വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പുതിയ ഫീച്ചർ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നു. 32 പേർക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോളിങ് ഫീച്ചറാണ് വാട്സ്ആപ്പ് പുറത്തിറക്കിയത് എന്നാണ് റിപ്പോർട്ട്. പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. ആൻഡ്രോയിഡ് 2.23.19.16 അപ്ഡേറ്റ ഇൻസ്റ്റാൾ ചെയ്ത വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. പുതിയ ഗ്രൂപ്പ് കോളിങ് ഫീച്ചറിന് പുറമേ കോൾ ടാബിനായി പരിഷ്‌കരിച്ച ഇന്റർഫേസും വാട്സ്ആപ്പ് പുറത്തിറക്കി.കോൾ ടാബിൽ ചില മാറ്റങ്ങൾ വാട്സ്ആപ്പ് വരുത്തിയിട്ടുണ്ട്. ഈ സ്‌ക്രീനിനുള്ളിൽ കോൾ ലിങ്കുകൾ ഇനി പരാമർശിക്കപ്പെടില്ല, ഇപ്പോൾ ഒന്നോ അതിലധികമോ കോൺടാക്‌റ്റുകളെ വിളിക്കാൻ കഴിയു. ഫ്ലോട്ടിംഗ് ആക്ഷൻ ബട്ടൺ ഒരു പ്ലസ് ഐക്കൺ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഒരുകൂട്ടം ആളുകളെ ഒരുമിച്ചു കണക്ട് ചെയ്യാനാണ് വാട്സ്ആപ്പ് ഉദ്ദേശിക്കുന്നത്. ഉപയോക്താക്കൾക്ക് ജോലി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് പുതിയ ഫീച്ചർ ഉപയോഗപ്പെടും. മുൻപ് ഏഴ് പേർക്ക് വരെ ഗ്രൂപ്പ് കോൾ നടത്താനുള്ള സൗകര്യമാണ് വാട്സ്ആപ്പ് നൽകിയിരുന്നത്. പിന്നീടത് 15 ആയി ഉയർത്തി. ഇപ്പോൾ 32 പേർക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോൾ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോകുന്നതായാണ് റിപ്പോർട്ട്.
വേഗത്തിലും സൗകര്യപ്രദമായും ഒത്തുകൂടാൻ ഈ പുതിയ ഫീച്ചർ സഹായിക്കും. കമ്പനികൾക്ക് ജീവനക്കാരുമായുള്ള മീറ്റിങ്ങുകൾക്കും വിദ്യാർഥികൾക്ക് ക്ലാസിലെ മുഴുവൻ പേരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രൂപ്പ് കോളിങ്ങും വീട്ടുകാർക്ക് കുടുംബക്കാരെയെല്ലാം ഒത്തുചേർത്തുകൊണ്ടുള്ള ഗ്രൂപ്പ് കോളിങ്ങും ഇനി ഈസിയായി നടത്താൻ സാധിക്കും. വാട്സ്ആപ്പ് ഏറ്റവും ഒടുവിലായി അവതരിപ്പിച്ച പുതിയ ഫീച്ചറുകളിലൊന്ന് വാട്സ്ആപ്പ് ചാനൽസ് ആയിരുന്നു. നിലവിൽ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ആസ്വദിക്കാം.വാട്‌സാപ്പിൽ അപ്‌ഡേറ്റ്‌സ് എന്ന പുതിയ ടാബിൽ ആണ് ചാനലുകൾ കാണാൻ സാധിക്കുക. ഇത് ലഭ്യമല്ലാത്തവർ പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റു ചെയ്തു നോക്കുക.
ലിങ്ക് വഴിയും വാട്ട്‌സ്ആപ്പിലെ അപ്‌ഡേറ്റ് ടാബ് വഴിയും വിവിധ ചാനലുകളിൽ പങ്കുചേരാം. പബ്ലിക് ചാനലുകളൽ വേഗം ജോയിൻ ചെയ്യാം. എന്നാൽ സ്വകാര്യ ചാനൽ പിന്തുടരാൻ അഡ്മിൻ റിക്വസ്റ്റ് അപ്രൂവ് ചെയ്യേണ്ടതുണ്ട്. ഇൻസ്റ്റഗ്രാം ചാനൽ പോലെ തന്നെയാണ് വാട്‌സാപ് ചാനൽസും പ്രവർത്തിക്കുക. മമ്മൂട്ടിയും മോഹൻ ലാലും അടക്കം ഇന്ത്യയിലെ പല പ്രമുഖരും ഇതിനകം ചാനൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ അടക്കം 150 രാജ്യങ്ങളിലാണ് പുതിയ ചാനൽസ് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. ചാനൽ ഉടമകൾ നൽകുന്ന വിവരങ്ങൾ കാണാൻ സാധിക്കുമെങ്കിലും ഉപയോക്താക്കൾക്ക് ചാനൽസിൽ സന്ദേശം അയയ്ക്കാൻ സാധിക്കില്ല.