ഇന്ന് ഭൂരിഭാഗം പേരും WhatsApp ഉപയോഗിക്കുന്നുണ്ടാകും. ഒരു മെസേജിങ് ആപ്ലിക്കേഷൻ എന്നതിന് ഉപരി വാട്സ്ആപ്പ് പലവിധത്തിൽ പ്രയോജനകരമാണ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കളുടെ സൌകര്യത്തിനും സുരക്ഷയ്ക്കുമായി ഒട്ടനവധി സുരക്ഷാഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനായി ബഗ്ഗുകൾ പരിഹരിക്കുന്നതിനുള്ള ഫീച്ചറുകളും സ്വകാര്യത ഓപ്ഷനുകളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുമെല്ലാം കമ്പനി അവതരിപ്പിക്കുന്നു. എന്നിരുന്നാലും അടുത്തിടെ ഈ ആപ്ലിക്കേഷനിൽ ചില ബഗ്ഗുകൾ വന്നതായും ഇത് ആൻഡ്രോയിഡ് ഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കിയെന്നും ചില റിപ്പോർട്ടുകൾ വരുന്നു.
ആൻഡ്രോയിഡിലെ ആപ്ലിക്കേഷൻ തകർക്കുന്ന ചില ബഗ്ഗുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. സാധാരണ വാട്സ്ആപ്പ് മാത്രമല്ല, വാട്സ്ആപ്പ് ബിസിനസ് ഉൾപ്പെടെയുള്ള വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളെയും ബഗ് ബാധിക്കുന്നുണ്ട്. ആപ്പിൽ സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ബഗ് പ്രത്യക്ഷപ്പെടുന്നത്.
വാട്സ്ആപ്പിൽ സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ബഗ് പ്രശ്നമാകുന്നുവെന്ന് ഒരു ട്വിറ്റർ ഉപയോക്താവാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. WhatsApp Business പതിപ്പ് 2.23.10.77-നെയാണ് ബഗ് ബാധിച്ചതായി റിപ്പോർട്ട്. ഇവർ വാട്സ്ആപ്പ് സ്റ്റാറ്റസിൽ എന്തെങ്കിലും URL ഷെയർ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ബഗ് പ്രശ്നം നേരിട്ടത്. wa.me/settings എന്ന ലിങ്ക് ഉപയോഗിക്കുന്നവർക്കാണ് ഈ പ്രശ്നം ഉള്ളതായി പറയുന്നത്. വാട്സ്ആപ്പിന്റെ ഈ പ്രശ്നം മറ്റ് പതിപ്പുകളെയും ഒരുപക്ഷേ ബാധിച്ചേക്കാം. എങ്കിലും നിലവിൽ കൂടുതലായും Android ഫോണുകളിൽ വാട്സ്ആപ്പ് 2.23.10.77 പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് ബഗ് പ്രശ്നമാകുന്നത്.
ഇത്തരത്തിൽ ബഗ് പ്രശ്നം നിങ്ങൾക്കുമുണ്ടെങ്കിൽ, വാട്സ്ആപ്പ് വെബ് ഉപയോഗിക്കാം. അതായത്, WhatsApp 2.23.10.77 പതിപ്പ് ഉപയോഗിച്ച് ബഗ് ബാധിച്ചിട്ടുള്ളവർ, കമ്പ്യൂട്ടറിൽ വാട്സ്ആപ്പ് തുറന്ന് ക്രാഷിന് കാരണമായ മെസേജ് അല്ലെങ്കിൽ ചാറ്റ് ഡിലീറ്റ് ചെയ്യാവുന്നതാണ്.
ആഴ്ചകൾക്ക് മുമ്പ് വാട്സ്ആപ്പ്, ഉപയോക്താക്കളുടെ മൈക്രോഫോൺ ഉപയോഗിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. ട്വിറ്റർ ഉടമ ഇലോൺ മസ്ക് ആണ് ഈ പ്രശ്നം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ, സ്വകാര്യതയെ ഹനിക്കുന്ന രീതിയിൽ ആപ്പ് മൈക്രോഫോൺ ഉപയോഗിക്കുന്നതായുള്ള ബഗ് കണ്ടെത്തിയെന്ന് മെറ്റയും ഗൂഗിളും സ്ഥിരീകരിച്ചു. എന്നാൽ ഇത്തരത്തിൽ മൈക്രോഫോൺ മാത്രമല്ല, ചില ബഗ് പ്രശ്നങ്ങൾ കാരണം, ഫോണിന്റെ ക്യാമറ വരെ ആക്സസ് ചെയ്യാൻ സാധിച്ചേക്കാം.