ഇന്ന് ദിനംപ്രതി ഓൺലൈൻ തട്ടിപ്പ് കേസുകൾ വർധിക്കുന്നു. അതും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന WhatsApp വഴിയാണ് കൂടുതലായും ഇത്തരം കെണികൾ ഒരുക്കുന്നത്. ഇന്ത്യയിൽ നിന്ന് പ്രതിമാസം 500 ദശലക്ഷം ആളുകളാണ് WhatsApp ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ജനപ്രിയ ആപ്പിനെ പരമാവധി പ്രയോജനപ്പെടുത്താൻ തട്ടിപ്പുകാരും ശ്രമിക്കുന്നു.
എങ്കിലും, വാട്സ്ആപ്പ് തട്ടിപ്പുകളെ നിയന്ത്രിക്കാൻ Truecallerലൂടെ സാധിക്കും. വാട്സ്ആപ്പിലെ സ്പാം സന്ദേശങ്ങൾ തിരിച്ചറിയാനും അവയെ തടയുന്നതിനും ട്രൂകോളറും മെറ്റയും പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഇതുവഴി സ്പാം കോളുകളെ തടയാനുള്ള സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കോളർ ഐഡന്റിഫിക്കേഷൻ സേവനം വാട്സ്ആപ്പിൽ ലഭ്യമാക്കാനും കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സാധിക്കും. നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണെങ്കിലും, മെയ് മാസം അവസാനത്തോടെ ഇത് ആഗോളതലത്തിൽ ലഭ്യമാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനായി ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിലെ Truecaller ബീറ്റ ഇൻസ്റ്റാൾ ചെയ്യുക.
ആപ്പിൽ ജോയിൻ ചെയ്ത ശേഷം WhatsAppന്റെയും മറ്റ് മെസേജിങ് ആപ്പുകളുടെയും കോളർ ഐഡി പ്രവർത്തനക്ഷമമാക്കുക.
ശേഷം, ട്രൂകോളർ തുറന്ന് സെറ്റിങ്സ് തുറക്കുക.
വാട്സ്ആപ്പിൽ വരുന്ന പരിചയമില്ലാത്ത കോളുകൾ തിരിച്ചറിയുന്നതിനായി കോളർ ഐഡിയിൽ ടാപ്പ് ചെയ്‌ത് ടോഗിൾ ഓണാക്കുക.
ശേഷം, പുതിയ ഫീച്ചർ ഉപയോഗിച്ച് ഉറപ്പാക്കുക. കൂടാതെ എന്തെങ്കിലും ബഗുകളോ ഫീഡ്‌ബാക്കോ Truecallerലേക്ക് റിപ്പോർട്ട് ചെയ്യുക.
ഇന്ത്യയിലാവട്ടെ ഒരാൾക്ക് പ്രതിദിനം ശരാശരി അനാവശ്യമായി ലഭിക്കുന്നത് 17 കോളുകളാണ്. അതിനാൽ തന്നെ ടെലികോം മേഖലയിൽ AI സേവനം പ്രയോജനപ്പെടുത്തണമെന്നും, അനാവശ്യ ഇൻകമിങ് കോളുകളെ തടയണമെന്നും ടെലികോം അതോറിറ്റി നിർദേശം വച്ചിരുന്നു. ഇതിന്റെ ഭാഗമായി റിലയൻസ് ജിയോ, എയർടെൽ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാരുമായി ട്രൂകോളർ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.