കാത്തിരുന്ന ആ WhatsApp ഫീച്ചർ ഇന്ത്യയിലും എത്തിയിരിക്കുകയാണ്. ടെലഗ്രാമിന് സമാനമായി വാട്സ്ആപ്പ് ഉപഭോക്താക്കൾക്കും ഇനി മെസേജിങ്ങിനായി ചാനലുകൾ ഉപയോഗിക്കാം. നിരവധി ആളുകളിലേക്ക് മെസേജ് പങ്കുവയ്ക്കാനുള്ള വൺ-വേ ബ്രോഡ്‌കാസ്റ്റിങ് ടൂളാണിത്. മെറ്റ പുതിയതായി ആരംഭിച്ച WhatsApp Channelകളിലൂടെ ഇനി നിങ്ങളുടെ പ്രിയ താരത്തിന്റെയും സൂപ്പർ സ്റ്റാറുകളുടെയുമെല്ലാം മെസേജുകൾ നേരിട്ട് ഫോണിലേക്ക് എത്തും.
ഏതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇങ്ങനെ വാട്സ്ആപ്പ് ചാനലുകൾ ആരംഭിക്കാം. ഉപഭോക്താക്കൾക്ക് ചാനൽ സബസ്‌ക്രൈബ് ചെയ്താൽ അപ്ഡേറ്റുകളും സന്ദേശങ്ങളും അറിയാനാകും. നിലവിൽ ഇന്ത്യയുൾപ്പെടെ 150 ലധികം രാജ്യങ്ങളിൽ WhatsApp Channel ഫീച്ചർ ലഭ്യമാണ്.
വാട്സ്ആപ്പിൽ ഈ പുതിയ ഫീച്ചർ വന്നതിന് പിന്നാലെ മലയാളത്തിന്റെ സൂപ്പർതാരങ്ങൾ മമ്മൂട്ടിയും മോഹൻലാലും തങ്ങൾ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചെന്ന വാർത്ത പങ്കുവച്ചു. ഫീച്ചറിന്റെ പ്രമോഷന്റെ ഭാഗമായി കത്രീന കൈഫ്, വിജയ് ദേവരകൊണ്ട തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികളും WhatsApp Channel തുടങ്ങിയ വിവരം അറിയിച്ചു.
തന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലിലേക്ക് സ്വാഗതമറിയിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഏറ്റവും പുതിയ പ്രോജക്റ്റുകൾ അറിയാനും മറ്റും ഈ സ്കൂപ്പ് ഫോളോ ചെയ്യാനും അദ്ദേഹം ആരാധകരോട് നിർദേശിച്ചിട്ടുണ്ട്. WhatsApp Channelലേക്ക് എല്ലാവർക്കും ക്ഷണം അറിയിച്ച് മമ്മൂട്ടിയും പോസ്റ്റ് പങ്കുവച്ചു. എന്നാൽ എന്താണ് വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചറെന്നും, മമ്മൂട്ടിയും മോഹൻലാലും എങ്ങനെ തന്റെ വാട്സ്ആപ്പിൽ എത്തിയെന്നും അമ്പരന്നിരിക്കുകയാണ് ഒരുകൂട്ടം ആരാധകർ.
വ്യക്തികൾക്കും അല്ലെങ്കിൽ സ്ഥാപനങ്ങൾക്കും സബ്സക്രൈബർമാരോട് സംവദിക്കാനുള്ള പ്ലാറ്റ്ഫോമാണ് മെറ്റ WhatsApp Channelൽ ഒരുക്കിയിരിക്കുന്നത്. സ്റ്റാറ്റസ് ടാബിലാണ് നിലവിൽ ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാർക്ക് എല്ലാവർക്കും ഈ അപ്ഡേറ്റ് ലഭിച്ചിട്ടില്ല. വരുംദിവസങ്ങളിൽ ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
അഡ്മിന് മാത്രമാണ് ഇതിൽ മെസേജ് അയക്കാൻ സാധിക്കുന്നത്. സുരക്ഷ മുൻനിർത്തി ചാനലിൽ പങ്കാളിയാകുന്നവനരുടെ പ്രൊഫൈലും അഡ്മിന് മാത്രമാണ് അറിയാനാകുക. ചാനലിലെ മറ്റ് അംഗങ്ങൾക്ക് മെസേജ് അയക്കാനോ, ഫോൺ നമ്പറോ, പ്രൊഫൈലോ കാണാനോ സാധിക്കില്ല.
ഇതിന് പുറമെ സുരക്ഷാ ഫീച്ചറുകളുടെ ഭാഗമായി ചാനലിൽ അയക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട് എടുക്കുന്നതിനും വേണമെങ്കിൽ അഡ്മിന് നിയന്ത്രണം കൊണ്ടുവരാം. ആരൊക്കെ ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നത് തീരുമാനിക്കാനും അഡ്മിന് സാധിക്കും. കൂടാതെ, അയക്കുന്ന മെസേജുകൾക്ക് 30 ദിവസം വരെ മാത്രമാണ് കാലാവധി. 1 മാസത്തിന് ശേഷം ഇവ സ്വയം നീക്കം ചെയ്യപ്പെടുന്നു. ഉപഭോക്താക്കൾക്കാണെങ്കിൽ, ആവശ്യമില്ല എന്ന് തോന്നുമ്പോൾ WhatsApp Channel അൺസബ്സ്ക്രൈബ് ചെയ്യുകയോ മ്യൂട്ട് ആക്കുകയോ ചെയ്യാം.