Empuraan Vibe
Mohanlal നായകനായ L2: Empuraan തിയേറ്ററുകളിൽ ആഘോഷത്തിമർപ്പോടെ പ്രദർശനം തുടങ്ങി. ഇത്രയും ഹൈപ്പിലും വരവേൽപ്പിലും ഒരു മലയാള ചിത്രം ബിഗ് സ്ക്രീനിലെത്തുന്നത് ചരിത്രത്തിലാദ്യമാണ്. പാൻ ഇന്ത്യ തലത്തിലാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത Lucifer-ന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തിരിക്കുന്നത്. 6 മണിക്ക് തന്നെ ഫാൻസിന് വേണ്ടിയുള്ള ഫസ്റ്റ് ഷോയ്ക്ക് കൊടിയേറി.
മറ്റ് ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്ന് സിനിമയുടെ തിയേറ്റർ റിലീസിലും കാര്യമായ വ്യത്യസ്തമുണ്ട്. L2: എമ്പുരാൻ ദേശീയ മൾട്ടിപ്ലക്സ് ശൃംഖലകളിൽ നിന്ന് ശക്തമായ സപ്പോർട്ടോടെയാണ് റിലീസിനുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് ശൃംഖലയായ PVR INOX സിനിമ റിലീസ് ചെയ്യിക്കുന്നു. ഒന്നിലധികം മൾട്ടിപ്ലക്സ് ശൃംഖലകളുടെ താൽപ്പര്യവും പങ്കാളിത്തവുമുള്ളതിനാൽ ഹിന്ദി പ്രേക്ഷകരുടെ ഇടയിലേക്കും തിയേറ്ററുകളിലൂടെ സിനിമ വ്യാപിച്ചേക്കും. എമ്പുരാന് ഏറ്റവും കൂടുതൽ ഷോകളുള്ള സംസ്ഥാനം കർണാടകയാണെന്ന് പൃഥ്വിരാജ് ബെംഗളൂരുവിൽ പറഞ്ഞു.
ഇനി എമ്പുരാൻ പൂരമാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ തിമർക്കാൻ പോകുന്നത്. ഏറെക്കുറെ ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നുമുള്ള താരങ്ങളെ പൃഥ്വിരാജ് എമ്പുരാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പോരാഞ്ഞിട്ട് ഗെയിം ഓഫ് ത്രോൺസ് ഉൾപ്പെടെയുള്ള ഇന്റർനാഷണൽ ഫെയിമുകളെയും ലൂസിഫർ 2-ൽ കാണാം. തിയേറ്ററിലേക്ക് പോകുന്നവർക്ക് പൃഥ്വിരാജും കൂട്ടരും ഒരു മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്. എൻഡ് ടൈറ്റിൽ കാണിച്ചാലും സീറ്റ് വിടരുത്. അവസാനം ഒരു സർപ്രൈസ് കൂടി പൃഥ്വിരാജ്, മോഹൻലാൽ ആരാധകർക്ക് വേണ്ടി കരുതിയിട്ടുണ്ടെന്ന് സാരം.
എമ്പുരാൻ തിയേറ്ററിൽ കാണാൻ പറ്റാത്തവർ എന്ത് ചെയ്യും? അവർ ഒടിടി റിലീസിനായി കാത്തിരിക്കുന്നുണ്ടാവും. എന്നാൽ ഒടിടി പ്രേക്ഷകർക്ക് അൽപം നിരാശയുള്ള കാര്യമാണ് പറയാൻ പോകുന്നത്.
ദക്ഷിണേന്ത്യൻ ബിഗ് ബജറ്റ് സിനിമകൾക്ക് പലപ്പോഴും ഒടിടി റിലീസ് വലിയ ആശ്വാസമാണ്. തിയേറ്ററുകളിൽ മറ്റ് ഭാഷക്കാർ അറിയാതെ പോയ ചിത്രങ്ങൾ ഒടിടിയിൽ വലിയ പ്രചാരം നേടാറുണ്ട്. പോരാഞ്ഞിട്ട് മലയാളം ഉൾപ്പെടുന്ന ഭാഷകളിലെ ചിത്രങ്ങൾക്ക് ഒടിടി റിലീസ് സാമ്പത്തിക അപകടസാധ്യതകൾ കുറയ്ക്കും. അതിനാൽ തന്നെ റിലീസിന് മുന്നേ അവയുടെ ഒടിടി ഡീലും നടന്നിരിക്കും. വിജയ്‌യുടെ GOAT, രജനീകാന്തിന്റെ Vettiyan എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണ്.
എന്നാൽ എമ്പുരാന്റെ അന്തരീക്ഷം ഇതൊന്നുമല്ല എന്നതാണ് സിനിമ പോലെ ട്വിസ്റ്റ്. എമ്പുരാൻ മൾട്ടിപ്ലക്സ് പിന്തുണ നേടിയാണ് തിയേറ്ററുകളിൽ കുതിക്കാൻ എത്തിയിട്ടുള്ളത്. സിനിമാകൊട്ടകയിലെത്തി 8 ആഴ്ചയ്ക്ക് ശേഷം മാത്രമേ ഒടിടിയിൽ എത്താകൂ എന്നാണ് നിബന്ധന.
എന്നുവച്ചാൽ 1 മാസവും 26 ദിവസം കഴിഞ്ഞ് മാത്രമേ ഡിജിറ്റൽ പ്രീമിയർ തുടങ്ങാവൂ എന്നാണ് മൾട്ടിപ്ലെക്സുകളുടെ നിർദേശം. രണ്ട് മാസമെങ്കിലും എമ്പുരാന്റെ ഒടിടി റിലീസ് വൈകിപ്പിക്കണമെന്ന നിബന്ധനയുള്ളതായി എം9 ന്യൂസിന്റെ റിപ്പോർട്ട് പറയുന്നു.
നിലവിൽ, സിനിമയ്ക്കായി ഒരു OTT കരാറും അന്തിമമാക്കിയിട്ടില്ല. മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് പോലുള്ള വമ്പൻ താരനിര മലയാളത്തിൽ നിന്ന് മാത്രമുണ്ട്. പോരാഞ്ഞിട്ട് ഇന്റർനാഷണൽ താരങ്ങളും സാന്നിധ്യമറിയിക്കുന്നു.
പൃഥ്വിരാജിന്റെ സംവിധാനവും മുരളി ഗോപിയുടെ തിരക്കഥയും ഒട്ടും നിരാശപ്പെടുത്തില്ലെന്ന ഉറപ്പും സിനിമാപ്രേമികൾ സൂക്ഷിക്കുന്നു. അതിനാൽ തന്നെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ എമ്പുരാന് വേണ്ടി താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന OTT വിലയായിരിക്കും സിനിമയ്ക്ക് ലഭിക്കുക എന്ന് പ്രതീക്ഷിക്കാം.