Telegram CEO, സ്ഥാപകനുമായ പവേൽ ദുരേവിന്റെ അറസ്റ്റിൽ കമ്പനിയുടെ പ്രതികരണം. ടെലഗ്രാം സിഇഒയ്ക്ക് ഒന്നും ഒളിയ്ക്കാനോ മറയ്ക്കാനോ ഇല്ലെന്നാണ് ആപ്പ് പ്രതികരിച്ചത്. എയർപോർട്ടിൽ നിന്ന് ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ടെലഗ്രാം കമ്പനി അഭിപ്രായം പങ്കുവച്ചത്.
ആപ്ലിക്കേഷനിലെ ഉള്ളടക്കം മോഡറേഷൻ ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടു എന്നതാണ് കുറ്റം. ടെലഗ്രാമിൽ ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് മതിയായ പ്രതിരോധം കമ്പനി സ്വീകരിച്ചില്ല.
പവൽ ദുറോവിനെ പാരീസിന് വടക്കുള്ള ലെ ബൂർഗെറ്റ് എയർപോർട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 8 മണിയ്ക്കായിരുന്നു (പ്രാദേശിക സമയം) അറസ്റ്റ്. ലഹരികടത്ത്, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ പോലുള്ളവ ടെലഗ്രാമിലൂടെ നടന്നിട്ടും നടപടി കൈകൊണ്ടില്ല. സൈബര്‍ ബുള്ളിയിങ് പോലുള്ള പ്രശ്നങ്ങളെയും പ്ലാറ്റ്ഫോം പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തി. ഇതേ തുടർന്നാണ് സ്ഥാപകനും സിഇഒയുമായ ദുരവിനെതിരെ നിയമനടപടി സ്വീകരിച്ചത്.
ഈ നിയമനടപടി അസംബന്ധമാണെന്നാണ് ടെലഗ്രാം വിശദമാക്കിയത്. സംഭവത്തിൽ കമ്പനിയുടെ പ്രതികരണം എങ്ങനെയാണെന്നത് വിശദമായി അറിയാം.
നിലവിൽ ടെലഗ്രാം ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെസേജിങ് ആപ്പാണ്. ഇതിന്റെ സിഇഒയ്ക്ക് റഷ്യയുടെയും യുഎഇയുടെയും പൗരത്വമുണ്ട്. ടെലഗ്രാം ഞായറാഴ്ച ഒരു പ്രസ്താവനയിലൂടെ പ്രതികരണം നടത്തി എന്നാണ് ഫിനാഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
“വ്യാവസായിക മാനദണ്ഡങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടെലഗ്രാം. ഇതിനായി പ്ലാറ്റ്ഫോം നിരന്തരം മെച്ചപ്പെടുന്നുണ്ട്. ഡിജിറ്റൽ സേവന നിയമം ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങൾ കമ്പനി പാലിക്കുന്നുണ്ട്.
യൂറോപ്യൻ യൂണിയന്റെ ഉൾപ്പെടെയുള്ള നിയമങ്ങൾ ടെലഗ്രാം പാലിക്കുന്നു. ഈ വർഷം വന്ന ഡിജിറ്റൽ സർവ്വീസ് ആക്ടിനെയും പ്ലാറ്റ്ഫോം പിന്തുടരുന്നു. ഹാനികരമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളും കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാൻ ഇത് നിർദേശിക്കുന്നു. ഇവയ്ക്ക് അപകടസാധ്യതയുള്ള പിഴകൾ നൽകാനോ ബ്ലോക്ക് ചെയ്യാനോ നിയമം അനുശാസിക്കുന്നു.
ഒരു പ്ലാറ്റ്‌ഫോമിന്റെ ഉടമ അതിലെ ദുരുപയോഗത്തിന് ഉത്തരവാദികളാണെന്ന് സമർഥിക്കുന്നത് അസംബന്ധമാണ്. ടെലിഗ്രാം പറഞ്ഞു. ഈ സാഹചര്യത്തിൽ പെട്ടെന്നുള്ള പരിഹാരത്തിനായി കാത്തിരിക്കുകയാണ്.” ടെലഗ്രാം നിങ്ങൾക്ക് എല്ലാവർക്കുമൊപ്പമുണ്ട് എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തിരിക്കുന്നു.
ദുരേവിനെ തടവിലാക്കിയത് സോഷ്യൽ മീഡിയ മേധാവിക്കെതിരായ ഏറ്റവും കടുത്ത ദേശീയ നടപടിയാണെന്ന് വ്യക്തമാക്കുന്നു. പ്ലാറ്റ്‌ഫോമുകൾ ഓൺലൈൻ സുരക്ഷയ്‌ക്കോ സംസാര സ്വാതന്ത്ര്യത്തിനോ മുൻഗണന നൽകണമെന്നതിലേക്കും ഇത് വഴിവയ്ക്കുന്നു. പ്ലാറ്റ്ഫോമുകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി ആണെന്നാണ് ഇതിലൂടെ ടെലഗ്രാം ആരോപിക്കുന്നത്.
പവേൽ ദുരേവിന്റെ അറസ്റ്റിൽ യൂറോപ്യൻ അധികൃതർക്ക് എതിരെ എലോൺ മസ്ക് പ്രതികരിച്ചു. എക്സ് ഉടമയും ശതകോടീശ്വരനുമായ മസ്ക് ദുരേവിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. “ഇന്ന് ടെലഗ്രാം ആണ്. നാളെ X ആകും,” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.