ഇന്ന് യൂട്യൂബ് വെറുമൊരു വിനോദ മാർഗം മാത്രമല്ല, പലരുടെയും ഉപജീവന മാർഗവുമായിരിക്കുകയാണ്. ഒട്ടനവധി ആളുകളാണ് YouTubeൽ വീഡിയോ ക്രിയേറ്റേഴ്സായി വരുമാനം സ്വന്തമാക്കുന്നത്. എന്നാൽ പുതിയതായി Google കൊണ്ടുവരുന്ന ഒരു അപ്ഡേഷൻ അത്ര സന്തോഷകരമായതല്ല. ഗൂഗിൾ ഇനിമുതൽ YouTube സ്റ്റോറീസ് അടച്ചുപൂട്ടുന്നു. Snapchat, Instagram എന്നീ ആപ്പുകളിലെ ഷോർട്ട് വീഡിയോ സ്റ്റോറികളുടെ ഫീച്ചറിന്റെ ജനപ്രിയത മനസിലാക്കിയാണ് 2018ൽ ഗൂഗിളും യൂട്യൂബിൽ ഇത്തരമൊരു ഫീച്ചർ കൊണ്ടുവന്നത്. എന്നാൽ ഇനി അടുത്ത മാസം മുതൽ യൂട്യൂബിൽ ഈ ഫീച്ചർ ലഭ്യമായിരിക്കില്ല എന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
2023 ജൂൺ 26 മുതൽ YouTube സ്റ്റോറികൾ ലഭിക്കുന്നതല്ലെന്നും ഇവ നിർത്തലാക്കുകയാണെന്നും കമ്പനി അറിയിച്ചു. ശരിക്കും ഗൂഗിളിനെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത് വീഡിയോ ക്രിയേറ്റേഴ്സിന്റെ ഫീഡ്ബാക്ക് തന്നെയാണ്. സ്വൈപ്പ്-അപ്പ്, വീഡിയോ ലിങ്കിങ് പോലുള്ള ഫീച്ചറുകളൊന്നും YouTube സ്റ്റോറികളിൽ ഉൾപ്പെടുത്താനാകില്ല. ഇത് ഒരുപക്ഷേ കാണികൾക്ക് താൽപ്പര്യമുള്ളതാണെങ്കിലും, വീഡിയോ ക്രിയേറ്റേഴ്സിന് ഉപയോഗപ്രദമല്ല. മാത്രമല്ല, കൂടുതൽ കമന്റുകളും ലൈക്കുകളും ലഭിക്കുന്ന കമ്മ്യൂണിറ്റി പോസ്റ്റുകളുമായി താരതമ്യം ചെയ്താൽ യൂട്യൂബ് സ്റ്റോറികൾ ലാഭം തരുന്നില്ല. കമ്മ്യൂണിറ്റി പോസ്റ്റുകൾ വീഡിയോ സ്റ്റോറികളേക്കാൾ കൂടുതൽ എൻഗേജ്മെന്റ് സൃഷ്ടിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
YouTubeലൂടെ വരുമാനം ഉണ്ടാക്കുന്നവരുടെ സുഗമമായ വളർച്ചയാണ് ലക്ഷ്യം. ഇതിനായി പുതിയ ടെക്നോളജി ഗൂഗിൾ ഉറപ്പായും കൊണ്ടുവരും. ഷോർട്ട്‌സും കമ്മ്യൂണിറ്റി വീഡിയോകൾക്കുമാണ് ജനപ്രിയത കൂടുതൽ എന്നതിനാൽ ഇവയിലൂന്നിയായിരിക്കും യൂട്യൂബിന്റെ കൂടുതൽ പരീക്ഷണങ്ങളും അപ്ഡേറ്റുകളും.
അതായത്, ഷോർട്ട്‌സും കമ്മ്യൂണിറ്റി പോസ്റ്റുകളും പോലുള്ള കൂടുതൽ ആകർഷകമായ ഫോർമാറ്റുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നാണ് ഇതിലൂടെ YouTube വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ സ്റ്റോറികൾ നിർത്തലാക്കുന്നതോടെ കണ്ടന്റ് ക്രിയേറ്റർമാർക്ക് ഇനി ഷോർട് വീഡിയോകളിലേക്ക് ശ്രദ്ധ നൽകാനാകും.
എങ്കിലും, ഇപ്പോഴും സ്‌റ്റോറികൾ പതിവായി ഉപയോഗിക്കുന്ന സ്രഷ്‌ടാക്കളുണ്ടെങ്കിൽ അവരെ യൂട്യൂബ് മുൻകൂട്ടി അറിയിക്കും. YouTube സ്റ്റുഡിയോ, ക്രിയേറ്റർ ഇൻസൈഡർ വീഡിയോ എന്നിവ വഴിയായിരിക്കും കമ്പനി അറിയിപ്പ് നൽകുക. അതിനാൽ തന്നെ ജൂൺ 26-ന് ശേഷം, പുതിയ സ്‌റ്റോറികൾ സൃഷ്‌ടിക്കാൻ കഴിയില്ല.