WhatsApp 29 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചു
ജനുവരിയിൽ 2,918,000 അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്
ജനുവരി 1 മുതൽ 30 വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇവ
ഐടി നിയമങ്ങളും വാട്സ്ആപ്പ് പോളിസികളും ലംഘിച്ച അക്കൌണ്ടുകളാണ് ഇവ
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് (WhatsApp) സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ സുരക്ഷാപ്രശ്നങ്ങൾ കാരണം വാട്സ്ആപ്പ് (WhatsApp)നിരവധി ആളുകളുടെ അക്കൌണ്ടുകൾ നിരോധിക്കാറുമുണ്ട്. ഇത്തരത്തിൽ നിരോധിക്കപ്പെടുന്ന അക്കൗണ്ടുകളുടെ വിവരങ്ങൾ വാട്സ്ആപ്പ് (WhatsApp) ഓരോ മാസവും പുറത്ത് വിടും. ജനുവരി മാസത്തിലെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ 29 ലക്ഷത്തിൽ അധികം അക്കൗണ്ടുകളാണ് നിരോധിച്ചിട്ടുള്ളത്.
29 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചു
ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങളിലെ 2021 റൂൾ 4(1)(ഡി) പ്രകാരമാണ് WhatsApp ഇന്ത്യൻ ഉപഭോക്താക്കളുടെ അക്കൌണ്ടുകൾ നിരോധിക്കുന്നത്. ഐടി നിയമങ്ങളിലെ ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും അനുസരിച്ച് ജനുവരി മാസത്തിൽ മാത്രം നിരോധിച്ചത് 2,918,000 അക്കൗണ്ടുകളാണ്. 2023 ജനുവരി 1 മുതൽ ജനുവരി 31 വരെയുള്ള കാലയളവിൽ നിരോധിച്ച അക്കൌണ്ടുകളാണ് ഇവ.
ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അക്കൗണ്ടുകൾ നിരോധിച്ചത്. രാജ്യത്തെ നിയമങ്ങളോ വാട്സ്ആപ്പി (WhatsApp) ന്റെ സർവ്വീസ് പോളിസികളോ ലംഘിക്കുന്നത് തടയുന്നതിനായിട്ടാണ് വാട്സ്ആപ്പ് ഈ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തത്. നിരോധിച്ച 2,918,000 അക്കൗണ്ടുകളിൽ തന്നെ ഉപയോക്താക്കളിൽ നിന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നതിന് മുമ്പ് വാട്സ്ആപ്പ് (WhatsApp) നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം 1,038,000 ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പി (WhatsApp)ന് 1461 പരാതി റിപ്പോർട്ടുകളാണ് ജനുവരി മാസത്തിൽ മാത്രം ലഭിച്ചിരിക്കുന്നത്. ഇതിൽ 1337 നിരോധന അപ്പീലുകൾ നൽകിയെങ്കിലും 191 എണ്ണത്തിനെതിരെ മാത്രമാണ് വാട്‌സ്ആപ്പ് നടപടിയെടുത്തത്. സുരക്ഷാ സംബന്ധമായ 7 റിപ്പോർട്ടുകളും പ്ലാറ്റ്‌ഫോമിന് ലഭിച്ചിരുന്നു, എന്നാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളൊന്നും എടുത്തില്ല.
വാട്സ്ആപ്പിൽ അക്കൌണ്ട് റിപ്പോർട്ട് ചെയ്യുന്നതെങ്ങനെ
വാട്സ്ആപ്പി (WhatsApp) ന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കുന്നതോ നിങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ വാട്സ്ആപ്പി (WhatsApp) ലെ അക്കൗണ്ടുകൾ റിപ്പോർട്ട് ഫയൽ ചെയ്യാൻ എളുപ്പമാണ്. വാട്സ്ആപ്പ് (WhatsApp) സെറ്റിങ്സ്> ടാപ്പ് ഹെൽപ്പ് > കോൺടാക്റ്റ് അസ് എന്ന ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ഇതല്ലാതെ ഇന്ത്യയിലെ കംപ്ലെയിന്റ് ഓഫീസറെ സമീപിക്കാനും നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ പരാതി ഇമെയിൽ അയയ്ക്കാം. ഇലക്ട്രോണിക് സിഗ്നേച്ചറിലൂടെ മെയിലിൽ ഒപ്പിടാം.