ഉണ്ണി മുകുന്ദൻ തമിഴിൽ അഭിനയിച്ച Garudan OTT-യിലെത്തി. തമിഴ് താരം സൂരി, ശശികുമാർ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിലുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടി ശിവദയും ഗരുഡനിൽ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ തമിഴ് ചിത്രം ഗരുഡൻ ഒടിടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ഗരുഡൻ റിലീസ് ചെയ്തിട്ടുള്ളത്. വെട്രിമാരന്റെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള ദുരൈ സെന്തിൽ കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. കാക്കിസട്ടെ, എതിർ നീച്ചൽ, കൊടി പോലുള്ള സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.
ഇക്കഴിഞ്ഞ മെയ് 31-നായിരുന്നു ഗരുഡൻ തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ഒരു മാസം പിന്നിട്ട് സിനിമ ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചിരിക്കുന്നു.
സൂരിയാണ് ആക്ഷൻ പാക്ക്ഡ് എന്റർടെയിനറിലെ നായകൻ. വെട്രിമാരന്റെ വിടുതലൈ ഭാഗം 1-ലൂടെ നായകനായി അതിശയിപ്പിച്ച താരമാണ് സൂരി. ഗരുഡനിലും അദ്ദേഹം മികവുറ്റ പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്.
ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ തമിഴ് സിനിമയാണ് ഗരുഡൻ. മലയാളത്തിലെ ഹിറ്റ് ചിത്രം നന്ദനത്തിന്റെ റീമേക്കിലാണ് ആദ്യമായി തമിഴിൽ അഭിനയിച്ചത്.
ആക്ഷൻ അഡ്വെഞ്ചർ ചിത്രം ഗരുഡൻ ആമസോൺ പ്രൈം വീഡിയോയിൽ ആസ്വദിക്കാം. സിംപ്ലി സൗത്ത്, ടെന്റ് കൊട്ട എന്നീ പ്ലാറ്റ്‌ഫോമുകളിലും സിനിമ സ്ട്രീം ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് സിംപ്ലി സൗത്തിലൂടെ കാണാം.
സംവിധായകൻ തന്നെയാണ് ഗരുഡന്റെ രചന നിർവഹിച്ചിരിക്കുന്നത്. എന്നാൽ വെട്രിമാരനിൽ നിന്നുമാണ് കഥാതന്തു എടുത്തിട്ടുള്ളത്. സമുദ്രക്കനി, രേവതി ശർമ്മ, മൊട്ടൈ രാജേന്ദ്രൻ എന്നിവരും സിനിമയുടെ അഭിനയനിരയിലുണ്ട്.
തമിഴകത്തിന്റെ പ്രശസ്ത സംഗീതജ്ഞൻ യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആർതർ എ. വിൽസണാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രദീപ് ഇ. രാഘവ് സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ജി. ദുരൈരാജാണ് കലാസംവിധായകൻ.
ലാർക്ക് സ്റ്റുഡിയോസിന്റെ ബാനറിലാണ് തമിഴ് ആക്ഷൻ ചിത്രം നിർമിച്ചത്. കെ. കുമാർ ആയിരുന്നു സിനിമയുടെ നിർമാതാവ്.ബോക്സ് ഓഫീസിൽ നിന്ന് ഗരുഡൻ 50 കോടി കളക്ഷൻ നേടി. സിനിമയുടെ ഒടിടി റിലീസിനും പ്രേക്ഷകർ കാര്യമായ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ.