Fahadh Faasil വൺമാൻഷോ തീർത്ത ബ്ലോക്ബസ്റ്റർ ചിത്രമാണ് Aavesham. കോമഡി മാസ് സൂപ്പർ ഹിറ്റ് ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടുന്നു. എന്നാൽ അപ്രതീക്ഷിതമായി Aavesham OTT release തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷു റിലീസായി തിയേറ്ററിൽ എത്തിയ ചിത്രം ഈ ആഴ്ച ഒടിടിയിലെത്തും.
റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴെ സിനിമ ഒടിടിയിലേക്ക് വരുന്നു. അതും തിയേറ്ററുകളിൽ ഇപ്പോഴും ആവേശത്തിന്റെ ആവേശം ചോർന്നിട്ടില്ല. 150 കോടിയാണ് ചിത്രം ആഗോളതലത്തിൽ ഇതുവരെ വാരിക്കൂട്ടിയത്. 66 കോടി കേരളത്തിൽ നിന്ന് മാത്രം ലഭിച്ചു.
ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് Aavesham. രോമാഞ്ചം എന്ന ബോക്സ് ഓഫീസ് ഹിറ്റിന്റെ സംവിധായകനാണ് അദ്ദേഹം. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും ബാനറിലാണ് ചിത്രം നിർമിച്ചിട്ടുള്ളത്. അന്‍വര്‍ റഷീദും നസ്രിയ നസീമുമാണ് ആവേശത്തിന്റെ നിർമാതാക്കൾ.
സിനിമ മെയ് 9-ന് ഒടിടിയിലേക്ക് വരുന്നു. ഡിജിറ്റൽ സ്ട്രീമിങ്ങിന് രണ്ട് ദിവസം മുമ്പാണ് അണിയറപ്രവർത്തകർ തീയതി പുറത്തുവിട്ടത്. ആമസോൺ പ്രൈം വഴിയാണ് ആവേശം ഒടിടി റിലീസ് ചെയ്യുന്നത്.
ചിരിപ്പിച്ചും മാസ് ആക്ഷൻ രംഗങ്ങളിലൂടെ കയ്യടിപ്പിച്ചും ആവേശം ഹിറ്റായി മാറി. ബോളിവുഡ് നടി മൃണാൾ താക്കൂർ ഉൾപ്പെടെയുള്ളവർ ആവേശത്തിന് പ്രശംസയുമായി എത്തിയിരുന്നു. മൂന്ന് എഞ്ചിനീയറിങ് വിദ്യാർഥികളെയും ഒരു ഗുണ്ട നേതാവിനെയും ചുറ്റിപ്പറ്റിയാണ് ആവേശത്തിന്റെ കഥ.
സജിന്‍ ഗോപു, ഹിപ്സ്റ്റർ, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ് എന്നിവരാണ് മറ്റ് താരങ്ങൾ. തെന്നിന്ത്യൻ താരങ്ങളായ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ദർശന രാജേന്ദ്രന്റെ അമ്മയും അഭിനേത്രിയുമായ നീരജ രാജേന്ദ്രന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. പൂജ മോഹന്‍രാജ്, മിഥൂട്ടി, തങ്കം മോഹന്‍ എന്നിവരും അഭിനയനിരയിലുണ്ട്.
ആവേശത്തിന് തിയേറ്ററിൽ ആവേശം നിറച്ച ചിത്രത്തിന്റെ സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ്. സിനിമയിലെ എല്ലാ ഗാനങ്ങളും ഇതിനകം ട്രെൻഡിങ്ങിലുമായിട്ടുണ്ട്. ചിത്രത്തിനായി സമീർ താഹിർ ക്യാമറയും, വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.