനധികൃതമായോ മൊബൈൽ കണക്ഷൻ ഉപയോഗിക്കുന്നെങ്കിലും ഇതിലേക്ക് നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്.