ഈ കടന്നുപോകുന്ന വർഷം ട്വിറ്ററിന് സംഭവബഹുലമായ കാലമാണ്. ഇലോൺ മസ്‌കി (Elon Musk)ന്റെ നേതൃത്വത്തിലുള്ള ട്വിറ്ററി(Twitter)ന് അടുത്തിടെയായി സംഭവിക്കുന്നത് അത്രയ്ക്ക് നല്ല കാര്യങ്ങളല്ല. ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ചില പരിഷ്കരങ്ങൾ കൊണ്ടുവരാൻ മസ്കും സംഘവും ശ്രമിച്ചിരുന്നത് വിയോജിപ്പിന് കാരണമായി. ഇപ്പോഴിതാ വീണ്ടും ട്വിറ്ററിനെ കുറിച്ച് വരുന്ന വാർത്തകൾ അത്ര ശുഭകരമായവയല്ല.
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ (Google CEO Sundar Pichai), ബോളിവുഡ് നടൻ സൽമാൻ ഖാൻ (Bollywood actor Salman Khan) എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ 40 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായാണ് വാർത്ത പ്രചരിക്കുന്നത്. കൂടാതെ, ഹാക്ക് ചെയ്യപ്പെട്ട ഈ വിവരങ്ങൾ ഡാർക്ക് വെബിൽ ഹാക്കർ വിൽപ്പനയ്‌ക്ക് വച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതായത്, ഡാർക്ക് വെബിൽ വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്ന ട്വിറ്റർ ഉപയോക്താക്കളുടെ വിവരങ്ങളിൽ ഇമെയിൽ, പേര്, ട്വിറ്ററിലെ പേര്, ഫോളോവേഴ്‌സ്, ഫോൺ നമ്പറുകൾ എന്നിവ പോലുള്ള വ്യക്തിഗത ഡേറ്റ അടങ്ങിയിരിക്കുന്നുവെന്ന് ഇസ്രായേലി സൈബർ ഇന്റലിജൻസ് കമ്പനിയായ ഹഡ്‌സൺ റോക്കിയിലെ റിപ്പോർട്ടിൽ പറയുന്നു.
കോടിക്കണക്കിന് ട്വിറ്റർ ഉപയോക്താക്കളുടെ ഡാറ്റ ഹാക്കർമാർ ആക്‌സസ് ചെയ്യുന്നത് ഇതാദ്യമല്ല. എന്നാൽ ഇതിൽ പ്രമുഖ വ്യക്തികളുടെ വിവരങ്ങളും അടങ്ങിയിരിക്കുന്നു എന്നത് ഗൗരവമേറിയതാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ്, ട്വിറ്ററിൽ നിന്നും 5.4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഡാറ്റ നഷ്ടമായത്.
ഇപ്പോഴത്തെ സംഭവം ട്വിറ്ററിലെ വലിയ ചർച്ചയാണെന്ന് പറയാം. അതായത്, ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങളുടെ സാമ്പിളുകൾ ഹാക്കർ ചില ഫോറങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹാക്കിങ്ങിൽ ചില ഉന്നത അക്കൗണ്ടുകൾ അപഹരിക്കപ്പെട്ടതായും ഇത് വ്യക്തമാക്കുന്നു.
ഹാക്ക് ചെയ്ത ത്രെഡ് ഇല്ലാതാക്കാന്‍ തയ്യാറാണെന്നും ഒരു ഇടനിലക്കാരന്‍ വഴി 'ഡീല്‍' ചെയ്യാമെന്നും ഹാക്കര്‍ കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇലോണ്‍ മസ്‌കിനെ അഭിസംബോധന ചെയ്ത് കൊണ്ടാണ് ഹാക്കർ ഇത് അറിയിച്ചിട്ടുള്ളത്. നിങ്ങളുടെ ഉപയോക്താക്കള്‍ക്ക് ട്വിറ്ററിലുള്ള വിശ്വാസം നഷ്ടപ്പെടുകയും, അങ്ങനെ നിങ്ങളുടെ നിലവിലെ വളര്‍ച്ചയും പ്രശസ്തിയും മുരടിപ്പിക്കുകയും ചെയ്യുമെന്ന് ഹാക്കര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ ട്വിറ്ററിലെ ഹാക്കിങ്ങിനെ (Twitter hacking) കമ്പനിയോ മസ്കോ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.