വ്യാജ കോളുകളും എസ്എംഎസ്സുകളും കണ്ടെത്തുന്നതിനും, തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതമാകുന്നതിനും Truecaller ഇന്ന് മിക്കവരും ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ്. ഇന്ന് പണമിടപാടുകൾ വലിയ തോതിൽ ഓൺലൈനായി നടക്കുന്ന സാഹചര്യത്തിൽ, ഹാക്കർമാരെയും പണം തട്ടിപ്പുകാരെയും പ്രതിരോധിക്കുന്നതിനായി ട്രൂകോളറും പുതിയ സുരക്ഷാസംവിധാനങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഫലമെന്നോണം, ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വി ഐ(വോഡഫോൺ-ഐഡിയ) എന്നിവരുമായി ട്രൂകോളർ കൈകോർക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. നിലവിലെ സുരക്ഷാ സംവിധാനങ്ങൾ ടെലികോം കമ്പനികളുമായി സഹകരിച്ച് മെച്ചപ്പെടുത്തുക എന്നതാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
സാധനങ്ങൾ വാങ്ങുന്നതിനായാലും, സിനിമ ടിക്കറ്റ് എടുക്കാനായാലും, ഓൺലൈൻ പർച്ചേസിങ്ങിനായാലുമെല്ലാം ഇന്ന് യുപിഐ ആപ്പുകളും മറ്റും ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. നമ്മുടെ പണം കൈക്കലാക്കാനുള്ള നിരവധി വഴികൾ ഇന്ന് തട്ടിപ്പുകാർക്ക് ഇതിൽ ലഭിക്കുന്നു. അതുപോലെ ഓൺലൈൻ പർച്ചേസ് ഏജന്റാണെന്ന് നടിച്ച് വീട്ടിൽ വന്നും ചിലർ പണം തട്ടിപ്പ് നടത്തുന്നു.
ഇതിനെല്ലാം ഇവർ ഉപയോഗിക്കുന്ന സ്പാം എസ്എംഎസുകളും കോളുകളും തടയാൻ ആൻഡ്രോയിഡ് ഫോണുകളിലെ ട്രൂകോളറിൽ ഇതിനകം നിരവധി സൌകര്യങ്ങളുണ്ട്. ഇതിന് പുറമെ, ഇനിമുതൽ ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളുമായും പങ്കാളിത്തം ഉണ്ടാക്കിയാൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താമെന്നാണ് കമ്പനി വിലയിരുത്തുന്നത്. തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന കോളുകളെയും എസ്എംഎസ്സുകളെയും ലിങ്കുകളെയും ഒരുപരിധി വരെ ട്രാക്ക് ചെയ്യാൻ ഒരുപക്ഷേ ഈ കൂട്ടുകെട്ടിലൂടെ സാധിക്കും.
കൂടാതെ, സൈബർ ലോകം കൂടുതൽ സുരക്ഷിതമാക്കാൻ AI ഉപയോഗിച്ചുകൊണ്ടുള്ള സംവിധാനങ്ങൾ അവതരിപ്പിക്കാനും ട്രൂകോളർ താൽപ്പര്യപ്പെടുന്നുവെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.