Oscar ഒഫിഷ്യൽ എൻട്രിയിലേക്ക് All We Imagine As Light എത്തിയില്ല. എന്തുകൊണ്ട് അവസാനഘട്ടം കിരൺ റാവുവിന്റെ Laapataa Ladies തെരഞ്ഞെടുക്കപ്പെട്ടു? ആരാധകരും എക്സിലൂടെ തുടരെ ചോദിക്കുന്ന സംശയമാണിത്.
കാൻസ് ചലച്ചിത്രമേളയിൽ തിളങ്ങിയ ഓൾ വീ ഇമാജിൻ അസ് ലൈറ്റായിരുന്നു ഓസ്കറിലേക്ക് അർഹമെന്ന് പലരും വാദിച്ചു. ഇപ്പോഴിതാ, ലാപതാ ലേഡീസ് താരം തന്നെ ഇത്തരമൊരു പ്രതികരണവുമായി എത്തിയിരിക്കുന്നു. ഓൾ വീ ഇമാജിൻ അസ് ലൈറ്റ് പരാജയപ്പെട്ടതിൽ സങ്കടമുണ്ടെന്നാണ് അവർ അഭിപ്രായപ്പെട്ടത്.
ലാപതാ ലേഡീസിലെ മഞ്ജു മയിയെ ആരും മറക്കില്ല. അറിയാത്ത നാട്ടിൽ ഒറ്റപ്പെട്ടുപോകുന്ന ഫൂലിന് ആശ്വസമാകുന്ന ചായക്കടക്കാരി. പുറമെ പരുക്കവും ഉള്ളിൽ കരുതലും നിറച്ച മഞ്ജു മയിയെ അവതരിപ്പിച്ചത് ഛായ കദം ആണ്. പായൽ കപാഡിയയുടെ All We Imagine As Light-ലും താരം ശ്രദ്ധേയ വേഷം ചെയ്തു.
ലാപതാ ലേഡീസിന് ഓസ്‌കാർ എൻട്രി ലഭിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ അസ് ലൈറ്റ് ഓസ്‌കാറിന് എത്തിയില്ല. ഇതിൽ തനിക്ക് സങ്കടമുള്ളതായി ഛായാ കദം വ്യക്തമാക്കി. ലാപതാ ലേഡീസിന്റെ ഓസ്‌കാർ എൻട്രിയെ കുറിച്ച് ഇന്ത്യ ടുഡേയുമായി സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് തനിക്ക് അഭിമാനത്തിന്റെ നിമിഷമാണെങ്കിലും ഒപ്പം ദുഃഖവുമുണ്ട്. കാരണം, മറുവശത്ത് തന്റെ മറ്റൊരു ചിത്രം ഓസ്കറിൽ നിന്ന് പരാജയപ്പെട്ടു. ഫിലിം ഫെഡറേഷനിലെ പ്രഗത്ഭരാണ് ഈ തീരുമാനമെടുത്തത്. അതുകൊണ്ട് ഇതിൽ എനിക്ക് അഭിപ്രായമില്ല. രണ്ട് ചിത്രങ്ങളും ഓസ്‌കാറിൽ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
2025-ലെ ഓസ്കാർ ലിസ്റ്റിലേക്ക് സിനിമ ഫ്രാൻസ് ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രീമിയറിനായി പാരീസിൽ എത്തിയിട്ടുണ്ടെന്നും ഛായ കദം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ഓസ്കർ എൻട്രിയിലേക്ക് ലാപതാ ലേഡീസിനെ തെരഞ്ഞെടുത്തതായി അറിയിച്ചത്. എന്നാൽ ഇതിനെതിരെ നിരവധി സിനിമാപ്രേമികൾ രംഗത്ത് എത്തി. ലാപതാ ലേഡീസ് മനോഹരമായ സിനിമയാണെങ്കിലും, ഓസ്കറിനുള്ള വക ചിത്രത്തിനില്ല. എക്സിൽ നിരവധി ആളുകൾ ജൂറി തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി.
ഇന്ത്യൻ ഓസ്‌കാർ ജൂറി മണ്ടത്തരങ്ങൾ കാട്ടുന്നത് തുടരുകയാണ്. പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ആയിരുന്നു തെരഞ്ഞെടുക്കേണ്ടത്. പകരം ലാപത ലേഡീസിനെ ഓസ്‌കാറിനായി തെരഞ്ഞെടുത്തു. എക്സിൽ വിമർശനങ്ങളുടെ ട്വീറ്റുകൾ നിറഞ്ഞു.
2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് തിളങ്ങി. കാനിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ സിനിമയായിരുന്നു ഇത്. ബോളിങ്ങിലൂടെ മികവ് കാട്ടിയിട്ടും ബാറ്റ്സ്മാന് പ്ലേയർ ഓഫ് ദി മാച്ച് കൊടുക്കുന്ന പോലെയാണിത്. ലാപതാ ലേഡീസിന് ഇന്ത്യയിലേക്ക് ഓസ്കർ കൊണ്ടുവരാനാകുമോ എന്നത് സംശയമാണെന്നും പലരും കുറിച്ചു.
പായൽ കപാഡിയ സംവിധാനം ചെയ്ത ബഹുഭാഷ ചിത്രമാണിത്. മലയാളത്തിലും മറാത്തിയിലും ഹിന്ദിയിലുമാണ് സിനിമ ഒരുക്കിയത്. കനി കുസൃതി, ദിവ്യപ്രഭ, അസീസ് നെടുമങ്ങാട് എന്നിവർ ചിത്രത്തിലുണ്ട്. ഛായ കദമാണ് ഓൾ വി ഇമാജിൻ അസ് ലൈറ്റിലെ മറ്റൊരു പ്രധാന താരം. മുംബൈയിൽ ജോലി ചെയ്യുന്ന മലയാളി സ്ത്രീകളുടെ സംഘർഷമാണ് കഥാപരിസരം.