ഇപ്പോൾ മലയാളസിനിമയുടെ ഭാഗ്യവും ഹിറ്റ് മെഷീനുമെല്ലാം Basil Joseph ആണ്. സംവിധാനം ചെയ്ത 3 സിനിമകൾ മാത്രമല്ല, അഭിനയിച്ചതിൽ ഒട്ടുമിക്കവയും സൂപ്പർ ഹിറ്റ് തന്നെ. കോമഡിയാകട്ടെ, ഇമോഷണൽ, നെഗറ്റീവ് റോളാകട്ടെ എല്ലാം ഇവിടെ ഭദ്രം.
ബേസിൽ ജോസഫിന്റെ സ്ക്രീൻ സാന്നിധ്യമുണ്ടായാൽ മതി സിനിമ സൂപ്പർ ഹിറ്റാവുകയാണ്. സംവിധായകൻ കൂടിയായ ബേസിലിന്റെ താരമൂല്യവും ഇതിന് സ്വാധീനിച്ചിട്ടുണ്ട്.
കുഞ്ഞിരാമായണം, മിന്നൽ മുരളി, ഗോദ എന്നീ ചിത്രങ്ങളാണ് ബേസിൽ ജോസഫിന്റെ സംവിധാന ചിത്രങ്ങൾ. ഈ 3 സിനിമകളും ഹിറ്റുകളായി. എന്നാൽ ഹിറ്റ് നായകനായും നിരവധി ചിത്രങ്ങളിലാണ് ബേസിൽ തിളങ്ങിയത്. താരത്തിന്റെ ഏറ്റവും ജനപ്രിയമായ സിനിമകളും അവയുടെ ഒടിടി വിശേഷങ്ങളും ഇതാ…
ആദ്യം ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹിറ്റ് ചിത്രങ്ങൾ നോക്കാം. പാൽതു ജാൻവർ, ജയ ജയ ജയ ജയ ഹേ, ജാൻ എ മൻ, ഫാലിമി തുടങ്ങിയവയാണ് ഇതിൽ പ്രധാനം. അടുത്തിടെ പുറത്തിറങ്ങിയ സൂക്ഷ്മദർശിനി, ഗുരുവായൂരമ്പലനടയിൽ എന്നിവയും ഒടിടിയിൽ ആസ്വദിക്കാം.
സംഗീത് പി രാജൻ സംവിധാനം ചെയ്ത ചിത്രമാണ് പാൽതു ജാൻവർ. ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടറായി ഒരു ഗ്രാമത്തിലെത്തുന്ന നായകന്റെ അനുഭവങ്ങളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിച്ച സിനിമ നിങ്ങൾക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണാം.
ലിസ്റ്റിലെ അടുത്ത ചിത്രം Jaya Jaya Jaya Jaya Hey ആണ്. വിപിൻ ദാസ് സംവിധാനം ചെയ്ത സിനിമയിൽ ദർശന രാജേന്ദ്രനാണ് നായകൻ. ബേസിലിന്റെ ആരും മറക്കാത്ത പ്രധാന സിനിമകളിലൊന്നാണിത്. ഈ ചിത്രവും നിങ്ങൾക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.
മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിന്റെ ആദ്യ ചിത്രമാണ് Jan. E. Man. കാനഡയിൽ നിന്ന് പിറന്നാൾ ആഘോഷിക്കാൻ എത്തുന്ന ജോയ്മോനെ ബേസിൽ അതിശയകരമായി സ്ക്രീനിൽ പകർത്തി. സിനിമ നിങ്ങൾക്ക് സൺനെക്സ്റ്റിൽ ആസ്വദിക്കാം.
നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഒരു തല തിരിഞ്ഞ ഫാമിലി ചിത്രമാണിത്. നർമവും വൈകാരികവും എല്ലാം ചേർത്തുള്ള യാത്രമാണ് Falimy സിനിമയിലുള്ളത്. ബേസിൽ ജോസഫിന്റെ ഫാലിമി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണാം.
ജയ ജയ ജയ ജയഹേയ്ക്ക് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത ചിത്രമാണിത്. പൃഥ്വിരാജ്, അനശ്വര രാജൻ, ബേസിൽ ജോസഫ് എന്നിവരാണ് പ്രധാന താരങ്ങൾ. 90 കോടി രൂപ ബോക്സ് ഓഫീസിൽ നിന്ന് നേടിയ സിനിമ ഒടിടിയിലും ലഭ്യമാണ്. ഇതുവരെ ചിത്രം കാണാത്തവർക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.
നസ്രിയയും ബേസിലും ചേർന്നാൽ ചിരിച്ചുമടുക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. ഇരുവരും ആദ്യമായി സ്ക്രീനിൽ ഒന്നിച്ചപ്പോൾ ഗംഭീര ത്രില്ലറാണ് പിറന്നത്. എം സി ജിതിൻ സംവിധാനം ചെയ്ത Sookshmadarshini കഴിഞ്ഞ വാരം ഒടിടി റിലീസിന് എത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സൂക്ഷ്മദർശിനി സ്ട്രീമിങ് ആരംഭിച്ചത്.
ഇതിന് പുറമെ ബേസിൽ നിർണായക വേഷങ്ങളിൽ എത്തിയ വേറെയും സിനിമകളുണ്ട്. ഇവയിൽ ടൊവിനോയുടെ ARM നിങ്ങൾക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണാം. വിജയരാഘവൻ അവിസ്മരണീയമാക്കിയ പൂക്കാലത്തിൽ ബേസിൽ വക്കീൽ വേഷമിടുന്നു. ഈ ചിത്രവും ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്.
അർജുൻ രാധാകൃഷ്ണൻ, ദർശന രാജേന്ദ്രൻ എന്നിവർ അഭിനയിച്ച ഡിയർ ഫ്രണ്ടിലും ബേസിൽ എത്തുന്നു. ഈ ചിത്രം നിങ്ങൾക്ക് നെറ്റ്ഫ്ലിക്സിൽ കാണാം. ആസിഫ് അലിയുടെ കെട്ട്യോളാണ് എന്റെ മാലാഖ പ്രൈം വീഡിയിലുണ്ട്. വിനീത് ശ്രീനിവാസൻ നായകനായ മനോഹരത്തിലും ബേസിലുണ്ട്. ഈ ചിത്രം നിങ്ങൾക്ക് ആമസോൺ പ്രൈം വീഡിയിൽ ലഭിക്കുന്നു.
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ 3 ചിത്രങ്ങളാണുള്ളത്. ഇതിൽ ഗോദ ആമസോൺ പ്രൈമിലും കുഞ്ഞിരാമായണം ഹോട്ട്സ്റ്റാറിലും കാണാവുന്നതാണ്. മിന്നൽ മുരളി തിയേറ്റർ റിലീസിനല്ലാതെ നേരിട്ട് ഒടിടിയിൽ എത്തിയ ചിത്രമാണ്. നെറ്റ്ഫ്ലിക്സിലായിരുന്നു സിനിമ റിലീസ് ചെയ്തത്.