Kishkindha Kaandam OTT: Asif Ali നായകനായ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ഒടിടിയിലെത്തി. ഇത്തവണ ഓണത്തിന് തിയേറ്ററുകളിൽ എത്തി വൻ കളക്ഷൻ നേടിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. വീണ്ടും ചിത്രം കാണാൻ കാത്തിരുന്ന പ്രേക്ഷകർക്കായി ആ സന്തോഷ വാർത്ത എത്തി.
തിയേറ്ററിൽ കണ്ടിട്ടും ഇനിയും കാണാനാഗ്രഹിക്കുന്നവർക്കും, ഒടിടിയിൽ കാണാൻ കാത്തിരിക്കുന്നവർക്കും ഇനി സിനിമ ഓൺലൈനിൽ ആസ്വദിക്കാം. ആസിഫ് സോളോ നായകനായി 50 കോടി അടിക്കുന്ന ആദ്യ ചിത്രമാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ സ്ട്രീം ചെയ്യുന്നുണ്ട്.
സിനിമയുടെ തിയേറ്റർ വിജയത്തിനാൽ നല്ല തുകയ്ക്കാണ് ഒടിടിയിൽ സിനിമ വിറ്റുപോയത്. റിപ്പോർട്ടുകൾ പറയുന്നത് 12 കോടി രൂപയ്ക്ക് കിഷ്കിന്ധാ കാണ്ഡം വിറ്റുവെന്നാണ്. ARM,മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഗുരുവായൂരമ്പല നടയിൽ തുടങ്ങിയ ചിത്രങ്ങൾ വാങ്ങിയ അതേ പ്ലാറ്റ്ഫോമിലാണ് ചിത്രം ഓടുന്നത്.
സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിൽ കിഷ്കിന്ധാ കാണ്ഡം ആസ്വദിക്കാം. 18 കഴിഞ്ഞ് അർധരാത്രി മുതൽ സിനിമയുടെ സ്ട്രീമിങ് ഹോട്ട്സ്റ്റാറിൽ ആരംഭിച്ചു.
കൂരിയസ് കേസ് ഓഫ് അപ്പുപിള്ള എന്ന പേരിലാണ് ആദ്യം സിനിമ തീരുമാനിച്ചത്. കാരണം വിജയരാഘവന്റെ അപ്പുപിള്ളയാണ് കഥയുടെ പ്രധാന കേന്ദ്രം. പ്രവചനാതീതമായ തിരക്കഥയിലൂടെ തിയേറ്ററുകളിൽ ആളെ കൂട്ടിയ ചിത്രമാണിത്. സിനിമാറ്റോഗ്രാഫർ കൂടിയായ ബാഹുല്‍ രമേഷാണ് സിനിമയുടെ തിരക്കഥാകൃത്ത്.
ബുദ്ധിമാന്മാരായ മൂന്ന് കുരങ്ങന്മാരുടെ കഥ എന്ന ടാഗിലാണ് സിനിമ അവതരിപ്പിച്ചത്. സെപ്തംബർ 12-നായിരുന്നു കിഷ്കിന്ധാ കാണ്ഡം തിയേറ്ററിലെത്തിയത്.
ദിന്‍ജിത്ത് അയ്യത്താന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. ബാഹുൽ രമേഷ് തന്നെയാണ് കിഷ്കിന്ധാ കാണ്ഡത്തിന്റെ ഛായാഗ്രഹകൻ. സിനിമയിൽ ആസിഫ് അലിയ്ക്കും വിജയരാഘവനും കൂടാതെ അപർണ ബാലമുരളിയും മുഖ്യ വേഷത്തിലുണ്ട്. ജഗദീഷ്, അശോകൻ, നിഷാൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.