Latest OTT Release: ഇന്ദ്രൻസ്, ഉർവ്വശി കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ജലധാര. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തിയേറ്ററിലെത്തിയ മലയാള ചിത്രമാണിത്. ജലധാര പമ്പ്സെറ്റ് സിൻസ് 1962 എന്നാണ് സിനിമയുടെ പേര്.
ഉർവ്വശിയും ഇന്ദ്രൻസും തമ്മിലുള്ള കോടതി രംഗങ്ങൾ ജനശ്രദ്ധ നേടിയിരുന്നു. ഇന്ദ്രൻസ് പ്രതിയായും ഉർവ്വശി വാദിയായും ചിത്രത്തിൽ വേഷമിടുന്നു. കോമഡി ഡ്രാമ ചിത്രത്തിന്റെ സംവിധായകൻ ആശിഷ് ചിന്നപ്പയാണ് സംവിധാനം ചെയ്യുന്നത്.
ജലധാര പമ്പ്സെറ്റ് സിൻസ് 1962 ഒടിടി സ്ട്രീമിങ് ആരംഭിച്ചു. തിയേറ്റർ റിലീസിന് ഒരു വർഷം കഴിഞ്ഞ് ഓണം റിലീസായാണ് ഒടിടിയിലെത്തിയത്. അതും ജലധാരയുടെ ഒടിടി റിലീസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സിനിമ ഒടിടിയിലെത്തിയ പ്ലാറ്റ്ഫോം തന്നെയാണ് പ്രത്യേകത.
ജിയോസിനിമയിലാണ് ജലധാര ഒടിടി സ്ട്രീം ചെയ്യുന്നത്. ഇതാദ്യമായാണ് ജിയോസിനിമയിൽ മലയാളസിനിമ ഒടിടി റിലീസിലേക്ക് എത്തുന്നത്. ഇതുവരെ ഒരു മലയാള ചിത്രവും ജിയോസിനിമയിൽ ഡിജിറ്റൽ എക്സ്ക്ലൂസീവ് പ്രീമിയർ നടത്തിയിട്ടില്ല.
സിനിമ തിയേറ്ററിൽ ഹിറ്റായില്ലെങ്കിലും സോഷ്യൽ മീഡിയ വഴി ചില രംഗങ്ങൾ പ്രചരിച്ചിരുന്നു. ഉർവ്വശിയുടെയും ഇന്ദ്രൻസിന്റെയും അതുല്യമായ പ്രകടനം ഇങ്ങനെ ശ്രദ്ധ നേടുകയും ചെയ്തു. ജലധാര തിയേറ്ററിൽ മിസ്സായെങ്കിലും ഒടിടിയിൽ കാണാനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു.
ജോണി ആന്റണി, സനുഷ, ടി.ജി രവി എന്നിവരാണ് മറ്റ് താരങ്ങൾ. സാഗര്‍, വിജയരാഘവൻ, നിഷ സാരംഗ് എന്നിവരും സിനിമയിൽ സാന്നിധ്യമറിയിക്കുന്നു. വളരെ ലളിതമായി നർമം ചേർത്ത് ഒരു മോഷണ കഥയും കോടതി വിശേഷങ്ങളും ചിത്രം വിവരിക്കുന്നു. പാലക്കാട് കൊല്ലങ്കോട് ഗ്രാമപശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. ഗ്രാമത്തിന്റെ നന്മയും ഭംഗിയും ജലധാരയിൽ സംവിധായകൻ പകർത്തിവച്ചിട്ടുണ്ട്.
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡ് ബാനറിലാണ് സിനിമ നിർമിച്ചത്. സനു കെ ചന്ദ്രന്റെ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്. സംവിധായകൻ ആശിഷ് ചിന്നപ്പയും പ്രജിത്ത് എംപിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. നീണ്ടുപോകുന്ന കോടതി വിചാരണയെയും മറ്റും സിനിമ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നുകാട്ടുന്നു. ആശിഷ് ചിന്നപ്പയുടെ ആദ്യ സംവിധാന ചിത്രം കൂടിയാണ് ജലധാര.
ജിയോസിനിമയിൽ ജിയോ വരിക്കാർക്ക് സിനിമ സൌജന്യമായും ആസ്വദിക്കാം. എന്നാൽ പരസ്യങ്ങളോടെയുള്ള സ്ട്രീമിങ്ങാണ് ഇങ്ങനെ ലഭിക്കുന്നത്. മാസം സബ്സ്ക്രിപ്ഷൻ പ്ലാൻ 29 രൂപയ്ക്ക് വരെയുണ്ട്. അതായത്, 29 രൂപ മുടക്കിയാൽ പരസ്യങ്ങളില്ലാതെ സിനിമ കാണാം.
കൽക്കി ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങളും ജിയോസിനിമയിലുണ്ട്. ജലധാര ജിയോസിനിമയിൽ മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്. ഇനിയും കൂടുതൽ മലയാള ചിത്രങ്ങൾ ജിയോസിനിമയിൽ കാണാം.