പേയ്മെന്റുകൾക്കായി ഏതെങ്കിലും ഒരു UPI സേവനം ഉപയോഗിക്കുന്നവർ തന്നെയായിരിക്കും നിങ്ങൾ അല്ലേ? എങ്കിൽ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ഒരു വാർത്തയാണിത്. നിങ്ങളുടെ യുപിഐ ഐഡി Google pay, PhonePe, Paytm അങ്ങനെ എന്തുമാകട്ടെ, എന്നാൽ നിങ്ങൾ ഇത് ചെയ്തിട്ടില്ലെങ്കിൽ ഉടനെ യുപിഐ ഐഡി നഷ്ടമാകുന്നതായിരിക്കും.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന NPCI-യുടെയാണ് ഈ പുതിയ നിർദേശം. യുപിഐ ഐഡി ഡീആക്ടിവേറ്റ് ചെയ്യുന്നതിനായുള്ള എൻപിസിഐയുടെ ഈ പുതിയ നടപടിയെ കുറിച്ച് വിശദമായി ഇവിടെ വിവരിക്കുന്നു.
ഒരു വർഷത്തിലേറെയായി ഇടപാടുകളൊന്നും നടത്താത്ത UPI ഐഡികൾ ബ്ലോക്ക് ചെയ്യാനാണ് നടപടി. ഇതിനായി എൻപിസിഐ എല്ലാ ബാങ്കുകൾക്കും ഗൂഗിൾപേ, ഫോൺപേ പോലുള്ള മൂന്നാം കക്ഷി ആപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഇങ്ങനെ യുപിഐ ഉപയോഗിക്കാതെയുള്ളവർക്ക് ഒരു നിശ്ചിത സമയം കൂടി അധികൃതർ അനുവദിച്ചിരിക്കുന്നു.
Also Read: ദക്ഷിണേന്ത്യക്കാർക്കും ഇനി Jio Airfiber ലഭിക്കും, കൂടുതൽ നഗരങ്ങളിലേക്ക്…
ഇക്കഴിഞ്ഞ ഒരു വർഷം കാലാവധിയിൽ ഇടപാട് നടത്താത്ത യുപിഐ ഐഡികൾ വരുന്ന ഡിസംബർ 31-ന് ശേഷം ബ്ലോക്ക് ചെയ്യും. യുപിഐ ഐഡി ഉപയോഗിച്ച് പണം ട്രാൻസ്ഫറോ, പണം അയക്കുന്നതോ, പണം സ്വീകരിക്കുന്നതോ നടത്തിയിട്ടില്ലെങ്കിൽ ആ യുപിഐ ഐഡി ബ്ലോക്ക് ചെയ്യാനാണ് നിർദേശം.
അതിനാൽ, നിങ്ങൾ ദീർഘനാളായി ഉപയോഗിക്കാത്ത ഏതെങ്കിലും യുപിഐ ഐഡി ഉണ്ടെങ്കിൽ അവയിൽ ഏതെങ്കിലും തരത്തിലുള്ള പേയ്മെന്റ് ഉടനടി നടത്തുക. ഇങ്ങനെ ആ യുപിഐ ഐഡി ഡീആക്ടിവേറ്റ് ആകുന്നതിൽ നിന്ന് രക്ഷപ്പെടാം.
ഇങ്ങനെ ബ്ലോക്ക് ചെയ്യേണ്ട യുപിഐ ഐഡികൾ തിരിച്ചറിയാൻ എൻപിസിഐ ബാങ്കുകൾക്കും മൂന്നാം കക്ഷി ആപ്പുകൾക്കും ഈ വർഷം അവസാനം വരെ സമയം അനുവദിച്ചിരിക്കുന്നു. യുപിഐ ഐഡിയും അതുമായി ലിങ്ക് ചെയ്‌ത സെൽഫോൺ നമ്പറും NPCI-യുടെ പുതിയ മാർഗ്ഗനിർദ്ദേശത്തിന് അനുസരിച്ച് എല്ലാ മൂന്നാം കക്ഷി പേയ്മെന്റ് ആപ്പുകളും PSP ബാങ്കുകളും പരിശോധിച്ചുറപ്പിക്കും.
ശേഷം, ഈ കാലയളവിൽ ആക്ടീവല്ലാത്ത ഐഡികൾ നിർജ്ജീവമാക്കുന്നതിന് മുമ്പ് ഇക്കാര്യം ഇമെയിൽ വഴിയോ മെസേജിലൂടെയോ ബാങ്കുകൾ ഉപയോക്താവിനെ അറിയിക്കുമെന്നും ഡിഎൻഎയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും, ഒരു നിശ്ചിത സമയത്തിനുള്ളിൽ ഉപയോക്താവിൽ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ലെങ്കിൽ, ആ യുപിഐ ഐഡികൾ ഡീആക്ടിവേറ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ ഡീആക്ടിവേറ്റ് ചെയ്ത യുപിഐ ഐഡികളും യുപിഐ നമ്പറുകളും പിന്നീട് പണം സ്വീകരിക്കുന്നതിന് പ്രാപ്തമല്ല. മറ്റുള്ളവർ ഈ ഐഡികളിലേക്ക് പണം അയച്ചാൽ അത് സ്വീകരിക്കാനോ അതുപോലെ നിങ്ങൾക്ക് പണം അയക്കാനോ സാധിക്കുന്നതല്ല. ഡിജിറ്റൽ പേയ്മെന്റ് കുറച്ചുകൂടി സുസ്ഥിരവും കറയറ്റതുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ വിശ്വാസ് പട്ടേൽ വ്യക്തമാക്കി.