കർണാടകയിൽ iPhone കമ്പനി, ഒരു ലക്ഷം പേർക്ക് ജോലി സാധ്യത

കർണാടകയിൽ iPhone കമ്പനി, ഒരു ലക്ഷം പേർക്ക് ജോലി സാധ്യത
HIGHLIGHTS

ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് രാജ്യത്ത് 700 മില്ല്യൺ ഡോളർ നിക്ഷേപിക്കും

കർണാടകയിൽ ഐഫോൺ സ്പെയർ പാർട്സ് പ്ലാന്റ് നിർമിക്കും

ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ഉത്പാദക‍ർ എന്ന പദവി ചൈനയ്ക്ക് നഷ്ടമാകാൻ സാധ്യത

ആപ്പിൾ തങ്ങളുടെ ഐഫോൺ ഉത്പാദനത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആപ്പിളിന് വേണ്ടി ഐഫോണു(iPhone)കൾ ഉത്പാദിപ്പിക്കുന്ന പ്രധാന കമ്പനിയായ ഫോക്‌സ്‌കോൺ (Foxconn) ടെക്‌നോളജി ഗ്രൂപ്പ് രാജ്യത്ത് 700 മില്ല്യൺ ഡോളർ നിക്ഷേപിക്കുമെന്ന് റിപ്പോർട്ട്. കർണാടകയിൽ ഐഫോൺ(iPhone) സ്പെയർ പാർട്സ് പ്ലാന്റ് നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Foxconn : ഫോക്സ്കോൺ

ആറ് ട്രില്ല്യൺ വരുമാനമുള്ള ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഉപകരണ നിർമാതാക്കളാണ് ഫോക്സ്കോൺ (Foxconn). ഫോർച്യൂൺ ഗ്ലോബൽ ലിസ്റ്റിൽ 20-ാം സ്ഥാനത്തുള്ള കമ്പനിക്ക് 24 രാജ്യങ്ങളിലായി 173 പ്ലാന്റുകളുണ്ട്. കൊവിഡ്, ഉക്രൈൻ പ്രതിസന്ധികൾ ആഗോള വിതരണ ശൃംഖലയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഈ പ്രതിസന്ധികളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് കമ്പനിയുടെ പുതിയ നിക്ഷേപമെന്ന് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. ഐഫോണു(iPhone)കൾ നിർമിക്കാനായി ആപ്പിൾ കരാർ നൽകിയിരിക്കുന്ന കമ്പനികളിൽ ഏറ്റവും വലിയ സ്ഥാപനമാണ് ഫോക്സ്കോൺ (Foxconn). ലോകത്ത് പുറത്തിറങ്ങുന്ന ഐഫോണുകളിൽ ഭൂരിഭാഗവും ഫോക്സ്കോണിന്റെ പ്ലാന്റുകളിൽ നിർമിച്ചവയുമാണ്.

നിലവിൽ തമിഴ്നാട്ടിലും ആന്ധ്രയിലും ഫോക്സ്കോണി(Foxconn)ന് പ്ലാന്റുകളുണ്ട്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തായി 300 ഏക്കർ സ്ഥലത്താണ് പുതിയ പ്ലാന്റ് സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നത്. ഫോക്‌സ്‌കോണി(Foxconn)ന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപം കൂടിയാവും ബെംഗളൂരുവിലെ പ്ലാന്റ്. ഫോക്‌സ്‌കോണിന്റെ പുതിയ പ്ലാന്റിൽ ഏകദേശം ഒരു ലക്ഷം പേർക്ക് ജോലി ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.

ചൈനയിലെ ഷെങ്ഷുവിൽ ഒരേ സമയം രണ്ട് ലക്ഷം പേർ ജോലിയെടുക്കുന്ന പ്ലാന്റ് ഫോക്സ്കോണിനുണ്ട്. അതിനാൽ തന്നെ സ‍ർക്കാ‍ർ വാദം ശരിയാകാനാണ് സാധ്യത. ചൈനയ്ക്ക് വലിയ തിരിച്ചടിയായും ഫോക്സ്കോണി (Foxconn)ന്റെ നീക്കം വിലയിരുത്തപ്പെടുന്നുണ്ട്.

ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിലേക്കോ 

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ഉത്പാദക‍ർ എന്ന പദവി ചൈനയ്ക്ക് നഷ്ടമാകുമെന്നതിന്റെ ആദ്യ സൂചന കൂടിയായി ഫോക്സ്കോണി (Foxconn)ന്റെ ഇന്ത്യയിലെ നിക്ഷേപത്തെ വിലയിരുത്തുന്നുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കം വർധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ കൂടുതലായി ചൈനയെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന ബോധ്യം ഫോക്സ്കോണിനുണ്ട്.

ഇലക്ട്രോണിക്സ് ഉത്പാദന രം​ഗത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള വലിയ വിടവ് കുറയ്ക്കാൻ കൂടി പുതിയ പ്ലാന്റ് സഹായിക്കും. ഇന്ത്യയിൽ ഐഫോണുകൾക്ക് ഡിമാൻഡ് കൂടി വരികയാണ്. ഒപ്പം രാജ്യത്ത് നിന്നുള്ള കയറ്റുമതിയും വർധിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കൂടി വിലയിരുത്തിയാണ് 700 മില്ല്യൺ ഡോളറിന്റെ നിക്ഷേപത്തിന് കമ്പനി തയ്യാറെടുക്കുന്നത്. 

Digit.in
Logo
Digit.in
Logo