യൂട്യൂബിൽ (YouTube) അനുദിനം പുത്തൻ മാറ്റങ്ങളും ഫീച്ചറുകളും കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ഗൂഗിൾ. ഉപയോക്താക്കൾക്ക് മികച്ച ദൃശ്യ-ശ്രവ്യ അനുഭവം നൽകുന്നതിനുള്ള പരീക്ഷണത്തിലാണെന്നും പറയാം. ഇപ്പോഴിതാ, യൂട്യൂബിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റും അത്തരത്തിലുള്ള ഒന്നാണ്.
യൂട്യൂബ് മ്യൂസിക്കിൽ (YouTube Music) റേഡിയോ പ്ലേലിസ്റ്റ് (Radio Playlist) എന്നറിയപ്പെടുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ്. അതായത്, യൂട്യൂബ് മ്യൂസിക്കിലൂടെ പാട്ടുകൾ ആസ്വദിക്കുന്നവർക്ക് പുതിയ ആർട്ടിസ്റ്റുകളിലേക്കും പാട്ടുകളിലേക്കും പോകുന്നതിനുള്ള ഒരു പ്ലേലിസ്റ്റ് സൃഷ്ടിക്കാൻ ഈ പുതിയ ഫീച്ചർ നിങ്ങളെ അനുവദിക്കും.
‘ക്രിയേറ്റ് എ റേഡിയോ’ എന്ന പുതിയ ഫീച്ചറാണ് യൂട്യൂബ് മ്യൂസിക് റേഡിയോ പ്ലേലിസ്റ്റ് എന്ന പുതിയ ഫീച്ചറിലൂടെ കൊണ്ടുവരുന്നത്.
പുതിയ ഫീച്ചർ ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ ഇത് ഉപയോക്താക്കളിലേക്ക് എത്തിക്കും. യൂട്യൂബിന്റെ റേഡിയോ പ്ലേലിസ്റ്റിലൂടെ മൂന്ന് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു – ബ്ലെൻഡ്, ഫെമിലിയർ, ഡിസ്കവർ. ഉപയോക്താക്കൾക്ക് അവർ കേൾക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാരെ അഥവാ സംഗീതജ്ഞരെ തെരഞ്ഞെടുക്കാം. ഇതിലൂടെ നിങ്ങളുടെ ഫേവറിറ്റ്സ് ഏതെല്ലാമെന്നും മുൻഗണനകൾ എന്തൊക്കെയെന്നും ആപ്പിന് അറിയാൻ സാധിക്കുന്നു. ഇത് തെരഞ്ഞെടുത്ത് കഴിഞ്ഞാൽ നിങ്ങൾക്ക് അപ്‌ബീറ്റ്, ഫോക്കസ്, ഡൗൺബീറ്റ്, പമ്പ്-അപ്പ്, ഡീപ് കട്ട്‌സ്, പുതിയ റിലീസുകൾ, ജനപ്രിയമായവ എന്നിങ്ങനെ കുറച്ച് ഫിൽട്ടറുകൾ കൂടി സജ്ജീകരിക്കാനാകും. ഇതെല്ലാം ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് ആക്‌സസ് ചെയ്യാൻ YouTube റേഡിയോ പ്ലേലിസ്റ്റ് ലഭ്യമാകും.
അതേ സമയം, യൂട്യൂബിൽ അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് പ്രതിരോധിക്കാനായി കമ്പനി പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. പുതിയ ഫീച്ചറിലൂടെ നിയമലംഘനം നടത്തുന്നവരെ നിയന്ത്രിക്കുക എന്നതാണ് യൂട്യൂബിന്റെ ലക്ഷ്യം. ഒരു ഉപയോക്താവ് ഒന്നിലധികം അധിക്ഷേപകരമായ കമന്റുകൾ പോസ്റ്റ് ചെയ്യുകയാണെങ്കിൽ, അവർക്ക് ഒരു ടൈംഔട്ട് ലഭിക്കുകയും 24 മണിക്കൂർ വരെ താൽക്കാലികമായി കമന്റിടുന്നത് തടയുകയും ചെയ്യുന്നതാണ് ഈ പുതിയ ഫീച്ചർ.