അബദ്ധത്തിൽ ഏതെങ്കിലും മെസേജ് അയച്ചാൽ ഡിലീറ്റ് ഫോർ എവരിവൺ (Delete for Everyone) എന്നതിന് പകരം, ഡിലീറ്റ് ഫോർ മീ (Delete for me) ടാപ്പ് ചെയ്ത് നിസ്സഹായരാവുന്ന സാഹചര്യം ഉണ്ടായിട്ടില്ലേ? എന്നാൽ വാട്ട്സ്ആപ്പ് (WhatsApp) പുതിയതായി ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന ഫീച്ചർ ഇതിന് പരിഹാരമാണ്. അതായത്, 'ആക്‌സിഡന്റൽ ഡിലീറ്റ്' (Accidental Delete) എന്ന ഫീച്ചർ തെറ്റായി അയച്ച മെസേജുകളും ഫയലുകളും പിൻവലിക്കാനുള്ള ഓപ്ഷനാണ് നൽകുന്നത്. ഡിലീറ്റ് ഫോർ മീയിൽ ടാപ്പ് ചെയ്ത് അബദ്ധം പറ്റിയവർക്ക് മെസേജ് റിക്കവർ ചെയ്യുന്നതിനും ഈ പുതിയ ഫീച്ചർ ഉപയോഗപ്രദമാണ്.
ആക്‌സിഡന്റൽ ഡിലീറ്റിനെ കുറിച്ച് കൂടുതൽ വായിച്ചറിയാം. ആൻഡ്രോയിഡ് (Android) ഫോൺ ഉപഭോക്താക്കൾക്കും, ആപ്പിൾ (iOS) ഫോൺ ഉപഭോക്താക്കൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഫീച്ചറാണിത്.
ആക്‌സിഡന്റൽ ഡിലീറ്റ് എന്ന ഫീച്ചർ വാട്ട്സ്ആപ്പിൽ വളരെ ആവശ്യമുള്ള ഒരു ഫീച്ചറാണെന്ന് പറയാം. കാരണം 'Delete for Everyone' എന്ന ഓപ്ഷന് പകരം, 'Delete for me' ക്ലിക്ക് ചെയ്ത് മെസേജ് ഡിലീറ്റ് ആയിപ്പോയവർക്ക് പിന്നീട് മെസേജിന്റെ ആക്സസ് നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ആക്‌സിഡന്റൽ ഡിലീറ്റ് (Accidental Delete’) എന്ന പുതിയ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ഡിലീറ്റ് പഴയപടിയാക്കാനാകും. ഡിലീറ്റ് ഫോർ എവരി വണ്ണിന് പകരം 5 സെക്കന്റ് ദൈർഘ്യത്തിൽ കാണിക്കുന്ന ഒരു വിൻഡോ കാണാൻ സാധിക്കും. അതായത്, അറിയാതെ ഡിലീറ്റ് ഫോർ മീ ആയ സന്ദേശം undo ചെയ്ത് പഴയ പടി തിരികെ ലഭിക്കുന്നു. മെസേജ് റീ അപ്പിയർ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് പഴയപടി 'delete for everyone' എന്ന ഓപ്ഷൻ ഉപയോഗിക്കാനാകും.
ആൻഡ്രോയിഡ് (Android), ഐഒഎസ് (iOS) സ്മാർട്ട്ഫോണുകളിൽ WhatsAppന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്കാണ് ഈ ഫീച്ചർ ലഭ്യമാകുക. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഒരുപോലെ ഈ ഫീച്ചർ ഉപയോഗിക്കാനാകുമെന്ന് യുഎസ് ആസ്ഥാനമായുള്ള ടെക് പോർട്ടലായ ടെക് ക്രഞ്ച് വ്യക്തമാക്കുന്നു. അതേ സമയം, iOS-ൽ വീഡിയോ കോളുകൾക്കായി പിക്ചർ-ഇൻ-പിക്ചർ സപ്പോർട്ട് പരീക്ഷിച്ച് തുടങ്ങിയതായി വാട്ട്‌സ്ആപ്പ് അടുത്തിടെ അറിയിച്ചിരുന്നു. അതുപോലെ വാട്ട്സ്ആപ്പിൽ ഈയിടെ വന്ന അവതാർ ഫീച്ചറിനും മെസേജ് യുവർസെൽഫ് ഫീച്ചറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.