WhatsApp ഇന്ത്യയിൽ പ്രവർത്തനം നിർത്തുമോ? എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ നിർത്തലാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാൽ ഇതിനോട് വാട്സ്ആപ്പ് യോജിക്കുമെന്ന് തോന്നുന്നില്ല.
WhatsApp India -യോട് ബ്രേക്കിങ് എൻക്രിപ്ഷൻ പ്രാവർത്തികമാക്കാനാണ് ആവശ്യം. കേന്ദ്ര സർക്കാരാണ് മെറ്റയോട് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കാൻ നിർദേശിച്ചത്. എന്നാൽ ഈ നിർദേശം വാട്സ്ആപ്പ് സ്വീകരിക്കില്ല എന്നതാണ് ഏറ്റവും റിപ്പോർട്ട്.
ഇന്ത്യയുടെ ഐടി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. ഇത് പാലിക്കാൻ നിർബന്ധിതരായാൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മെറ്റ അറിയിച്ചു. വെള്ളിയാഴ്ചയാണ് മെറ്റ ഡൽഹി ഹൈക്കോടതിയോട് ഇക്കാര്യം വിശദീകരിച്ചത്.
ഐടി നിയമങ്ങൾ പാലിച്ചാൽ മെസേജുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആകില്ല. ഇത് കമ്പനിയുടെ പോളിസിയെ തകർക്കുന്നുവെന്നാണ് മെറ്റയുടെ അഭിഭാഷകൻ തേജസ് കറിയ പറഞ്ഞത്. ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ ബെഞ്ചിനോടാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്ത് മറ്റെവിടെയും ഇങ്ങനെയൊരു നിയമം ഇല്ല. ബ്രസീലിൽ പോലും ഇത്തരമൊരു നിയന്ത്രണം പ്രാബല്യത്തിലില്ല. മെസേജ് എൻക്രിപ്ഷൻ മാറ്റണമെങ്കിൽ അതിൽ വലിയൊകു ശൃംഖല സൂക്ഷിക്കേണ്ടി വരും. ഏതൊക്കെ മെസേജുകളാണ് ഡീക്രിപ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് അറിയില്ല. ദശലക്ഷക്കണക്കിന് മെസേജുകൾ വർഷങ്ങളോളം ഇങ്ങനെ സേവ് ചെയ്യേണ്ടി വരുമെന്നും അഭിഭാഷകൻ പറഞ്ഞു.
വർഗീയ കലാപം പോലുള്ള കേസുകളിൽ ചില മെസേജുകൾ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്. ഇവയ്ക്കെതിരെ ഐടി നിയമം പാലിക്കേണ്ടത് നിർബന്ധമാണെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കീർത്തിമാൻ സിംഗ് പറഞ്ഞു. പ്രത്യേകിച്ച് നിലവിലെ സാഹചര്യങ്ങളിൽ ആരാണ് മെസേജിങ് തുടങ്ങിയതെന്ന് അറിയേണ്ടിവരും. ഇതിന് എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ഫീച്ചർ ഒഴിവാക്കണമെന്നും സിംഗ് പറഞ്ഞു.
2021-ലെ ഇൻഫർമേഷൻ ടെക്നോളജി റൂൾ 4(2) അനുസരിച്ചാണ് കേന്ദ്ര സർക്കാരിന്റെ വാദം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും ഓൺലൈൻ ഗെയിമിങ്ങിനെയും നിയന്ത്രിക്കാനുള്ള നിയമമാണിത്.
വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന മെസേജുകൾ ആദ്യം ആര് അയച്ചതാണെന്ന് കണ്ടെത്തേണ്ടി വരും. ആപ്ലിക്കേഷനിലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ ഇതിന് അനുവദിക്കില്ല. ഒരു നിയമപരമായ സ്രോതസ്സിൽ നിന്ന് ആവശ്യം വന്നാൽ ഈ വിവരങ്ങൾ ആപ്ലിക്കേഷൻ വെളിപ്പെടുത്തേണ്ടതുണ്ട്. അതിനാൽ കമ്പനി ഐടി നിയമം പാലിക്കേണ്ടി വരും.
500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്സ്ആപ്പ് എന്ന മെസേജിങ് ആപ്പിനുള്ളത്. ആപ്പിന്റെ വലിയ ഭാഗം ഉപയോക്താക്കളും ഇന്ത്യയിലാണ്. ഈ നിയമം അനുസരിക്കുന്നത് വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യതയെ ബാധിക്കും.
പ്രൈവസിയിൽ വിട്ടുവീഴ്ച വരുത്തുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് മെറ്റ. എന്തായാലും കേസിന്റെ അടുത്ത വാദം വരുന്ന ഓഗസ്റ്റ് 14-നാണ്. എൻഡിടിവി, ഇന്ത്യ ടുഡേ പോലുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.