Anand Sreebala
മലയാളത്തിന്റെ യുവതാരനിരയിൽ പ്രമുഖനായ അർജുൻ അശോകന്റെ ക്രൈം ത്രില്ലറാണ് Anand Sreebala. നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രം കുറച്ചു നാളുകൾക്ക് മുമ്പാണ് ഒടിടി റിലീസിന് എത്തിയത്. ഒടിടി റിലീസിന് ശേഷം സിനിമ ഗംഭീര പ്രതികരണമാണ് നേടുന്നത്.
തിരോധാനവുമായി ബന്ധപ്പെട്ട യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. നെറ്റ്ഫ്ലിക്സ് ചിത്രം നൈറ്റ് ഡ്രൈവിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് ഇതിന്റെ കഥയ്ക്ക് പിന്നിലും. സിനിമ ഒടിടിയിൽ റിലീസിനെത്തിയ ശേഷം മറ്റ് ഭാഷകളിൽ നിന്ന് വരെ ഗംഭീര പ്രതികരണം ലഭിക്കുന്നു.
തിയേറ്ററുകളിൽ വമ്പൻ വിജയം നേടാനായില്ലെങ്കിലും ഡിജിറ്റൽ റിലീസിൽ സിനിമയ്ക്ക് പ്രശംസ ലഭിക്കുകയാണ്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതിനായി പാകത്തിൽ ചേർത്ത ത്രില്ലർ ചിത്രമാണിതെന്നാണ് പരക്കെ അഭിപ്രായം.
ആമസോൺ പ്രൈമിലാണ് ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റിലീസ് ചെയ്തത്. ജനുവരി പതിനെട്ടാം തീയതി മുതലാണ് സ്ട്രീമിങ് ആരംഭിച്ചത്. മനോരമ മാക്‌സ് വഴിയും ആനന്ദ് ശ്രീബാല ഓൺലൈനിൽ കാണാം.
സംഗീത, അപർണ ദാസ് എന്നിവരാണ് അർജുനൊപ്പം മുഖ്യവേഷങ്ങളിലെത്തുന്ന മറ്റ് താരങ്ങൾ. മാളവിക മനോജ്, സിദ്ധീഖ്, സൈജു കുറുപ്പ്, നന്ദു, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വാഴുന്നോർ, ചിന്താവിഷ്ടയായ ശകുന്തള തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സംഗീതയാണ് സിനിമയുടെ മറ്റൊരു ആകർഷണം.
അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട് എന്നിവരും സിനിമയിൽ സാന്നിധ്യമറിയിക്കുന്നു. കേരളത്തിലെ ചില യഥാർഥ സംഭവങ്ങളും കൂട്ടിച്ചേർത്താണ് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ടാം ഭാഗത്തിലേക്ക് പോകുമ്പോഴുള്ള ട്വിസ്റ്റുകളാണ് സിനിമയ്ക്ക് മലയാളത്തിന് പുറത്തും കൈയടി നേടിക്കൊടുക്കുന്നത്.
Also Read: OTT Release Latest: Identity, ആനന്ദ് ശ്രീബാല, റൈഫിൾ ക്ലബ്ബ്, കാണാൻ അടിപൊളി ചിത്രങ്ങൾ
രഞ്ജിൻ രാജ് ആണ് ആനന്ദ് ശ്രീബാലയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
സിനിമയിലെ 75 ശതമാനവും യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയതെന്നാണ് തിരക്കഥാകൃത്ത് പറഞ്ഞിട്ടുള്ളത്. ബാക്കി 25% മാത്രമാണ് ഭാവനയെന്നും തിരക്കഥാകൃത്ത് ഒരു അഭിമുഖത്തിൽ പങ്കുവച്ചു (ഇടിവി ഭാരത്).