ഉയർന്ന നിലവാരത്തിൽ ഫോട്ടോകളും വീഡിയോകളും അയക്കാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിച്ചു വാട്സ്ആപ്പ്. പുതിയ ഫീച്ചർ ഉടൻ തന്നെ ലഭ്യമാകും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇന്റർനെറ്റ് വേഗതയെ ആശ്രയിച്ച് എച്ച്ഡിയിലുള്ള ഫോട്ടോകൾ അയയ്‌ക്കാനോ ലോഡുചെയ്യാനോ കൂടുതൽ സമയമെടുക്കും. ഈ ഓപ്ഷൻ വാട്സ്ആപ്പ് ഉപയോക്താക്കൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഫേസ്ബുക്കിൽ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പങ്കുവച്ചിട്ടുണ്ട്. എച്ച്ഡിയിലോ സ്‌റ്റാൻഡേർഡ് ക്വാളിറ്റിയിലോ ഫോട്ടോകൾ അയക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന വീഡിയോയും ഫേസ്ബുക്ക് പോസ്‌റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എച്ച്ഡി (2000×3000 പിക്സൽ), സ്റ്റാൻഡേർഡ് (1365×2048 പിക്സൽ) എന്നി നിലവാരത്തിൽ ചിത്രങ്ങൾ അയയ്ക്കാനുള്ള ഓപ്ഷനാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ വാട്സ്ആപ്പിൽ ചിത്രങ്ങൾ അയക്കുമ്പോൾ കമ്പ്രഷൻ മൂലം ചിത്രത്തിന്റെ ക്ലാരിറ്റി നഷ്ടപ്പെടുന്നു എന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു.
സാധാരണ രീതിയിൽ വാട്സ്ആപ്പിൽ ഫോട്ടോ അയക്കുന്നത് പോലെ തന്നെയാണ് ഇതിലും അയക്കേണ്ടത്. എന്നാൽ നമ്മൾ അയക്കാനുള്ള ഫോട്ടോ തിരഞ്ഞെടുക്കുമ്പോൾ പുതിയ ഒരു ഓപ്ഷൻ കൂടി വരുമെന്ന് മാത്രം. ഈ ഓപ്ഷനിൽ ഏത് റെസലൂഷനിലാണ് ഫോട്ടോ അയക്കേണ്ടകത് എന്ന് വാട്സ്ആപ്പ് ഉപഭോക്താക്കളോട് ചോദിക്കും. ഇതിൽ ഇഷ്ടമുള്ള റെസലൂഷൻ സെലക്ട് ചെയ്താൽ അതിന് അനുസരിച്ചുള്ള ക്ലാരിറ്റിയിൽ ഫോട്ടോ അയക്കാൻ സാധിക്കും.
ഫോട്ടോകൾ അയയ്‌ക്കുന്നതിനുള്ള നടപടിക്രമത്തിൽ മാറ്റമൊന്നും ഇല്ലെങ്കിലും മുകളിലെ പേനയുടെ ചിഹ്നത്തിനും ക്രോപ്പ് ടൂളുകൾക്കും അടുത്തായി
ഒരു എച്ച്ഡി ഓപ്ഷൻ കൂടിയുണ്ടാകും. ഇവിടെ ഉപയോക്താക്കൾക്ക് സ്‌റ്റാൻഡേർഡ് അല്ലെങ്കിൽ എച്ച്ഡി ടൂളുകളിൽ നിന്ന് വേണ്ടത് തിരഞ്ഞെടുക്കാം.
ആപ്പിന്റെ വേഗത ഉറപ്പാക്കാൻ ഡിഫോൾട്ടായി ഫോട്ടോകൾ സ്‌റ്റാൻഡേർഡ് നിലവാരത്തിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ഫീച്ചർ ലഭ്യമാകുന്നതോടെ, ഉപയോക്താക്കൾക്ക് ഒരു ഫോണിൽ ഒന്നിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ കഴിയും. ഫോൺ നമ്പറിന് പകരം ഒരു പ്രത്യേക ഐഡിയോ സോഷ്യൽ മീഡിയയോ ഉപയോഗിച്ച് ലോഗിൻ ചെയ്യാനുള്ള ഓപ്ഷനും അണിയറയിലാണ്. ഈ ഫീച്ചറുകൾ എല്ലാവർക്കും ലഭ്യമാകുന്നതിന് കുറച്ച് മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും. അതേ സമയം നെറ്റ്വർക്ക് കുറവുള്ള പ്രദേശങ്ങളിൽ ഈ ഫീച്ചറുകൾ പ്രവർത്തിപ്പിക്കാൻ പ്രയാസമായിരിക്കും എന്ന മുന്നറിയിപ്പും കമ്പനി നൽകിയിട്ടുണ്ട്. അടുത്തിടെ നിരവധി മാറ്റങ്ങളാണ് വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.