മലയാളസിനിമയുടെ സീൻ മാറ്റിയ Manjummel Boys വീണ്ടുമൊരു റെക്കോഡിൽ. റഷ്യന്‍ കിനോബ്രാവോ ചലച്ചിത്ര മേളയിലേക്ക് മലയാള ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിന്റെ ആദ്യ 200 കോടി കളക്ഷൻ ചിത്രമാണിത്. ഇപ്പോഴിതാ റഷ്യൻ ചലച്ചിത്ര മേളയിലെത്തുന്ന ആദ്യ മലയാളസിനിമയെന്ന ഖ്യാതിയും ലഭിച്ചു.
ഈ വർഷത്തിന്റെ ഹിറ്റ് ലിസ്റ്റിലെ പ്രമുഖ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സുഷിൻ ശ്യാം പറഞ്ഞ പോലെ മലയാളസിനിമയുടെ സീൻ മാറ്റി. തമിഴകം ഏറ്റെടുത്ത ചലച്ചിത്രമായി സിനിമ പേരെടുത്തു. രാജ്യമൊട്ടാകെ തിയേറ്ററുകളിൽ നിന്ന് മഞ്ഞുമ്മൽ ബോയ്സ് കളക്ഷൻ തൂത്തുവാരി. 20 കോടിയിൽ നിർമിച്ച് 200 കോടിയും കടന്ന് നേട്ടം കൈവരിച്ചു.
റഷ്യയിലെ കിനോബ്രാവോ ചലച്ചിത്ര മേളയിൽ മഞ്ഞുമ്മൽ ബോയ്സ് പ്രദർശിപ്പിക്കുന്നു. ഇതുവരെ ഒരു മലയാളചലച്ചിത്രവും ഈ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ നാല് വരെയാണ് ചലച്ചിത്രമേള. ഫിലിം ഫെസ്റ്റിവൽ നടക്കുന്നത് റഷ്യയിലെ സോചിയിലാണ്.
സെപ്റ്റംബർ 30-ന് മഞ്ഞുമ്മൽ ബോയ്സ് പ്രദർശിപ്പിക്കും. മേളയിലെ റെഡ് കാർപെറ്റ് പ്രദർശനത്തിലായിരിക്കും സിനിമ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ഒക്ടോബർ 1-ന് മേളയിലെ പ്രദർശനത്തിലും മഞ്ഞുമ്മൽ ബോയിസിനെ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
റഷ്യയിലെ കിനോബ്രാവോ ചലച്ചിത്രമേള വളരെ പ്രശസ്തമായ ഫിലിം ഫെസ്റ്റിവലാണ്. ബോക്സ് ഓഫീസ് ഹിറ്റുകളാണ് മുഖ്യമായും മേളയിൽ അവതരിപ്പിക്കുന്നത്.
ജാൻ എ മൻ സിനിമയിലൂടെ പ്രശസ്തനായ ചിദംബരമാണ് സിനിമ ഒരുക്കിയത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ബാലു വര്‍ഗീസ്, ദീപക് പറമ്പോള്‍, അഭിറാം രാധാകൃഷ്ണൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി. ഖാലിദ് റഹ്മാൻ, ജീൻ പോൾ ലാൽ എന്നീ സംവിധായകരും സിനിമയിലെ അഭിനയ നിരയിലുണ്ടായിരുന്നു.
സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിർമിച്ചത്. സിനിമയ്ക്ക് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാമാണ്.
Read More: Top Movies of The Year: മലയാളത്തിൽ ഇതുവരെ എത്തിയ മികച്ച സിനിമകൾ
കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന മഞ്ഞുമ്മലിലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് സിനിമ. ഗുണ കേവിൽ അകപ്പെടുന്ന സുഭാഷും, സാഹസികമായി രക്ഷപ്പെടുത്തുന്ന സുഹൃത്തുക്കളും യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ഗുണ സിനിമയുടെ റെഫറൻസും, കൺമണി ഗാനവും തമിഴകത്തിന്റെ ജനപ്രീതി നേടാൻ സഹായിച്ചു.