All We Imagine As Light: കനി കുസൃതി, ദിവ്യ പ്രഭ എന്നിവർ മുഖ്യവേഷത്തിലെത്തിയ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു. 2024-ൽ ബറാക് ഒബാമയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ സിനിമയാണിത്. നിരൂപക പ്രശംസയും കാൻസ് ചലച്ചിത്രമേളയിൽ ചരിത്ര വിജയവും നേടി.
ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്. പായൽ കപാഡിയയാണ് ചിത്രം സംവിധാനം ചെയ്തത്. ചലച്ചിത്രമേളയിൽ വൻ സ്വീകര്യത നേടിയിരുന്നു. കാനിൽ ഗ്രാൻഡ് പിക്സ് പുരസ്‌കാരം കരസ്ഥമാക്കിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ഇത് മാറി.
നവംബർ 22ന് ഓൾ ഇന്ത്യ തലത്തിൽ സിനിമ തിയേറ്ററുകളിലും റിലീസ് ചെയ്തു. രണ്ട് മാസങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്.
ജനുവരി 3-ന് സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം അർധരാത്രി മുതൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഓൾ വീ ഇമാജിൻ അസ് ലൈറ്റ് സ്ട്രീമിങ് നടത്തുന്നത്.
സിനിമയുടെ ഒടിടി റിലീസ് തീയതി കഴിഞ്ഞ വാരം സംവിധായിക പ്രഖ്യാപിച്ചു. തിയേറ്ററിലെ പ്രതികരണത്തിൽ സന്തോഷം തോന്നിയതായും, ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണെന്നും അവർ പറഞ്ഞു.
Also Read: 2025 നിരാശപ്പെടുത്തില്ല! മലയാളത്തിൽ L2 Empuraan, കത്തനാർ, പ്രേമലു 2, തുടരും…
സിനിമ അന്താരാഷ്ട്ര തലത്തിൽ മിന്നുന്ന വിജയം നേടി രാജ്യത്ത് നല്ല ചർച്ചകൾക്ക് വഴിയൊരുക്കി. എന്നാൽ മലയാളത്തിൽ ചിലർ സിനിമയ്ക്ക് എതിരെ വിമർശനങ്ങളുമായി എത്തിയിരുന്നു. ഓൾ വി ഇമാജിൻ അസ് ലൈറ്റിലെ ചില സീനുകൾ സോഷ്യൽ മീഡിയയിൽ ചോർന്നതാണ് ചർച്ചകൾക്ക് വഴി വച്ചത്.
സിനിമയിൽ നഗ്നദൃശ്യങ്ങൾ ഉള്ളതായി ചൂണ്ടിക്കാണിച്ചായിരുന്നു പലരും വിമർശിച്ചത്. നടിയുടെ നഗ്നസീനുകൾ കാണാൻ പലരും ആവേശം കൂട്ടി. അതിന്റെ വീഡിയോ ക്ലിപ്പുണ്ടോ എന്ന രീതിയിൽ കമന്റുകൾ നിറഞ്ഞു. ഈ സിനിമയിലേക്ക് കടന്നുവരുമ്പോൾ ഇത്തരമൊരു പ്രതികരണം താൻ പ്രതീക്ഷിച്ചിരുന്നതായി ദിവ്യ പ്രഭ പറഞ്ഞു. ലീക്ക് ചെയ്ത വീഡിയോകൾ ഷെയർ ചെയ്തവർ 10 ശതമാനം മാത്രമേയുള്ളൂ എന്നും താരം പ്രതികരിച്ചു.