WhatsApp ഓരോ ദിവസവും അപ്ഡേഷനിലൂടെ കടന്നുപോകുകയാണ്. ലോകമെമ്പാടുമായി 2 ബില്ല്യണിലധികം ആളുകളാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ മെസേജിങ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. വാട്സ്ആപ്പ് സ്റ്റാറ്റസുകളും വളരെ ജനപ്രിയമാണ്. ഇപ്പോഴിതാ മെറ്റ പുതിയതായി കൊണ്ടുവരുന്ന അപ്ഡേഷൻ അതിന്റെ Status സെഷനിലാണ്.
വാട്സ്ആപ്പ് ചാനൽ ഫീച്ചർ വന്നതോടെ ചിലർക്കെല്ലാം സ്റ്റാറ്റസ് മുമ്പ് കാണുന്ന രീതിയിൽ നിന്ന് അസൌകര്യം വന്നിട്ടുണ്ടാകും. ഇതിനുള്ള പോംവഴിയാണ് പുതിയ അപ്ഡേഷനിലൂടെ കമ്പനി അവതരിപ്പിക്കുന്നത്. WABetaInfo ആണ് വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചറിനെ കുറിച്ച് വിവരിക്കുന്നത്. ഇനിമുതൽ ചാറ്റ് വിൻഡോയിലുള്ള കോൺടാക്റ്റിന്റെ പേരിന് കീഴിൽ സ്റ്റാറ്റസ് കാണിക്കാൻ കമ്പനി പദ്ധതിയിടുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതായത്, സുഹൃത്തുക്കളുടെ സ്റ്റാറ്റസും ലാസ്റ്റ് സീനും ഇവിടെയായിരിക്കും കാണാനാകുക. ഇതിലൂടെ സുഹൃത്തുക്കളുടെ സ്റ്റാറ്റസും അപ്ഡേഷനും എളുപ്പം കാണാനുള്ള ഫീച്ചറാണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്. ഇത് ഇപ്പോൾ പരീക്ഷണത്തിലാണ്. വളരെ പെട്ടെന്ന് തന്നെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
സ്റ്റാറ്റസ് മാത്രമല്ല, നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റിലെ ആളുകൾ ലാസ്റ്റ് സീൻ ദൃശ്യമാകുന്നത് ആക്ടീവ് ചെയ്തിട്ടുണ്ടെങ്കിൽ അതും ഇതേ ഭാഗത്ത് തന്നെയാണ് കാണാനാകുക. ഇതുവരെ പ്രൊഫൈലിൽ ടാപ്പ് ചെയ്തോ, സ്റ്റാറ്റസ് എന്ന സെഷനിൽ ടാപ്പ് ചെയ്തോ ആയിരുന്നു സ്റ്റാറ്റസ് കണ്ടിരുന്നത്. എന്നാൽ ചാറ്റ് സെഷനിൽ തന്നെ ഇതിനുള്ള സംവിധാനം ഒരുക്കുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകുന്നു.
ഡെസ്‌ക്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളിലെ വാട്സ്ആപ്പിലാണ് മെറ്റ ഏറ്റവും പുതിയ ഫീച്ചർ കൊണ്ടുവന്നിട്ടുള്ളത്. ഇതുവരെ ഫോണിലെ ആപ്ലിക്കേഷനിൽ മാത്രം ലഭ്യമായിരുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വെബ്ബിലേക്കും അവതരിപ്പിക്കുന്നത്. ഫോട്ടോയും വീഡിയോയും ഒറ്റത്തവണ മാത്രം കാണാവുന്ന ഫീച്ചർ വാട്സ്ആപ്പിലുണ്ട്. ഈ വ്യൂ വൺസ് ഫീച്ചർ ഇനിമുതൽ ഡെസ്ക്ടോപ്പിലെ വാട്സ്ആപ്പിലും ലഭിക്കുന്നതാണ്.
ഫോട്ടോകളുടെയും വീഡിയോകളുടെയും ഇങ്ങനെ ഒരിക്കൽ മാത്രമ കാണുന്ന ഫീച്ചറുകളിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യത കൂടുതൽ ഉറപ്പിക്കാൻ സാധിക്കുന്നു. ഫോണോ, കമ്പ്യൂട്ടറോ എന്ത് ഉപയോഗിച്ചാലും സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാനാകും എന്നാണ് വാട്സ്ആപ്പ് ഇതിലൂടെ വ്യക്തമാക്കുന്നത്.
Read More: 10000 രൂപയ്ക്ക് പുത്തൻ ബജറ്റ് സ്മാർട്ട് ഫോൺ ഒരുക്കി Redmi
അതുപോലെ വാട്സ്ആപ്പ് ചാനലുകൾ കൂടുതൽ ആകർഷകമാക്കുന്നതിന് സ്റ്റിക്കർ ഫീച്ചർ കൊണ്ടുവരാനും കമ്പനി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച വാട്സ്ആപ്പ് ചാനലിന്റെ ഒരു റെക്കോഡ് നേട്ടവും മാർക്ക് സക്കർബർഗ് പങ്കുവച്ചിരുന്നു. വാട്സ്ആപ്പ് ചാനൽ 500 മില്യൺ വാട്സ്ആപ്പ് യൂസേഴ്സിനെ കൈവരിച്ചുവെന്നാണ് അദ്ദേഹം അറിയിച്ചത്.