സ്വകാര്യത സംരക്ഷിക്കാനായി ചാറ്റ് ലോക്ക് ഫീച്ചറുമായി വാട്സ്ആപ്പ്

സ്വകാര്യത സംരക്ഷിക്കാനായി ചാറ്റ് ലോക്ക് ഫീച്ചറുമായി വാട്സ്ആപ്പ്
HIGHLIGHTS

സ്വകാര്യതയെ സംരക്ഷിക്കാനാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്

പുതിയ അപ്‌ഡേറ്റിലൂടെ സ്വകാര്യതയും സുരക്ഷയും മെറ്റ ശക്തിപ്പെടുത്തുന്നു

പാസ്‌വേഡ് അല്ലെങ്കിൽ ബയോമെട്രിക്‌സ് ഉപയോഗിച്ച് ചാറ്റ് അൺലോക്ക് ചെയ്യാം

ലോകത്തെ ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. കോളിങ്, വീഡിയോ കോളിങ്, ബാങ്കിങ് ഉൾപ്പെടെ നിരവധി കാര്യങ്ങൾക്ക് WhatsApp ഉപയോഗിക്കുമെങ്കിലും പ്രധാന ഉപയോഗം ചാറ്റിങ് തന്നെ. നമ്മുടെ ഫോണിൽ നിറയെ കോണ്ടാക്ടുകൾ ഉണ്ടാകും. ഇതിൽ പല കോണ്ടാക്ടുകളുമായും പല വിധത്തിലുള്ള ബന്ധമായിരിക്കും ഉണ്ടാകുക. ഈ ബന്ധങ്ങളെല്ലാം മുന്നോട്ട് കൊണ്ടുപോകാൻ അ‌വരുമായി ആശയവിനിമയം നടത്താൻ WhatsApp-ന്റെ ചാറ്റിങ് ഫീച്ചർ നാം ഉപയോഗിക്കാറുണ്ട്. ഏറ്റവും പ്രിയപ്പെട്ടവർ ഉൾപ്പെടെയുള്ളവരുമായി നാം WhatsApp-ലൂടെ ബന്ധപ്പെടുന്നു.എല്ലാ ആളുകൾക്കും അ‌വരവരുടേതായ ചില സ്വകാര്യതകൾ ഉണ്ടാകും. നിറയെ ചാറ്റുകൾ നടക്കുന്ന WhatsApp-ലെ ചില ചാറ്റുകൾ ചിലപ്പോൾ നമുക്ക് വളരെ പ്രധാനപ്പെട്ടതും മറ്റുള്ളവർ അ‌റിയരുതെന്ന് നാം ആഗ്രഹിക്കുന്നതും ആയിരിക്കാം. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഏറെ പ്രാധാന്യം നൽകുന്ന വാട്സ്ആപ്പ് ഇത്തരം ചാറ്റുകൾ രഹസ്യമാക്കിവയ്ക്കാൻ പുതിയ ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുകയാണ്.

ഫോണിനും വാട്സ്ആപ്പിനുമൊക്കെ പ്രത്യേകം ലോക്കുകൾ ഉണ്ടെങ്കിലും നമ്മുടെ സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമൊക്കെ ചിലപ്പോൾ ഈ ലോക്കുകൾ അ‌റിയാമായിരിക്കും. അ‌തിനാൽത്തന്നെ മറ്റുള്ളവർ കാരണരുത് എന്ന് ആഗ്രഹിക്കുന്ന ചാറ്റുകൾ സൂക്ഷിക്കാൻ സുരക്ഷിതമായ ഒരു സംവിധാനം വാട്സ്ആപ്പിൽ ഉണ്ടായിരുന്നില്ല. അ‌ത്തരം ചാറ്റുകൾ ആർക്കൈവ് ചെയ്യുക എന്നതായിരുന്നു ഒരേയൊരു ഓപ്ഷൻ, എന്നാൽ അത് അത്ര സുരക്ഷിതമോ സൗകര്യപ്രദമോ ആയിരുന്നില്ല. എന്നാൽ ഇപ്പോൾ WhatsApp അ‌വതരിപ്പിച്ച പുതിയ ഫീച്ചർ നമ്മുടെ പ്രിയപ്പെട്ട ചാറ്റുകൾ, അ‌ല്ലെങ്കിൽ മറ്റുള്ളവർ കാണരുതെന്ന് നാം ആഗ്രഹിക്കുന്ന ചാറ്റുകൾ സുരക്ഷിതമായി മറച്ച് വയ്ക്കാനും പാസ്വേഡ് അ‌ല്ലെങ്കിൽ ബയോമെട്രിക് ഓതന്റിക്കേഷൻ ഉപയോഗിച്ച് അ‌വ പ്രത്യേകം ലോക്ക് ചെയ്യാനും ഉപയോക്താക്കൾക്ക് സൗകര്യം നൽകുന്നു.

