ഭീഷ്മ പർവ്വത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത സിനിമയാണ് Bougainvillea. ഒരു പതിറ്റാണ്ടിന് ശേഷം ജ്യോതിർമയി സിനിമയിലേക്ക് തിരിച്ചുവന്ന സിനിമ കൂടിയാണിത്. കുഞ്ചാക്കോ ബോബൻ, Fahadh Faasil എന്നിവരാണ് മറ്റ് താരങ്ങൾ.
സിനിമ കഴിഞ്ഞ വാരം ഒടിടിയിൽ റിലീസ് ചെയ്തു. തിയേറ്ററുകളിൽ അതിഗംഭീരമായില്ലെങ്കിലും, ഭേദപ്പെട്ട കളക്ഷനോടെ ചിത്രം ഓടി. ഒടിടിയിൽ എത്തുമ്പോൾ എന്താകും എന്നായിരുന്നു സിനിമാപ്രേമികളുടെ ആകാംക്ഷ. പ്രത്യേകിച്ച് മറുനാട്ടുകാർ മലയാള സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുന്ന കാലം കൂടിയാണിത്. കിഷ്കിന്ധാകാണ്ഡവും എആർഎമ്മും ഈയടുത്ത് തിയേറ്ററിലെത്തിയ സൂക്ഷ്മദർശിനിയുമെല്ലാം അത് വ്യക്തമാക്കുന്നു.
എന്നാൽ Bougainvillea OTT-യിലെത്തിയതിന് ശേഷം അപ്രതീക്ഷിതമായ ഒരു ചർച്ചയാണ് വരുന്നത്. പതിവ് പോലെ അമൽ നീരദ് ചിത്രം മേക്കിങ്ങിലും സിനിമാറ്റോഗ്രാഫിയിലും നിരാശപ്പെടുത്തിയില്ല. നോവലിനെ ആസ്പദമാക്കി എടുത്തതിനാൽ പലരും വലിയ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരുന്നത്.
എന്നാൽ സിനിമയുടെ പകുതി ആയപ്പോഴെ കഥയുടെ ഗതി പ്രവചനാതീതമായിരുന്നു എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. നിരവധി ത്രില്ലറുകൾ കണ്ട് പതിവായതിനാൽ സൈക്കോ ത്രില്ലർ സിനിമകൾക്ക് ഒരുവിധം കേൾക്കുന്ന വിമർശനമാണിത്. എന്നാൽ ഇവിടെയൊന്നുമല്ല ബോഗയ്ൻവില്ല ട്രോൾ വാരിക്കൂട്ടുന്നത്.
ഉദ്വേഗജനകമായ ക്ലൈമാക്സിലെ ഒരു ഡയലോഗാണ് ഇപ്പോൾ ട്രോളുകൾക്ക് ഇരയാകുന്നത്. രസകരമായ കമന്റുകളാണ് ഈ ഡയലോഗിന് വരുന്നത്. ക്ലൈമാക്സിൽ രോമാഞ്ചമാകുമെന്ന് തോന്നിയ ഡയലോഗ് ഉദ്ദേശിച്ചിടത്ത് എത്തിയില്ല. പോരാഞ്ഞിട്ട് ട്രോളന്മാരുടെ കണ്ണിലും പെട്ടു. ചിത്രത്തിലെ ഒരു പ്രത്യേക സീക്വൻസ് ട്രോളന്മാരും നെറ്റിസൺസും ട്രോളുകയാണ്.
റീത്തുവിന്റെ വേലക്കാരി രമയായി അഭിനയിച്ചത് നടി സൃന്ദയാണ്. സിനിമയുടെ ക്ലൈമാക്സിൽ സൃന്ദ പറയുന്നൊരു ഡയലോഗാണ് രസകരമായ ട്രോളുകളായി പ്രചരിക്കുന്നത്. രോമാഞ്ചത്തിന് പകരം സംഭവം കോമഡിയായല്ലോ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
Also Read: തിയേറ്ററിൽ മാത്രമല്ല, ലോകത്തിൽ തന്നെ ദുൽഖറിന്റെ Lucky Baskhar ചരിത്രമാകുന്നു, New Record ഇങ്ങനെ…
ക്ലൈമാക്സിൽ വില്ലനെ മർദിച്ചിട്ട് ‘ഇവനോക്കെ ഇത്രേ ഒള്ളു ചേച്ചി’ എന്ന് രമ പറയുന്നു. വെടിയേറ്റ് വീഴുന്ന കൊലയാളിയായ വില്ലനെ കസേര എടുത്ത് പറന്നുവന്ന് അടിച്ച ശേഷമാണ് ഡയലോഗ്. സീൻ സ്ത്രീ ശാക്തീകരണമാണ് ഉദ്ദേശിച്ചതെങ്കിലും പാളിപ്പോയി എന്നാണ് കമന്റുകൾ. ക്ലൈമാക്സിന് തൊട്ടുമുമ്പ് ഇതേ വില്ലന്റെ ഒറ്റയടിക്ക് മണ്ണുകൂപ്പിയ രമയാണ് ഇത്ര വലിയ ഡയലോഗ് തൊടുത്തുവിടുന്നത്. അതും വെടിയേറ്റ് വീഴുമ്പോൾ പറഞ്ഞത് അസ്ഥാനത്തായി പോയെന്നാണ് ട്രോളുകൾ.
റീത്തുവിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കി എടുത്ത ചിത്രമാണ് ബോഗയ്ൻവില്ല. നോവലിസ്റ്റ് തന്നെയാണ് ഇതിന്റെ കഥ ഒരുക്കിയതും. എന്നാൽ പ്രതീക്ഷിച്ച അത്ര ഗംഭീരമായില്ലെങ്കിലും, സിനിമയുടെ മേക്കിങ്ങിനും താരങ്ങളുടെ അഭിനയപ്രകടനത്തിനും പ്രശംസ ലഭിക്കുന്നു. വീണ നന്ദകുമാറിന്റെ ഫൈറ്റ് സീനുകൾ സ്റ്റീരിയോടൈപ്പുകളെ മാറ്റുന്ന പ്രവണതയായിരുന്നുവെന്നും പ്രശംസ നേടുന്നു.
ചാക്കോച്ചനും ജ്യോതിർമയിയും പെർഫോമൻസിൽ അതിശയിപ്പിച്ചു. ചിത്രത്തിലെ സുഷിൻ ശ്യാമിന്റെ ബാക്ക്ഗ്രൌണ്ട് സ്കോറും മൂഡ് നിലനിർത്താൻ സഹായിച്ചു. അതുപോലെ ഫ്രെയിമുകളും മേക്കിങ്ങും മികച്ചതാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാവുന്ന സിനിമയാണ് ബോഗയ്ൻവില്ല.