ഉപയോക്താക്കളുടെ സുരക്ഷയും ഉപയോഗിക്കാനുള്ള സൗകര്യവും മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് (WhatsApp) എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സ്വയം മെച്ചപ്പെടാനും കൂടുതൽ ടെക്നോളജികൾ ഉപയോക്താക്കൾക്കായി അവതരിപ്പിക്കാനും ശ്രദ്ധിക്കുന്ന വാട്സ്ആപ്പ് (WhatsApp) ഉടൻതന്നെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി സ്ക്രീൻ ഷെയറിങ് (Screen Sharing) ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഒരു വീഡിയോ കോളിനിടെ ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീൻ എളുപ്പത്തിൽ പങ്കിടാൻ അനുവദിക്കുന്നതാണ് പുതിയ സ്ക്രീൻ ഷെയറിങ് (Screen Sharing) ഫീച്ചർ.
വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകളായ മൈക്രോസോഫ്റ്റ് ടീംസ്, സൂം എന്നിവയിലേതിന് സമാനമായിട്ടാണ് വാട്സ്ആപ്പ് സ്ക്രീൻ ഷെയറിങ് (Screen Sharing) ഫീച്ചറും അവതരിപ്പിക്കുന്നത്. വാട്സ്ആപ്പി (WhatsApp) ലെ വീഡിയോ കോളിങ് അനുഭവം കൂടുതൽ മെച്ചപ്പെടുത്താനും ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കാനും സ്ക്രീൻ ഷെയറിങ് (Screen Sharing) ഫീച്ചർ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സ്ക്രീൻ ഷെയറിങ് ഫീച്ചർ നിലവിൽ ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്കായി വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് 2.23.11.19 അപ്‌ഡേറ്റിനായി ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ ഇൻസ്റ്റാൾ ചെയ്യുന്ന ചില ബീറ്റ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. അധികം വൈകാതെ എല്ലാ ഉപയോക്താക്കൾക്കുമായി വാട്സ്ആപ്പ് സ്ക്രീൻ ഷെയറിങ് ഫീച്ചർ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ഒരുപാട് ആളുകൾ ഉൾപ്പെടുന്ന വീഡിയോ കോളുകളിൽ ഈ ഫീച്ചർ പ്രവർത്തിക്കില്ല എന്നും സൂചനയുണ്ട്. നിശ്ചിത എണ്ണം ഉപയോക്താക്കളുടെ വീഡിയോ കോളുകൾക്കാകും ആദ്യ ഘട്ടത്തിൽ സ്ക്രീൻ ഷെയറിങ് ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുക. അതുപോലെ തന്നെ ഈ ഫീച്ചർ ലഭ്യമാകണമെങ്കിൽ വീഡിയോ കോളിൽ പങ്കെടുക്കുന്നവർ ഏറ്റവും പുതിയ വാട്സ്ആപ്പ് അപ്ഡേഷൻ ഉറപ്പാക്കിയിരിക്കണം.