സ്വകാര്യത സംരക്ഷിക്കാനാണ് ചാറ്റ് ലോക്ക് ഫീച്ചർ

ഈ സംഭാഷണങ്ങൾ ഒരു പ്രത്യേക ഫോൾഡറിൽ സംഭരിക്കും, കൂടാതെ പുതിയ ചാറ്റ് ലോക്ക് ഫീച്ചർ ഇത്തരം ചാറ്റുകളുടെ നോട്ടിഫിക്കേഷനിൽ പേരും മെസേജും മറയ്ക്കുകയും ചെയ്യും, അത് പാസ്വേഡ് നൽകിയശേഷം മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ. മറ്റുള്ളവർക്ക് നിങ്ങളുടെ ഫോണിൽ ആക്സസ് ഉണ്ടാകും. അ‌വരിൽനിന്ന് നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനാണ് പുതിയ ഫീച്ചർ. എല്ലാവർക്കും സ്വകാര്യതയ്ക്ക് അർഹതയുണ്ട് എന്നാണ് പുതിയ ഫീച്ചർ പുറത്തിറക്കിക്കൊണ്ട് നടത്തിയ ഔദ്യോഗിക പ്രസ്താവനയിൽ WhatsApp പറയുന്നത്. നിങ്ങളുടെ പാസ്വേഡ് മറ്റുള്ളവർക്ക് അ‌റിയാമെങ്കിലും അ‌വരുടെ കണ്ണിൽപ്പെടാതെ ചാറ്റുകൾ രഹസ്യമായി സൂക്ഷിക്കാൻ പുതിയ ഫീച്ചർ സഹായിക്കും. ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെ, വാട്സ്ആപ്പിന്റെ സ്വകാര്യതയും സുരക്ഷയും മെറ്റ കൂടുതൽ ശക്തിപ്പെടുത്തുന്നു.

വാട്സ്ആപ്പിൽ ചാറ്റ് ലോക്ക് സജ്ജീകരിക്കുന്ന വിധം

വാട്സ്ആപ്പ് അ‌പ്ഡേറ്റ് ചെയ്യുക. തുടർന്ന് ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ചാറ്റ് ​തെരഞ്ഞെടുക്കുക. ശേഷം കോൺടാക്റ്റിന്റെയോ ഗ്രൂപ്പിന്റെയോ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. അ‌വിടെ ഡിസപ്പിയറിങ് മെസേജ് മെനുവിന് താഴെ ചാറ്റ് ലോക്ക് എന്ന പുതിയ ഓപ്ഷൻ ഉണ്ടാകും. അതിൽ ടാപ്പ് ചെയ്യുക.തുടർന്ന് ചാറ്റ് ലോക്ക് ആക്ടിവേറ്റ് ചെയ്ത് നിങ്ങളുടെ ഫോൺ പാസ്‌വേഡ് അല്ലെങ്കിൽ ബയോമെട്രിക്‌സ് (ലഭ്യമെങ്കിൽ) ഉപയോഗിച്ച് സുരക്ഷിതമാക്കുക. ലോക്ക് ചെയ്‌ത ചാറ്റുകൾ പിന്നീട് ആക്‌സസ് ചെയ്യണമെങ്കിൽ വാട്സ്ആപ്പ് തുറന്ന് ഹോം പേജിലേക്ക് പോകുക. സ്‌ക്രീനിൽ താഴേക്ക് സ്വൈപ്പ് ചെയ്യുക. തുടർന്ന് ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ലോക്ക് ചെയ്‌ത ചാറ്റിൽ ടാപ്പ് ചെയ്യുക. തുടർന്ന് പാസ്‌വേഡ് അല്ലെങ്കിൽ ബയോമെട്രിക്‌സ് ഉപയോഗിച്ച് ചാറ്റ് അൺലോക്ക് ചെയ്യാം. ഒരിക്കൽ ചാറ്റ് ലോക്ക് പ്രവർത്തനക്ഷമമാക്കിയാൽ, അത് അൺലോക്ക് ചെയ്യുന്നത് വരെ ചാറ്റിലെ എല്ലാ സന്ദേശങ്ങളും മറഞ്ഞിരിക്കും. ഭാവിയിൽ ചാറ്റ് ലോക്കിനായി കൂടുതൽ ഓപ്‌ഷനുകൾ ചേർക്കുമെന്ന് വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo