Nivin Pauly നായകനായ Malayalee From India OTT-യിൽ. ക്വീൻ, ജനഗണമന സംവിധായകൻ ഡിജോ ജോസ് ആന്‍റണിയുടെ പുതിയ ചിത്രമാണിത്. തിയേറ്ററുകളിലും ഭേദപ്പെട്ട പ്രതികരണം നേടിയ സിനിമ ഇപ്പോൾ ഒടിടിയിലും എത്തി.
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്‍റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിച്ച ചിത്രം കൂടിയാണിത്. നിവിൻ പോളിയുടെ തിരിച്ചുവരവായിരിക്കും സിനിമയെന്ന് പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ വൻഹൈപ്പിൽ വന്ന ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല.
കോമഡി എന്റർടെയ്നർ ചിത്രം ജൂലൈ 5-ന് ഒടിടിയിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജൂലൈ 4 കഴിഞ്ഞ് അർധരാത്രി തന്നെ സിനിമ സ്ട്രീമിങ് ആരംഭിച്ചു.
സോണി ലിവ് (Sony LIV) വഴിയാണ് സിനിമ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മഞ്ജു പിള്ള, അജു വർഗീസ് തുടങ്ങിയവരും സിനിമയുടെ ഭാഗമായിട്ടുണ്ട്. നിവിന്‍ പോളിയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.
ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ജനഗണമനയുടെ തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കിയത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് സുദീപ് ഇളമൻ ആണ്. ശ്രീജിത്ത് സാരംഗ് ആണ് എഡിറ്റർ. മലയാളി ഫ്രം ഇന്ത്യയുടെ വസ്‌ത്രാലങ്കാരം സമീറ സനീഷ് ആണ്.
ലിസ്റ്റിൻ സ്റ്റീഫനൊപ്പം ജസ്റ്റിൻ സ്റ്റീഫനും നിർമാണത്തിൽ പങ്കാളിയായിട്ടുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമായി സോണി ലിവ് വളരുന്നു. പ്രത്യേകിച്ച് മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക റിലീസുകൾ സോണി ലിവിലാണ് കൂടുതലും. ലൈവ് സ്പോർട്സ് സ്ട്രീമിങ്, സിനിമകൾ, സീരിയലുകൾ ഇതിൽ ലഭ്യമാണ്. ടിവി ഷോകളും സോണി ലിവിൽ സ്ട്രീം ചെയ്യുന്നുണ്ട്.
മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിൽ സേവനം ലഭിക്കുന്നു. മറാത്തി, ബംഗാളി, ഭോജ്പൂരി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലും സോണി ലിവുണ്ട്. ഇതിന് വാർഷിക, മാസ പ്ലാനുകളുണ്ട്.
299, 699, 999, 599 രൂപയ്ക്കാണ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ. ഒരു മാസത്തേക്കുള്ള പ്രീമിയം പ്ലാനാണ് 299 രൂപയുടേത്. ആറ് മാസത്തേക്കുള്ള പ്രീമിയം സബ്സ്ക്രിപ്ഷന് 699 രൂപയാണ്.
999 രൂപയാണ് വാർഷിക പ്രീമിയം പ്ലാനിന് ചെലവാകുന്നത്. 599 രൂപയുടെ സോണി ലിവ് പാക്കേജും വാർഷിക സബ്സ്ക്രിപ്ഷനുള്ളതാണ്. എന്നാൽ ഇത് മൊബൈലിൽ മാത്രമാണ് ആക്സസ് ചെയ്യാനാകുക എന്നതാണ് വ്യത്യാസം.