മെസേജ് യുവർസെൽഫ്, വാട്സ്ആപ്പ് അവതാർ തുടങ്ങി നിരവധി കിടിലൻ ഫീച്ചറുകളാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് കൊണ്ടുവന്നത്. ഉപയോക്താക്കൾക്ക് അനുദിനം പുതിയ അപ്ഡേറ്റ് നൽകുന്ന രീതിയിലാണ് വാട്സ്ആപ്പ് (WhatsApp update) പ്രവർത്തിക്കുന്നത്. എന്നാൽ ഇപ്പോൾ പുതിയതായി വരുന്ന വാർത്ത എന്തെന്നാൽ വാട്സ്ആപ്പിലെ പിൻ ചാറ്റുകൾക്കും മാറ്റം വരുന്നു എന്നതാണ്. അതായത്, ഉപയോക്താക്കൾക്ക് ഇനി അഞ്ച് ചാറ്റുകൾ വരെ പിൻ ചെയ്യാൻ കഴിയുമെന്നതാണ്. നിലവിൽ ഈ ഫീച്ചർ ലഭ്യമല്ലെങ്കിലും, ഉടൻ തന്നെ ആപ്ലിക്കേഷൻ ഇത് കൊണ്ടുവരും.
വാട്സ്ആപ്പിൽ ഇതുവരെ മൂന്ന് ചാറ്റുകൾ മാത്രമാണ് പിൻ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ, WaBetaInfo അനുസരിച്ച്, ഇനി ഇത് അഞ്ച് വരെയാകാം. വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നവർക്കായാലും, പേഴ്സണൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കായാലും ചാറ്റ് പിൻ (chat pin) ഓപ്ഷന്റെ എണ്ണം വർധിപ്പിക്കുന്നത് വളരെ ഉപയോഗപ്രദമാണ്. ദിവസവും പല ഗ്രൂപ്പുകളിൽ നിന്ന് ആയിരക്കണക്കിന് സന്ദേശങ്ങൾ ലഭിക്കുന്ന ഗുണഭോക്താക്കൾക്കും തങ്ങൾക്ക് അത്യാവശ്യമായ ഗ്രൂപ്പുകളോ ചാറ്റുകളോ ഇങ്ങനെ പിൻ ചെയ്ത് വയ്ക്കാം.
അതായത്, നിങ്ങളുടെ ചാറ്റ് ഫീഡിന് മുകളിലായാണ് പ്രധാനപ്പെട്ട ചാറ്റുകൾ പിൻ ചെയ്ത് (pinned chats) സൂക്ഷിക്കുന്നത്. ഇങ്ങനെ പിൻ ചെയ്ത ഗ്രൂപ്പുകളിൽ നിന്നോ കോണ്ടാക്റ്റുകളിൽ നിന്നോ വരുന്ന മെസേജുകൾ അപ്ലിക്കേഷൻ തുറക്കുമ്പോൾ തന്നെ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. മെസേജുകൾ നിങ്ങളുടെ അശ്രദ്ധയിൽ അതിനാൽ തന്നെ മിസ്സാകില്ല.
'ദിവസവും ചാറ്റുകളുടെ എണ്ണം വർധിക്കുന്നതിനാൽ, കൂടുതൽ ചാറ്റുകൾ പിൻ ചെയ്യാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. പ്രധാനപ്പെട്ടതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് സഹായിക്കും,'- പുതിയ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ട്രാക്കറായ WABetaInfo വ്യക്തമാക്കി. എന്നാൽ ചിലർക്ക് വാട്സ്ആപ്പിൻ പിൻ ഓപ്ഷൻ ഉണ്ടെന്നതിലും ചിലപ്പോൾ അറിവില്ലായിരിക്കാം. ഇങ്ങനെയുള്ളവർക്ക് വാട്സ്ആപ്പിൽ എങ്ങനെ ചാറ്റുകൾ പിൻ ചെയ്യാമെന്നത് ചുവടെ വിശദീകരിക്കുന്നു.
വാട്സ്ആപ്പ് തുറന്ന് ഏതെങ്കിലും ഗ്രൂപ്പോ ചാറ്റോ സെലക്ട് ചെയ്യുക. ഇതിൽ കുറച്ചുനേരം പ്രസ് ചെയ്ത് പിടിക്കുമ്പോൾ ചാറ്റ് സെലക്ടായതായി മനസിലാക്കാം. അതായത്, ചാറ്റ് ഐക്കണിൽ ഒരു ‘ഗ്രീൻ ടിക്’ ദൃശ്യമാകും.
ഇതിന് ശേഷം വാട്സ്ആപ്പിന്റെ ഏറ്റവും മുകളിലായി കാണുന്ന മൂന്ന് ഓപ്ഷനുകളിൽ ഇടത് ഭാഗത്ത് ‘പിൻ’ രൂപത്തിലുള്ള ചിഹ്നം കാണാം. ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇതിൽ ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്ത കോണ്ടാക്റ്റിനെ നിങ്ങൾക്ക് പിൻ ചെയ്യാം.
വാട്സ്ആപ്പ് തുറന്ന് നിങ്ങൾ പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് വലത്തേക്ക് സ്വൈപ്പ് ചെയ്യുക. ഇവിടെ നിങ്ങൾക്ക് പിൻ ഓപ്ഷൻ ദൃശ്യമാകും.
കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ ഉള്ള വാട്സ്ആപ്പിലാണ് നിങ്ങൾക്ക് പിൻ ഓപ്ഷൻ കൊണ്ടുവരേണ്ടതെങ്കിൽ, ചാറ്റിന്റെ മുകളിൽ മൗസ് വെച്ച് റൈറ്റ് ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾക്ക് പിൻ ചെയ്യാനുള്ള ഓപ്ഷൻ തെളിഞ്ഞുവരുന്നതാണ്.