ആസിഫ് അലിയുടെ Kishkindha Kaandam OTT റിലീസ് പ്രഖ്യാപിച്ചു. ഇത്തവണ ഓണത്തിന് തിയേറ്ററുകളിൽ നിറഞ്ഞോടിയ മലയാളചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. സിനിമയുടെ ഒടിടി റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.
തിയേറ്ററിൽ കണ്ടുമടുക്കാത്തവർക്കും, ഒടിടിയിൽ കാണാൻ കാത്തിരിക്കുന്നവർക്കും ആ സന്തോഷ വാർത്ത എത്തി. സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയ പ്ലാറ്റ്ഫോം തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. തിരക്കഥയിലും അവതരണത്തിലും പ്രകടനത്തിലും ഗംഭീര പ്രശംസ നേടിയ ചിത്രമാണിത്.
ടൊവിനോ തോമസിന്റെ ARM-നൊപ്പമാണ് കിഷ്കിന്ധാ കാണ്ഡം തിയേറ്ററുകളിലെത്തിയത്. വമ്പൻ കളക്ഷൻ നേടിക്കൊണ്ടാണ് മലയാളചിത്രം തിയേറ്റർ വിട്ടിറങ്ങുന്നത്. ഒടിടിയിൽ വരുന്നതോടെ മലയാളത്തിന് പുറത്തും പ്രേക്ഷകർ സിനിമയെ വാഴ്ത്തുമെന്നത് ഉറപ്പ്.
ഒടുവിൽ കിഷ്കിന്ധാ കാണ്ഡത്തിന്റെ ഒടിടി അപ്ഡേറ്റ് പുറത്തു വന്നിരിക്കുന്നു. സിനിമ ഈ മാസം തന്നെ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കുമെന്നതാണ് സന്തോഷ വാർത്ത. നവംബര്‍ 19-ന് സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് മലയാള ചിത്രം റിലീസ് ചെയ്യുന്നത്.
Also Read: ഫയർ പുഷ്പയും ടെറർ ബന്‍വാര്‍ സിംഗ് ഷെഖാവത്തും ക്രിസ്മസിന് മുമ്പേ, പുഷ്പ 2 റിലീസ് തീയതി പുറത്ത്
മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ സ്ട്രീം ചെയ്യും. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തന്നെയാണ് ഒടിടി റിലീസ് തീയതി അറിയിച്ചത്. അപ്പോൾ തിങ്കളാഴ്ച കഴിഞ്ഞ് അർധരാത്രി മുതൽ കിഷ്കിന്ധാ കാണ്ഡം ഒടിടിയിൽ കാണാം.
അപർണ ബാലമുരളി, വിജയരാഘവൻ എന്നിവരാണ് മറ്റ് 2 പ്രധാന താരങ്ങൾ. ജഗദീഷ്, അശോകൻ, നിഷാൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ തുടങ്ങിയവരും സിനിമയിലുണ്ട്. വിജയരാഘവന്റെ അപ്പുപിള്ളയാണ് കഥയുടെ പ്രധാന കോർ. സിനിമയ്ക്ക് ആദ്യം തീരുമാനിച്ച പേര് കൂരിയസ് കേസ് ഓഫ് അപ്പുപിള്ള എന്നായിരുന്നു.
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്തത്. നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബാഹുല്‍ രമേശ് ആണ്. ഛായാഗ്രഹകനായി മലയാളത്തിന് സുപരിചിതനാണ് അദ്ദേഹം.
സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശ് തന്നെയാണ്. മുജീബ് മജീദ് സംഗീത സംവിധാനവും സൂരജ് ഇഎസ് എഡിറ്റിങ്ങും നിർവഹിച്ചു. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ചിത്രം നിർമിച്ചു.
അജയന്റെ രണ്ടാം മോഷണം ഇപ്പോൾ സ്ട്രീമിങ് തുടരുന്നു. കിഷ്കിന്ധാ കാണ്ഡത്തിനൊപ്പം സെപ്തംബർ 12-നാണ് സിനിമ തിയേറ്ററിലെത്തിയത്. എന്നാൽ എആർഎം ഒരാഴ്ച മുന്നേ സ്ട്രീമിങ് തുടങ്ങി. ടൊവിനോയുടെ മാസ്മരിക പ്രകടനം കാണാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സിനിമ കാണാം.