Oscar 2025: കിരൺ റാവു സംവിധാനം ചെയ്ത Laapataa Ladies അക്കാദമി അവാർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രിയായി മലയാളം ചിത്രങ്ങളെയും പിന്തള്ളിയാണ് ലാപതാ ലേഡീസിന്റെ നേട്ടം. എന്നാൽ ചിത്രത്തിനേക്കാൾ അർഹത മലയാള ചിത്രത്തിനായിരുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
കാൻസ് ഫെസ്റ്റിവലിൽ പ്രശംസന നേടിയ ചിത്രമാണ് All We Imagine As Light. ഈ സിനിമയെ പിന്തള്ളി എങ്ങനെയാണ് ലാപതാ ലേഡീസ് മുന്നേറിയതെന്നാണ് ആരാധകർ ചോദിക്കുന്നത്. ജൂറി ശരിയായി സിനിമയെ വിശകലനം ചെയ്തിട്ടില്ലെന്നും ആരോപണം ഉയർന്നു. ലാപതാ ലേഡീസ് മനോഹരമായ സിനിമയാണെങ്കിലും ഓസ്കറിൽ അവാർഡിലേക്ക് ജയിക്കുമോ എന്നും പലരും ചോദിക്കുന്നു.
ഇതിനേക്കാൾ മികച്ച സിനിമകളുണ്ടായിട്ടും ജൂറി ലാപതാ ലേഡീസിനെ തെരഞ്ഞെടുത്തതിന്റെ കാരണമെന്തെന്നാണ് പലരുടെയും സംശയം. ഓസ്കർ എൻട്രിയിൽ മലയാളത്തിന്റെ ഉള്ളൊഴുക്ക്, ആട്ടം സിനിമകളും അവസാനം വരെ പോരാടി. ഈ സിനിമകളെയും ഹിന്ദി ചിത്രം പിന്തള്ളിയാണ് നേട്ടം കൈവരിച്ചത്.
ഓസ്കറിൽ മികച്ച വിദേശഭാഷാ ചിത്രമായാണ് ലാപതാ ലേഡീസ് മത്സരിക്കുന്നത്. എന്നാൽ ഓസ്കർ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള മികവ് സിനിമയ്ക്കുണ്ടോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു.
‘എനിക്ക് ലാപതാ ലേഡീസ് ഇഷ്ടപ്പെട്ടു. ഇത് മികച്ച രീതിയിൽ നിർമിച്ച ചിത്രമാണെന്ന് വിശ്വസിക്കുന്നു. എന്നാൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്‌കാറിന് അയക്കുന്നത് നല്ലതല്ല. കാരണം, ബോളിങ്ങിൽ മികവ് പുലർത്തിയിട്ടും ബാറ്റ്സ്മാന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നൽകുന്ന പോലെയാണിത്.’ എക്സിൽ വിയോജിപ്പ് പ്രകടിപ്പിച്ച ട്വീറ്റുകളാണിത്. ഓസ്കറിലേക്ക് അയക്കേണ്ടിയിരുന്നത് ഓൾ വി ഇമാജിൻ അസ് ലൈറ്റ് ആയിരുന്നെന്നും ട്വീറ്റിൽ പറയുന്നു.
പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ് ഓൾ വി ഇമാജിൻ അസ് ലൈറ്റ്. കനി കുസൃതി, ദിവ്യപ്രഭ എന്നീ മലയാളി താരങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങൾ. മുംബൈയിൽ ജോലി ചെയ്യുന്ന മലയാളി സ്ത്രീകളുടെ ജീവിതത്തിലൂടെയാണ് സിനിമ കഥ പറയുന്നത്. മലയാളത്തിലും മറാത്തിയിലും ഹിന്ദിയിലുമാണ് ചിത്രം ഒരുക്കിയത്.
ലാപതാ ലേഡീസ് ഫൂൽ, പുഷ്പ എന്നീ ഉത്തരേന്ത്യൻ സ്ത്രീകളുടെ വിവാഹവും ശേഷമുള്ള സംഭവങ്ങളുമാണ് വിവരിക്കുന്നത്. കല്യാണം കഴിഞ്ഞ് ഭാര്യ മാറിപ്പോകുന്ന സംഭവങ്ങൾ മനോഹരമായി കിരൺ റാവു അവതരിപ്പിച്ചിട്ടുണ്ട്.
എല്ലാ മേഖലകളിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ശരിയായ സിനിമയെ ആണ് ജൂറി നിരീക്ഷിച്ചത്. ലാപതാ ലേഡീസ് ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥകളെയും ധാർമ്മികതയെയും പ്രതിനിധീകരിക്കുന്നു. ഭാരതീയത വളരെ പ്രധാനമാണ്. ഈ സിനിമ അതിൽ നന്നായി സ്കോർ ചെയ്യുന്നു.
ഇന്ത്യൻ സ്ത്രീകൾ സമർപ്പണത്തിന്റെയും ആധിപത്യത്തിന്റെയും വിചിത്രമായ മിശ്രിതമാണ്. ലാപതാ ലേഡീസ് ഇത് മികച്ച രീതിയിൽ പകർത്തിയിരിക്കുന്നുവെന്നും ജൂറി പറയുന്നു. ഇക്കാരണങ്ങളാലാണ് ലാപതാ ലേഡീസിനെ ഓസ്കറിനുള്ള ഇന്ത്യൻ ചിത്രമാക്കിയതെന്നും ജൂറി വിശദീകരിച്ചു. (സ്രോതസ്സ്: ഹിന്ദുസ്ഥാൻ ടൈംസ്).