Rekhachithram വെറും നാല് ദിവസം കൊണ്ട് 28 കോടിയാണ് വാരിക്കൂട്ടിയത്. ഇന്ത്യൻ സിനിമയിൽ തന്നെ വളരെ ചെറിയ ബജറ്റിലൊരുക്കുന്ന സിനിമകളാണ് മലയാളത്തിലേത്. എന്നാൽ ഇപ്പോൾ ഇന്ത്യൻ സിനിമാപ്രേമികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളും മലയാളത്തിൽ നിന്നുള്ളവയാകുന്നു.
തിയേറ്ററുകളിൽ നിഗൂഢതയും ത്രില്ലറും വിളമ്പി Asif Ali-യുടെ രേഖാചിത്രം മുന്നേറുകയാണ്. ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിന്‍ ചാക്കോയുടെ അടുത്ത സംവിധാന സംരഭം. മലയാള സിനിമയ്ക്ക് പുതിയൊരു ആഖ്യാനരീതി കൂടി സമ്മാനിച്ചാണ് രേഖാചിത്രം പ്രേക്ഷകരിലേക്ക് കയറിക്കൂടിയത്. മൌത്ത് പബ്ലിസിറ്റിയിലൂടെ സിനിമ തിയേറ്ററുകളിൽ ആറാടുകയാണെന്ന് പറയാം.
രേഖാചിത്രത്തിൽ കടന്നുവരുന്ന പഴയ കാല സിനിമകളും റെഫറൻസുമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഒപ്പം മറ്റൊരു സംഭവവും ഇപ്പോൾ ചർച്ചയാകുന്നു.
വര്‍ത്തമാനകാലത്തെയും 80-കളേയും കണക്റ്റ് ചെയ്താണ് രേഖാചിത്രം കഥ പറഞ്ഞിരിക്കുന്നത്. ഇതിൽ കാതോട് കാതോരം എന്ന സിനിമയിലെ ഗെറ്റപ്പിൽ മമ്മൂട്ടിയും സാന്നിധ്യമറിയിക്കുന്നു. മമ്മൂട്ടിയുമായി സാദൃശ്യപ്പെടുത്തി ഡ്യൂപ്പിട്ടല്ല പഴയ മമ്മൂട്ടിയെ കൊണ്ടുവന്നിരിക്കുന്നത്. പിന്നെയോ, മലയാള സിനിമയിൽ ഇതുവരെ പയറ്റിനോക്കാത്ത പരീക്ഷണമാണ് അവതരിപ്പിച്ചത്.
മറ്റ് ഭാഷാ സിനിമയിൽ വലിയ പണം മുടക്കി പരീക്ഷിച്ചിട്ടും പാളിപ്പോയ ഉദ്യമം. എന്നാൽ രേഖാചിത്രത്തിലെ ഈ പരീക്ഷണത്തിന് നൽകിയത് തിയേറ്ററുകളിലെ കൈയടിയായിരുന്നു.
എഐ ടെക്നോളജിയുടെ കൂടി സഹായത്തിലാണ് കാതോട് കാതോരത്തിലെ മമ്മൂട്ടിയെ 2025-ൽ കൊണ്ടുവന്നിരിക്കുന്നത്. ഒന്ന് പാളിയാൽ ഇമോഷണലായി കൊണ്ടുപോകുന്ന രേഖാചിത്രത്തെ ഒരു കോമഡിയാക്കിയേനെ. എന്നാൽ AI Technology തന്ത്രം സിനിമയെ നന്നായി സഹായിച്ചു.
രേഖാചിത്രത്തിന്റെ എഴുത്ത് തുടങ്ങിയ സമയത്ത് ഇത്രക്ക് എ.ഐ വികസിച്ചിട്ടില്ല എന്നാണ് നടൻ ആസിഫ് അലി പറഞ്ഞത്. എന്നാലും എഐ കൂടി മനസിൽ വച്ചാണ് സിനിമയുമായി ഇവർ മുന്നോട്ട് പോയത്.
സംവിധായകൻ ജോഫിന്‍ ചാക്കോയ്ക്കും മമ്മൂട്ടിയുടെ പഴയകാല ഗെറ്റപ്പിനായി രണ്ട് പ്ലാനുകളായിരുന്നു ഉണ്ടായിരുന്നത്. പ്ലാൻ ബി ആയിരുന്നു എഐ ഉപയോഗിക്കാമെന്നത്. ഒടിടി പ്ലേയുടെ റിപ്പോർട്ടിലാണ് സംവിധായകന്റെ വിശദീകരണം.
കാതോട് കാതോരം ഭാഗങ്ങൾ എങ്ങനെ അവതരിപ്പിക്കണമെന്ന് തനിക്ക് എല്ലായ്പ്പോഴും ശരിയായ ധാരണയുണ്ടായിരുന്നു. AI-ക്ക് പകരമായി പ്ലാൻ എ ഉണ്ടായിരുന്നു. എന്തായാലും അതിപ്പോൾ അപ്രസക്തമായതിനാൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ജോഫിൻ ചാക്കോ പറഞ്ഞു. ആ പ്ലാനും ഇതുവരെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടില്ല എന്നാണ് സംവിധായകൻ പറഞ്ഞത്. പ്ലാൻ നടപ്പിലാക്കാനും കുറച്ച് പ്രയാസപ്പെടുമായിരുന്നു. മമ്മുക്കയെയും താൻ അത് ബോധ്യപ്പെടുത്തിയിരുന്നു.
എന്നാൽ AI ഉപയോഗിക്കുന്ന പ്ലാൻ ബി ഇതുമായി നോക്കുമ്പോൾ കുറച്ചുകൂടി എളുപ്പവുമായിരുന്നു. സിനിമ പൂർത്തിയാക്കാൻ 4 വർഷമെടുത്തു. ഈ കാലതാമസം ചിത്രത്തിന് എഐ ഉപയോഗിക്കുന്നതിലും മറ്റും ഗുണകരമായെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയിൽ എഐ ഉപയോഗിച്ചതിലെ മികവിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ ട്രോളുകളും പ്രചരിക്കുന്നു. മലയാളത്തിൽ ചെറിയ ബജറ്റ് സിനിമയിൽ ഇത്രയും ഗംഭീരമായി എഐ ഉപയോഗിച്ചതെങ്ങനെയെന്ന കൌതുകവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. തമിഴിലെ ഇന്ത്യൻ 2-ൽ പരാജയപ്പെട്ട എഐ സാങ്കേതികവിദ്യയാണ് രേഖാചിത്രത്തിൽ വിജയിച്ചതെന്നും ട്രോളുകളിൽ പരാമർശിക്കുന്നു.
എഐ ഇന്ന് പല രൂപേണ മനുഷ്യജീവിതത്തെയും കലയെയും മറ്റും സ്വാധീനിക്കുകയാണ്. ഈയിടെ കേരളത്തിൽ ഒരു കൊലപാതകം തെളിയിക്കാൻ വരെ എഐ സഹായിച്ചുവെന്നത് വാർത്തയായിരുന്നു.
Also Read: I AM Kathalan OTT Release: നസ്ലെന്റെ ത്രില്ലർ ചിത്രം എന്ന് ഒടിടിയിൽ കാണാം?