അക്കൗണ്ടുകള്‍ക്ക് വെരിഫിക്കേഷന്‍ ബാഡ്ജ് നല്‍കുന്ന ട്വിറ്റർ ബ്ലൂ (Twitter blue)വിന് പിന്നാലെ പുതിയ അറിയിപ്പുമായി ട്വിറ്റർ(Twitter). വെരിഫൈ ചെയ്ത അക്കൗണ്ടുകൾ ഒറിജിനൽ ആണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള ഔദ്യോഗിക ബാഡ്ജാണ് ട്വിറ്റർ പുതിയതായി അവതരിപ്പിച്ചത്. ഇതുപ്രകാരം, മുമ്പ് പരിശോധിച്ച എല്ലാ അക്കൗണ്ടുകൾക്കും ഔദ്യോഗിക ബാഡ്ജ് വാങ്ങാൻ സാധിക്കില്ലെന്ന് ട്വിറ്ററിന്റെ പ്രാഥമിക ലെവലിലുള്ള പ്രൊഡക്ട് എക്സിക്യൂട്ടീവ് ആയ എസ്തർ ക്രോഫോർഡ് ട്വീറ്റിലൂടെ അറിയിച്ചു.
തെരഞ്ഞെടുത്ത അക്കൗണ്ടുകൾക്കായാണ് Official ബാഡ്ജ് അവതരിപ്പിക്കുക. അതിനാൽ സർക്കാർ അക്കൗണ്ടുകൾ, വാണിജ്യ കമ്പനികൾ, ബിസിനസ് പങ്കാളികൾ, പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ, പ്രസാധകർ, ചില പൊതു പ്രവർത്തകർ എന്നിവർക്ക് മാത്രമാണ് ബാഡ്ജ് ലഭിക്കുക. ട്വിറ്റർ ഉപഭോക്താക്കൾക്ക് പെയ്ഡ് ബ്ലൂ ടിക്ക് (Paid blue tick) ലഭിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ അറിയിപ്പ് എത്തിയിരിക്കുന്നത്.
ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ വഴി ബ്ലൂ ടിക്ക് വാങ്ങുന്ന ഉപയോക്താക്കളെയും വേരിഫൈഡ് ട്വിറ്റർ അക്കൗണ്ടുള്ളവരെയും തിരിച്ചറിയുന്നതിനാണ് പുതിയ ഫീച്ചർ കമ്പനി അവതരിപ്പിക്കുന്നത്.
പുതിയ ട്വിറ്റർ ബ്ലൂ ടിക്ക് ലഭിക്കുന്നതിന് ഐഡി വെരിഫിക്കേഷൻ പോലുള്ള പരിശോധനകൾ ആവശ്യമില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പണമടച്ച് സബ്സ്ക്രൈബ് ചെയ്യാവുന്ന രീതിയിലായിരിക്കും ഇത്. ഈ അക്കൗണ്ടിലൂടെ ബ്ലൂ ചെക്ക് മാർക്കും മറ്റ് വിവിധ ഫീച്ചറുകളിലേക്കുള്ള ആക്‌സസും ലഭിക്കുന്നു.
എന്നാൽ, അക്കൗണ്ടുകൾക്ക് ഔദ്യോഗിക ലേബൽ ലഭിക്കുന്നതിന് മുൻകാലങ്ങളിലെ ട്വിറ്റർ വെരിഫിക്കേഷന് സമാനമായ നടപടികൾ ആവശ്യമായി വരും. അതായത്, സമഗ്രമായ വെരിഫിക്കേഷൻ പ്രക്രിയയിലൂടെ കടന്നുപോകാൻ അക്കൗണ്ടുകളോട് നിർദേശിക്കുമെന്നാണ് സൂചന.
ഈലോൺ മസ്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുതിയ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷനെ പ്രൊമോട്ട് ചെയ്യുന്നുണ്ട്. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷനായി മാസം തോറും 7.99 ഡോളർ ഈടാക്കുമെന്നും, ഇത് അമേരിക്കയും യുകെയും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ ഉടൻ തന്നെ ലഭ്യമാകുമെന്നുമാണ് വിവരം.