Top Movies of The Year: ഒട്ടനവധി മലയാളചിത്രങ്ങളാണ് ബോക്സ് ഓഫീസ് ഹിറ്റുകളായത്. ബോക്സ് ഓഫീസിൽ അറിയാതെ പോയവയെ ഒടിടിയും ഏറ്റെടുത്തിരുന്നു.
മലയാള സിനിമയെ മറ്റ് ഭാഷകളിലെ പ്രേക്ഷകർ കൂടി 2024-ൽ ആഘോഷമാക്കി. അത് ആട്ടം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സിൽ തുടങ്ങി കിഷ്കിന്ധാ കാണ്ഡം വരെ എത്തി നിൽക്കുന്നു. ഈ വർഷം പല വിഭാഗത്തിലാണ് സിനിമകൾ പുറത്തിറങ്ങിയത്.
റൊമാന്റിക് കോമഡി, സർവൈവർ ത്രില്ലർ, ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രങ്ങളെല്ലാം വന്നു. കൂടാതെ ആവേശം പോലുള്ള ആക്ഷൻ കോമഡി ചിത്രങ്ങളും ഈ വർഷം ഹിറ്റടിച്ചു. ഏറ്റവും ഒടുവിലെത്തിയ Kishkindha Kaandam ഒരു മിസ്റ്ററി ഡ്രാമ ചിത്രമാണ്. ടൊവിനോയുടെ ട്രിപ്പിൾ റോൾ ചിത്രം ARM ആകട്ടെ 3D-യിലാണ് ഒരുക്കിയത്.
ഈ വർഷം വന്ന ഹിറ്റ് ചിത്രങ്ങളും മികച്ച ചിത്രങ്ങളും പരിചയപ്പെടാം. തിയേറ്ററുകളിൽ വിജയം തീർത്ത ചിത്രങ്ങളും ഒടിടിയിൽ പേരെടുത്ത സിനിമകളും ഇക്കൂട്ടത്തിലുണ്ട്. ഇതിനകം ഒടിടി റിലീസായ ചിത്രങ്ങൾ എവിടെയാണ് സ്ട്രീം ചെയ്യുന്നതെന്നും അറിയാം.
മികച്ച മുഴുനീള ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് മലയാളത്തിൽ എത്തിച്ച സിനിമയാണിത്. ആനന്ദ് ഏകർഷിയാണ് Aattam സംവിധാനം ചെയ്തത്. ഡ്രാമ ത്രില്ലർ വിഭാഗത്തിൽപെട്ട സിനിമയിൽ സറീൻ ഷിഹാബ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് താരങ്ങൾ. ആട്ടം ഒടിടിയിൽ എത്തിയത് ഈ വർഷമാണ്. മലയാള ചലച്ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
ജനുവരിയിൽ തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് Abraham Ozler. ജയറാം, മമ്മൂട്ടി എന്നിവരാണ് പ്രധാന താരങ്ങൾ. ജഗദീഷ്, അനശ്വര രാജൻ എന്നിവരും മുഖ്യവേഷങ്ങൾ ചെയ്യുന്നു. മിഥുൻ മാനുവൽ തോമസിന്റെ ക്രൈം ത്രില്ലർ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണാം.
ബോക്സ് ഓഫീസിൽ ഹിറ്റായ റൊമാന്റിക് കോമഡി ചിത്രമാണ് Premalu. നസ്ലെനും മമിത ബൈജുവുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗവും വരുന്നുണ്ട്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിങ് ക്ലാസ് ഹീറോ ചേർന്നായിരുന്നു നിർമാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യുന്നു.
20 കോടി ബജറ്റിൽ നിർമിച്ച് 200 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണിത്. ചിദംബരമാണ് Manjummel Boys സംവിധാനം ചെയ്തത്. സൌബിൻ, ശ്രീനാഥ് ഭാസി, ഗണപതി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. മലയാളസിനിമയുടെ സീൻ മാറ്റിയ ചിത്രമെന്ന് തന്നെ പറയാം.
സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിൽ ഒടിടിയിൽ കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് മഞ്ഞുമ്മൽ ബോയ്സ് സ്ട്രീം ചെയ്യുന്നത്.
മെഗാ സ്റ്റാറിന്റെ 2024-ലെ സൂപ്പർഹിറ്റ് ചിത്രമാണ് Bramayugam. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ചിത്രമാണിത്. മമ്മൂട്ടിയ്ക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു. രാഹുൽ സദാശിവനാണ് സംവിധായകൻ. ഹോറർ ത്രില്ലർ ചിത്രം നിങ്ങൾക്ക് സോണി ലിവിലാണ് സ്ട്രീം ചെയ്യുന്നത്.
പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് സിനിമയാണ് Aadujeevitham. സിനിമയ്ക്കായുള്ള അദ്ദേഹത്തിന്റെ ട്രാൻസ്ഫർമേഷൻ വലിയ ശ്രദ്ധ നേടി. ബ്ലെസ്സി 12 വർഷത്തെ ഇടവേളയിൽ ചെയ്ത സിനിമ കൂടിയാണിത്.
