Rahman കേന്ദ്ര കഥാപാത്രമായ 1000 Babies Thriller സീരീസിന് ഗംഭീര പ്രതികരണം. സംവിധായകൻ പത്മരാജൻ മലയാളത്തിന് സമ്മാനിച്ച ക്ലാസിക് എവർഗ്രീൻ നായകനാണ് റഹ്മാൻ. താരം വീണ്ടും മലയാളത്തിലേക്ക് സജീവമാകുകയാണ് 1000 ബേബീസ് എന്ന വെബ് സീരീസിലൂടെ.
ബോളിവുഡിന്റെയും മലയാളത്തിന്റെയും പ്രിയനടി നീന ഗുപ്തയാണ് വെബ് സീരീസിലെ മുഖ്യതാരം. പഞ്ചായത്ത് എന്ന ഹിന്ദി വെബ് സീരീസിലെ ‘യഥാർഥ’ പ്രധാൻജിയിലൂടെ താരം ജനപ്രിയമായിരുന്നു. നീന ഗുപ്ത മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുന്ന സീരീസ് കൂടിയാണ് 1000 ബേബീസ്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ അഞ്ചാമത്തെ സിരീസ് ആണിത്. 7 എപ്പിസോഡുകളാണ് ഹോട്ട്സ്റ്റാർ സീരീസിലുള്ളത്. ഇത് മലയാളത്തിന് പുറമെ മറ്റ് ഇന്ത്യൻ ഭാഷകളിലും സംപ്രേഷണം ചെയ്യുന്നുണ്ട്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉൾപ്പെടുന്ന സീരീസാണ് 1000 ബേബീസ്.
പ്രീമിയര്‍ ആരംഭിച്ചത് മുതൽ സോഷ്യൽ മീഡിയയുടെ ചർച്ച സിനിമകളെയും മറികടന്ന് സീരീസിലാണ്. ആരും മിസ്സാക്കരുതാത്ത സീരീസാണ് 1000 ബേബീസ് എന്ന് കണ്ടവർ കണ്ടവർ പറയുന്നു. ഇന്റർനാഷണൽ ക്വാളിറ്റിയുള്ള സീരീസാണിതെന്ന് അഭിപ്രായം വരുന്നുണ്ട്.
മലയാളത്തിൽ ഇന്നേ വരെ കണ്ടതിൽ വച്ച് യുണീക്കായ വെബ് സീരീസ്. വെടിക്കെട്ട് ത്രില്ലറെന്നും പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. എങ്കിലും ചിലയിടത്ത് സീരീസിന് അനാവശ്യ ലാഗുണ്ടെന്നാണ് ചിലരുടെ അഭിപ്രായം.
മലയാളികളുടെ പ്രിയപ്പെട്ട റഹ്‍മാനെ ഏറ്റവും നന്നായി സീരീസ് അവതരിപ്പിച്ചു. നീന ഗുപ്തയും 1000 ബേബീസ് മികവുറ്റതാക്കി. എന്നാൽ ഇവ മാത്രമല്ല വെബ് സീരീസിന് പ്രശംസ നേടിക്കൊടുക്കുന്നത്. പിന്നെയോ?
നീന ഗുപ്തയുടെ സാറാമ്മച്ചി എന്ന കഥാപാത്രം നടത്തുന്ന വെളിപ്പെടുത്തലാണ് കഥയുടെ കേന്ദ്രം. മുൻ ഹെഡ് നഴ്‌സായ സാറാ ഔസേപ്പ് ഞെട്ടിപ്പിക്കുന്ന തുറന്നുപറച്ചിലാണ് നടത്തുന്നത്. മരണക്കിടയിൽ വച്ച് സാറാമ്മച്ചി നടത്തുന്ന ആ വെളിപ്പെടുത്തൽ 1000-ലധികം കുടുംബങ്ങളെ തകർക്കാവുന്നതാണ്.
പിന്നീട് റഹ്മാന്റെ സിഐ കഥാപാത്രം അജി കുര്യൻ ഇതിന്റെ ചുരുളഴിക്കുന്നതാണ് കഥയെ കൊണ്ടുപോകുന്നത്. അറൂസ് ഇർഫാനും നജീം കോയയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഇങ്ങനെയൊക്കെ ശരിക്കും സംഭവിക്കുമോ? എന്ന് ആരും ചോദിച്ചുപോകുന്ന കഥയാണ് 1000 ബേബീസ്.
സീരീസിന്റെ ടെക്നിക്കൽ വശങ്ങളും പ്രശംസ നേടുന്നുണ്ട്. നജീ കോയ ആണ് സീരീസിന്റെ സംവിധായകൻ. ഓരോ ഫ്രെയിമുകളിലും നിഗൂഢത ഒളിപ്പിക്കാൻ ഫൈസ് സിദ്ധീഖിന് സാധിച്ചു. സിനിമയുടെ കലാസംവിധാനവും, കളറിങ്ങും, എഡിറ്റിങ്ങും ഗംഭീരമായെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
റഹ്മാൻ ഒരു പൊലീസ് കഥാപാത്രമായും, അച്ഛനായുമെല്ലാം ഓരോ ഫ്രെയിമുകളിലും ശോഭിക്കുന്നു. നീന ഗുപ്തയും മനോഹരമായി പല ലെയറുകളുള്ള സാറാമ്മച്ചിയെ പ്രതിഫലിപ്പിച്ചു. എന്നാൽ ഡബ്ബിങ്ങിൽ ചില അപാകതകളും പ്രേക്ഷകർ എടുത്തുകാട്ടുന്നുണ്ട്.
മൺസൂൺ മാംഗോസ് ഫെയിം സഞ്ജു ശിവ്റാമിന്റെ അഭിനയത്തെയും ഒടിടി പ്രേക്ഷകർ സ്വീകരിച്ചു. സാറാമ്മച്ചിയുടെ ചെറുപ്പകാലം അവതരിപ്പിച്ച രാധ ഗോമതിയും പ്രശംസ നേടുന്നു.