OTT release: ഈ വാരം ആഘോഷിക്കാൻ മലയാളത്തിൽ വന്ന വമ്പൻ റിലീസാണ് Kishkindha Kaandam. ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം ഒടിടിയിലും മികച്ച പ്രതികരണം നേടുന്നു. സൂപ്പർ ഹിറ്റ് മലയാളചിത്രം മറ്റ് ഭാഷകളിലും അതിന്റെ ത്രില്ലിങ് എക്സ്പീരിയൻസിലൂടെ പ്രശംസ നേടുകയാണ്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ആസിഫ് അലിയ്ക്കൊപ്പം അപർണ ബാലമുരളി, വിജയരാഘവൻ എന്നിവരും പ്രധാന വേഷത്തിലുണ്ട്.
കിഷ്കിന്ധാ കാണ്ഡത്തിന് പുറമെ മറ്റ് പല പല റിലീസുകളും ഒടിടിയിലെത്തി. മലയാളത്തിലും കന്നഡയിലും തമിഴിലുമെല്ലാം പുത്തൻ ചിത്രങ്ങൾ എത്തിയിട്ടുണ്ട്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ മലയാള സിനിമയും കൂട്ടത്തിലുണ്ട്. കന്നഡയിൽ ബഗീര, തെലുങ്കിൽ ദേവര പോലുള്ള ചിത്രങ്ങളും റിലീസിനെത്തി.
മലയാളത്തിലെ പുത്തൻ ഒടിടി റിലീസിൽ പ്രധാനപ്പെട്ടവ അടിത്തട്ട്, തെക്ക് വടക്ക് എന്നിവയാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ എന്നിങ്ങനെ ഒടിടികളിൽ പുത്തൻ റിലീസുകൾ ആസ്വദിക്കാം. ഈ വാരാന്ത്യത്തിൽ കാണാവുന്ന New OTT Films ഏതൊക്കെയെന്ന് നോക്കാം. നിങ്ങളറിയാതെ പോയ മലയാളം ഒടിടി റിലീസുകൾ ഇതാ.
സുരാജ് വെഞ്ഞാറമ്മൂടും വിനായകനും പ്രധാന വേഷങ്ങൾ ചെയ്ത മലയാള ചിത്രമാണിത്. മധ്യവയസ്ക്കരായ കഥാപാത്രങ്ങാളായാണ് ഇരുവരും തെക്ക് വടക്കിലെത്തിയത്. എസ്. ഹരീഷ് എഴുതിയ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ഹരീഷ് രചനയും പ്രേം ശങ്കർ സംവിധാനവും നിർവഹിച്ചു.
ഈ കോമഡി ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നു. ആമസോൺ പ്രൈം, മനോരമ മാക്സിലൂടെ സിനിമ ആസ്വദിക്കാം. ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് സിംപ്ലീ സൗത്തിലൂടെ തെക്ക് വടക്ക് കാണാം.
മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചിത്രമാണ് Adithattu. ഉള്‍ക്കടലിലെ ത്രസിപ്പിക്കുന്ന ത്രില്ലിങ് രംഗങ്ങളും മത്സ്യത്തൊഴിലാളികളുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയം.
ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ എന്നിവരാണ് അടിത്തട്ടിലെ മുഖ്യതാരങ്ങൾ. ആടുകളം ഫെയിം ജയപാലന്‍ ആദ്യമായി മലയാളത്തിൽ അഭിനയിച്ചതും ഈ ചിത്രത്തിലാണ്. ജിജോ ആന്റണി സംവിധാനം ചെയ്ത ത്രില്ലർ ചിത്രം നവംബർ 15 മുതൽ ഒടിടി സ്ട്രീമിങ് തുടങ്ങി. ആമസോൺ പ്രൈം വീഡിയോയിലും മനോരമ മാക്സിലും അടിത്തട്ട് കാണാം.
ഇതിന് പുറമെ ARM, ഗഗനചാരി, ഗുമസ്തൻ തുടങ്ങിയ സിനിമകളും ഒടിടിയിൽ ലഭ്യമാണ്. ഇനി മറ്റ് ഭാഷകളിലെ ഒടിടി റിലീസ് ചിത്രങ്ങളും പരിചയപ്പെടാം.
ചുട്ടമല്ലി എന്ന ഒറ്റഗാനം മതി ദേവര സിനിമയുടെ ഹൈപ്പ് നിലനിർത്താൻ. ജൂനിയർ എൻടിആറും ജാൻവി കപൂറും മുഖ്യകഥാപാത്രങ്ങളായ സിനിമയാണിത്. ഇരട്ട വേഷത്തിലാണ് ദേവര പാര്‍ട്ട് 1-ൽ ജൂനിയര്‍ എന്‍ടിആര്‍ അഭിനയിച്ചത്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ദേവര മലയാളത്തിൽ ഉൾപ്പെടെ ഒടിടിയിൽ കാണാം. നെറ്റ്ഫ്ലിക്സിൽ Devara ഇപ്പോൾ സ്ട്രീം ചെയ്യുന്നു.
ചന്ദ്രശേഖർ കാനൂരി സംവിധാനം ചെയ്ത തെലുഗു റൊമാന്റിക് ചിത്രമാണിത്. ഗൗതം വർമ്മയും ദീപ്ഷികയുമാണ് സിനിമയിലെ പ്രധാന താരങ്ങൾ. തെലുഗു റൊമാന്റിക് ചിത്രങ്ങളുടെ ആരാധർക്ക് സിനിമ ഒടിടിയിൽ കാണാം. Sun NXT-ൽ Ravikula Raghurama സ്ട്രീം ചെയ്യുന്നു.
വളരെ മികച്ച കഥയും ഗ്രാമീണ അന്തരീക്ഷത്തിലെ ആവിഷ്കാരവുമാണ് ലൈൻമാൻ. തമിഴിൽ ഒരുക്കിയ സോഷ്യൽ ഡ്രാമ ചിത്രത്തിൽ അഖുൽ, അഞ്ജലി, മൈസൂർ ആനന്ദ് തുടങ്ങിയവരാണ് താരങ്ങൾ. ചിത്രം Aha തമിഴിൽ സ്ട്രീം ചെയ്യുന്നു. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. നവംബർ 22 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു.
കന്നഡ സൂപ്പർഹീറോ ചിത്രമാണ് Bagheera. ശ്രീമുരളി, രുഗ്മിണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഡി.ആർ സൂരി സംവിധാനം ചെയ്ത ബഗീര നവംബർ 21 മുതൽ സ്ട്രീമിങ് ആരംഭിച്ചു. തിയേറ്ററുകളിലും സിനിമ ഗംഭീര പ്രതികരണം നേടി. മലയാളം, കന്നഡ, തുളു, തെലുഗു, തമിഴ് ഭാഷകളിൽ സിനിമ കാണാം. Netflix ആണ് സിനിമയുടെ ഒടിടി പാർട്നർ.