സൗദി അറേബ്യയിലെ മരുഭൂമിയിൽ ഒറ്റപ്പെടുന്ന നജീബിന്റെ ജീവിതമാണ് ചിത്രം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. നെറ്റ്ഫ്ലിക്സിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
ഫഹദ് ഫാസിലിന്റെ വൺമാൻഷോയിലൂടെ തിയേറ്ററുകൾ നിറഞ്ഞ സിനിമയാണ് Aavesham. മുഴുനീള കോമഡി ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവനാണ്. ഹിപ്സ്റ്റർ, സജീൻ ഗോപു, മിഥുൻ ജയ് ശങ്കർ എന്നിവരും പ്രധാന താരങ്ങളായി. ആമസോൺ പ്രൈം വീഡിയോയിൽ സിനിമ കാണാം.
പാർവ്വതി തിരുവോത്ത്, ഉർവ്വശി എന്നിവരാണ് Ullozhukku ചിത്രത്തിലെ പ്രധാന താരങ്ങൾ. രണ്ട് വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീകളുടെ ജീവിതവും അരക്ഷിതാവസ്ഥയുമാണ് പ്രമേയം. അഞ്ജുവിലൂടെയും ലീലാമ്മയിലൂടെയും ക്രിസ്റ്റോ ടോമി അത് വൈകാരികമായി പകർത്തിയിരിക്കുന്നു. സിനിമ ആമസോൺ പ്രൈം വീഡിയോയിൽ ആസ്വദിക്കാം.
ആസിഫ് അലി, ബിജു മേനോൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജിസ് ജോയ് ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രമാണ് Thalavan. സിനിമ സോണിലിവിലാണ് ഒടിടി റിലീസ് ചെയ്തിട്ടുള്ളത്
തിയേറ്ററുകളിൽ ഹിറ്റായില്ലെങ്കിലും ഒടിടിയിൽ പ്രശംസ നേടിയ ചിത്രമാണ് Golam. രഞ്ജിത്ത് സജീവ് ആണ് മുഖ്യവേഷം. ചിത്രത്തിൽ സിദ്ധീഖ്, ദിലീഷ് പോത്തൻ എന്നിവരും താരങ്ങളാകുന്നു. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംജാദ് ആണ്. സിനിമ ആമസോൺ പ്രൈം വീഡിയോയിലൂടെ കാണാം.
സംവിധായകന്മാർ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയ ചിത്രമാണിത്. ആനന്ദ് മദുസൂദനൻ, അൽത്താഫ് സലീം എന്നിവരാണ് പ്രധാന കഥാാപാത്രങ്ങളായി എത്തിയിരിക്കുന്നത്. തമാശ ഫെയിം ചിന്നു ചാന്ദ്നിയാണ് നായിക. സൂരജ് ടോം സംവിധാനം ചെയ്ത Vishesham ആമസോൺ പ്രൈമിൽ ആസ്വദിക്കാം.
തിയേറ്ററുകളിൽ ഇപ്പോൾ വൻ മുന്നേറ്റം നടത്തുകയാണ് Kishkindha Kaandam. ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി എന്നിവരാണ് പ്രധാന താരങ്ങൾ. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ദിൻജിത്ത് അയ്യത്താനാണ്. ബാഹുൽ രമേശാണ് പ്രശംസ നേടിയ സിനിമയുടെ തിരക്കഥ ഒരുക്കിയിട്ടുള്ളത്.
മൂന്ന് കാലഘട്ടങ്ങളുടെ കഥ, മൂന്ന് കഥാപാത്രങ്ങളിലൂടെ ടൊവിനോ അവതരിപ്പിച്ചിരിക്കുന്നു. 3D ചലച്ചിത്രമായാണ് Ajayante Randam Moshanam തിയേറ്ററുകളിലെത്തിയത്. കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ് എന്നിവരും മുഖ്യവേഷങ്ങളിലുണ്ട്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ ലാലാണ്. തിയേറ്ററുകളിൽ സിനിമ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു.
Also Read: OTT Release This Week: കോമഡിയും ഹൊററും SJ സൂര്യ ചിത്രവും ഈ വാരം ഒടിടിയിൽ…
വാഴ, ഗുരുവായൂരമ്പല നടയിൽ, മന്ദാകിനി സിനിമകളും ശ്രദ്ധ നേടിയവയാണ്. ഈ ചിത്രങ്ങൾ ഇപ്പോൾ ഒടിടിയിൽ കാണാം. ആമസോൺ പ്രൈം വീഡിയോയിലൂടെ മന്ദാകിനി സ്ട്രീം ചെയ്യുന്നു. വാഴ, ഗുരുവായൂരമ്പല നടയിൽ എന്നിവ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തിട്ടുള്ളത്.